സംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക; പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചത് ഡിസിസി അദ്ധ്യക്ഷ പദവി നോട്ടമിട്ടവരില്‍ ഒരാള്‍; ജില്ലയിലെ പ്രധാന നേതാക്കള്‍ക്കും പങ്ക്? അന്വേഷണത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നിയോഗിച്ച് പാര്‍ട്ടി
സംഘടനാ പദവികള്‍ കണ്ണുനട്ടുള്ള വിഭാഗീയത കോണ്‍ഗ്രസില്‍ വീണ്ടും ശക്തമാകുന്നുവെന്ന് കെപിസിസിക്ക് ആശങ്ക
തിരുവനന്തപുരം: പാലോട് രവിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവം, കെപിസിസി അച്ചടക്കസമിതി അധ്യക്ഷന്‍ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അന്വേഷിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പദവികളില്‍ കണ്ണുനട്ടുള്ള വിഭാഗീയത വീണ്ടും തല പൊക്കുന്നതാണോ എന്ന് കെപിസിസിക്ക് ആശങ്കയുണ്ട്. പാര്‍ട്ടിയില്‍ ഉള്‍പ്പോര് ഏറ്റവും കുറഞ്ഞ സമയമാണിതെന്നാണ് തിരുവഞ്ചൂരിന്റെ അഭിപ്രായം.
പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ വിവാദ ഫോണ്‍ സംഭാഷണ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമെന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്. ' എന്നിരുന്നാലും അന്വേഷണം എല്ലാ വശങ്ങളെയും സ്പര്‍ശിക്കും. പാര്‍ട്ടിയെ കൂടുതല്‍ കരുത്തുറ്റതാക്കാനും തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് പ്രവര്‍ത്തകരുടെ മനോവീര്യം ഉയര്‍ത്താനുമായിരിക്കും ലക്ഷ്യമിടുക. ആരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവയ്ക്കാന്‍ ആയിരിക്കില്ല ശ്രമിക്കുക. ഓഗസ്റ്റ് 31ന് ഞാന്‍ കെപിസിസി ആസ്ഥാനത്തുണ്ടാകും. ബന്ധപ്പെട്ട കക്ഷികളില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്'- തിരുവഞ്ചൂര്‍ ദി ഹിന്ദുവിനോട് പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടവരില്‍ ഒരാളാണ് ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നിലെന്നാണ് ആരോപണം. അതേസമയം, വിവാദ പരാമര്‍ശങ്ങളില്‍ പാലോട് രവി മാപ്പ് പറഞ്ഞു. അദ്ദേഹം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഡിസിസിയുടെ താല്‍ക്കാലിക അധ്യക്ഷനായി എന്‍.ശക്തനും ചുമതലയേറ്റു. ഫോണ്‍ സംഭാഷണം ചോര്‍ത്തി ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി പുല്ലമ്പാറ ജലീലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ശബ്ദരേഖ ചോര്‍ത്തി പ്രചരിപ്പിച്ചതിന് പിന്നില്‍ ജില്ലയിലെ പ്രധാന നേതാക്കള്‍ക്ക് തന്നെ പങ്കുണ്ടെന്നാണ് പാര്‍ട്ടി സംശയിക്കുന്നത്.
അതിനിടെ, താല്‍ക്കാലിക അധ്യക്ഷ പദവി മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ ഏറ്റെടുത്തു. ചടങ്ങിനെത്തിയ പാലോട് രവി മഹത് വചനങ്ങള്‍ക്ക് ഉദ്ദേശ്യ ശുദ്ധിയാല്‍ മാപ്പ് നല്‍കൂവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയോട് മാപ്പ് പറഞ്ഞതാണോ എന്ന ചോദ്യത്തിന് അങ്ങനെ വ്യാഖ്യാനിക്കാം എന്ന് പാലോട് രവി കൂട്ടിച്ചേര്‍ത്തു.
തദ്ദേശ-നിയമസഭ തിരഞ്ഞെടുപ്പുകള്‍ കഴിയുമ്പോള്‍ കോണ്‍ഗ്രസിന് അധോഗതിയായിരിക്കുമെന്നും കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നുമായിരുന്നു പാലോട് രവിയുടെ ചോര്‍ന്ന ഫോണ്‍സംഭാഷണത്തിലുള്ളത്. എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും ബിജെപി 60 മണ്ഡലങ്ങളില്‍ അന്‍പതിനായിരം വോട്ടുകള്‍വരെ പിടിക്കുമെന്നും ജലീലുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് പറയുമ്പോഴായിരുന്നു പാലോട് രവിയുടെ ഈ പരാമര്‍ശങ്ങള്‍. കോണ്‍ഗ്രസിന്റെ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലുമായി പാലോട് രവി ഏപ്രില്‍ നടത്തിയ ഫോണ്‍സംഭാഷണമാണ് പുറത്തെത്തിയത്.