സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിപ്പ് വീണ്ടും ലംഘിച്ച് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍; പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തവര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായി; കോണ്‍ഗ്രസും കൈ അയച്ച് സഹായിച്ചു
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വിപ്പ് വീണ്ടും ലംഘിച്ച് തോട്ടപ്പുഴശേരി പഞ്ചായത്തംഗങ്ങള്‍
പത്തനംതിട്ട: രണ്ടു ജില്ലാ സെക്രട്ടറിമാരുടെ വിപ്പ് രണ്ട് തവണയായി ലംഘിച്ച് സിപിഎമ്മിന്റെ പഞ്ചായത്തംഗങ്ങള്‍. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ വിപ്പ് ലംഘിച്ച് ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ച് പ്രസിഡന്റും വൈസ് പ്രസിഡന്റുമാവുകയും ചെയ്തു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തോട്ടപ്പുഴശേരി പഞ്ചായത്തിലാണ് സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടവര്‍ പ്രസിഡന്റും വൈസ് പ്രസിഡന്റുമായത്. കോണ്‍ഗ്രസിലെ മൂന്നംഗങ്ങള്‍ നിരുപാധികം ഇവരെ സഹായിച്ചു. ബി.ജെ.പി ഒറ്റയ്ക്കും മത്സരിച്ചു.
തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട അഡ്വ.ആര്‍. കൃഷ്ണകുമാറും വൈസ് പ്രസിഡന്റായി സിസിലി തോമസും തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം ജില്ലാ സെക്രട്ടറി നല്‍കിയ വിപ്പ് ലംഘിച്ച് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതിന് സസ്പെന്‍ഷനിലായത് ഇവര്‍ അടക്കം നാല് അംഗങ്ങള്‍ ആയിരുന്നു. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍. കൃഷ്ണകുമാറിന് ഏഴ് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി കെ. പ്രജീഷിനും സി.പി.എംസ്ഥാനാര്‍ഥി അജിത ടി. ജോര്‍ജിനും മൂന്ന് വോട്ട് വീതവും ലഭിച്ചു.
ഉച്ചക്ക് ശേഷം നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.എം വിമത സിസിലിക്ക്
ഏഴും ഇടത് സ്ഥാനാര്‍ഥി ഷെറിന്‍ റോയിക്ക് മൂന്നും ബി.ജെ.പി സ്ഥാനാര്‍ഥി രശ്മി ആര്‍. നായര്‍ക്ക് രണ്ടും വോട്ടുകള്‍ വീതമാണ് ലഭിച്ചത്. കഴിഞ്ഞ 19 ന് പഞ്ചായത്തില്‍ നടന്ന അവിശ്വാസ പ്രമേയത്തില്‍ പ്രസിഡന്റ് സി.എസ്.ബിനോയിയും വൈസ്പ്രസിഡന്റ് ഷെറിന്‍ റോയിയും പുറത്തായിരുന്നു. ഇതിന് പിന്നാലെ സ്ഥിരം സമിതിഅധ്യക്ഷനായ കൃഷ്ണകുമാറിന് പ്രസിഡന്റ് ചുമതല ലഭിച്ചതും പാര്‍ട്ടിക്ക്
തിരിച്ചടിയായി.
അഞ്ചംഗങ്ങളുളള സി.പി.എമ്മിലെ നാലംഗങ്ങള്‍ അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി.ഉദയഭാനു നല്‍കിയ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളുടെ പിന്തുണയോടെ രണ്ട് അവിശ്വാസ പ്രമേയവും വിജയിപ്പിച്ചു. പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെ പാര്‍ലമന്ററി പാര്‍ട്ടി നേതാവും പാര്‍ട്ടി ലോക്കല്‍ കമ്മറ്റിംഗവുമായഅഡ്വ.ആര്‍.കൃഷ്ണകുമാര്‍, നെടുംപ്രയാര്‍ ബ്രാഞ്ച് സെക്രട്ടറി റെന്‍സിന്‍
കെ.രാജന്‍, ബ്രാഞ്ച് കമ്മറ്റിയംഗങ്ങളായ സിസിലി തോമസ്, റീനാ തോമസ്എന്നിവരെ പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ്
ചെയ്തിരുന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അജിതാ ടി.ജോര്‍ജിന് വോട്ട് നല്‍കി ഈ നിര്‍ദ്ദേശം നടപ്പാക്കി അനുസരിക്കണമെന്ന് സസ്പെന്‍ഡ്‌ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് സി.പി.എം. ജില്ലാ സെക്രട്ടറി വിപ്പ് നല്‍കിയിരുന്നുവെങ്കിലും അത് പാലിക്കപ്പെട്ടില്ല. അവിശ്വാസ പ്രമേയത്തിന്റെ വിഷയത്തില്‍ വിപ്പിന്റെ അവസാന വരിയില്‍ പ്രയോഗിച്ചത് പോലെ ഈ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് വരണാധികാരിക്ക് നല്‍കിയെന്നും വിപ്പില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ അനിതാ ടി. ജോര്‍ജിന്റെ പേര് ആര് നിര്‍ദ്ദേശിക്കണമെന്നും ആര് പിന്തുണയ്ക്കണമെന്നും പരാമര്‍ശം ഉണ്ടായിരുന്നില്ല. പാര്‍ട്ടി നടപടി എടുത്തവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് നടപടി നേരിട്ടവര്‍ നിരാകരിക്കുകയും ചെയ്തു.
തങ്ങളുടെ സ്വാധീനം അറിയാക്കാന്‍ വേണ്ടി ബി.ജെ.പി. പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് നാലാം വാര്‍ഡംഗം കെ.പ്രജീഷും വൈസ് പ്രസിഡന്റായി രശ്മി ആര്‍. നായരും മത്സരിക്കുകയായിരുന്നു. ബി.ജെ.പി. ക്ക് പഞ്ചായത്ത് ഭരണത്തിലുളള സ്വാധീനം ഒഴിവാക്കാനുളള നീക്കം പാര്‍ട്ടി നടത്തുമെന്നും ആ നിലപാടാണ് പഞ്ചായത്തംഗങ്ങള്‍ക്ക് ഉളളതെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു ജെ. ജോര്‍ജ് അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയതല്ലാതെ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.സി.സി അംഗം അഡ്വ ടി.കെ. രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.