പാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ; വിജയിക്കേണ്ടത് അനിവാര്യതയായ ചേലക്കരയില്‍ യുആര്‍ പ്രദീപിനെ കളത്തിലിറക്കാന്‍ സിപിഎം; വയനാട്ടില്‍ സ്ഥാനാര്‍ഥിയായി സിപിഐ പരിഗണിക്കുക പ്രാദേശിക നേതാക്കളെ; ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളി

പാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ

Update: 2024-10-15 12:19 GMT

പാലക്കാട്: പി വി അന്‍വര്‍ ഉയര്‍ത്തിവിട്ട രാഷ്ട്രീയ വിവാദങ്ങളും സര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും ശക്തമായിരിക്കവേയാണ് കേരളത്തില്‍ ഉപതിരഞ്ഞെടുപ്പിന് അവസരം ഒരുങ്ങുന്നത്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ചേലക്കര നിയമസഭാ മണ്ഡലം നിലനിര്‍ത്തുക എന്നതാണ് പ്രധാന വെല്ലുവിളി. പാലാക്കാട് നിയമസഭാ മണ്ഡലത്തിലും വയനാട് മണ്ഡലത്തിലും ഇടതു മുന്നണിക്ക് ഇപ്പോഴത്തെ നിലയില്‍ സാധ്യത ഇല്ല. അതുകൊണ്ട് തന്നെ കെ രാധാകൃഷ്ണന്‍ ഒഴിഞ്ഞ മണ്ഡലം കൈവിട്ടു പോകാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കേണ്ടി വരും.

ഇവിടെ മുന്‍ എംഎല്‍എ ആയിരുന്ന യുആര്‍ പ്രദീപിനെ മത്സര രംഗത്തിറക്കാനാണ് സിപിഎം ഒരുങ്ങുന്നത്. ക്ലീന്‍ ഇമേജുള്ള നേതാവ് എന്നതില്‍ ഉപരി മണ്ഡലത്തെയു അടുത്തറിയുന്ന വ്യക്തിയാണ് പ്രദീപ്. അതുകൊണ്ട്് തന്നെ മണ്ഡലം കൈവിട്ടുപോകാതിരിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാകും സിപിഎം. കേരളത്തില്‍ ഭരണ വിരുദ്ധ വികാരമില്ല എന്ന് വാദിക്കുന്ന മുന്നണിക്ക് ഇവിടെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിയുടെ ആഘാതത്തില്‍ നിന്നും കരകയറാന്‍ സിപിഎമ്മിന് ചേലക്കരയിലെ വിജയം അനിവാര്യമാണ്.

എല്ലാ സമുദായത്തിനും നിര്‍ണായക റോളുള്ള മണ്ഡലമാണ് ചേലക്കര. അതുകൊണ്ട് തന്നെ നിലവിലെ രാഷ്ട്രീയ - സമൂഹിത സാഹചര്യം നിര്‍ണായകമാകും. അതേസമയം സിപിഎമ്മിന് മണ്ഡലത്തിലുള്ള വേരോട്ടത്തിലാണ് അവരുടെ പ്രതീക്ഷ. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കുമെന്നാണ് സൂചന. ഇവിടെ സിപിഎമ്മിന് കാര്യമായ പ്രതീക്ഷകള്‍ ഇലലാത്ത മണ്ഡലമാണ്. ബിനുമോള്‍ക്ക് പ്രഥമ പരിഗണന നല്‍കാന്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു. അന്തരിച്ച സിപിഎം നേതാവ് ഇമ്പിച്ചിബാവയുടെ മരുമകളാണ്.

മലമ്പുഴ ഡിവിഷനില്‍ നിന്നാണ് ബിനുമോള്‍ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ആണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കൂടിയാണ്. ഇവര്‍ അല്ലാതെ മറ്റു സ്ഥാനാര്‍ഥിയുടെ പേരിലേക്ക് സിപിഎം എത്തിയിട്ടില്ല. ബിജെപി- കോണ്‍ഗ്രസ് പോരാട്ടം നേര്‍ക്കുനേര്‍ നടക്കുന്ന മണ്ഡലത്തില്‍ അടിയൊഴുക്കു സാധ്യതയും ശക്തമാണ്.

കഴിഞ്ഞ തവണ ഷാഫി പറമ്പില്‍ വിജയിച്ചത് സിപിഎം വോട്ടുകളുടെ കൂടി ബലത്തിലാണ്. എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം സ്ഥാനാര്‍ഥിയാകുമ്പോള്‍ സിപിഎം വോട്ടുകള്‍ മറിയുമോ എന്നതാണ് അറിയേണ്ടത്. തൃശ്ശൂരില്‍ അടക്കം സിപിഎം-ബിജെപി ധാരണയെന്ന വിവാദം ശക്തമായി ഉയര്‍ന്നിരുന്നു. ഈ വിഷയങ്ങള്‍ അടക്കം മണ്ഡലത്തില്‍ ചര്‍ച്ചയാകും. ഇതോടെ തീപാറുന്ന പോരാട്ടത്തിനാകും കളമൊരുങ്ങുക.

പ്രിയങ്ക ഗാന്ധി കന്നി പോരാട്ടത്തിനിറങ്ങുന്ന വയനാട്ടില്‍ ആരും അത്ഭുതങ്ങള്‍ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെ സിപിഐ പ്രാദേശിക നേതാക്കളെയാകും മത്സരിപ്പിക്കുക. രാഹുലിനെതിരെ ആനി രാജയെ മത്സരത്തിന് നിയോഗിച്ചതില്‍ പിന്നീട് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രാദേശിക നേതാക്കളെ നിര്‍ത്തി പേരിന് മത്സരം എന്നതാകും സിപിഎം ശൈലി. അതേസമയം ബിജെപി സന്ദീപ് വാര്യര്‍ അടക്കമുള്ള പേരുകല്‍ പരിഗണിച്ചേക്കും.

മുന്ന് മണ്ഡലങ്ങളിലും ഇപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നാണ് നടക്കുന്നത്. മൂന്നിടത്തും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി 25 ആണ്. സൂക്ഷ്മ പരിശോധന 28ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 30 ആണ്. അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കല്‍പ്പാത്തി രഥോത്സവം നടക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് മാറ്റണമെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന. ഇത് തെരഞ്ഞെടുപ്പു കമ്മീഷന്‍ കണക്കിലെടുക്കുമോ എന്നാണ് അറിയേണ്ടത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തും വിജയം എല്‍ഡിഎഫിനൊപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന്് പാര്‍ട്ടി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ് യുഡിഎഫ് സമാവാക്യം ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളില്‍ രാഹുല്‍ ഗാന്ധി വിജയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം വയനാട് ഒഴിയുകയായിരുന്നു. പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് വിജയിച്ചതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ചേലക്കരയിലെ എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണന്‍ ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. അദ്ദേഹം എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനെ കളമൊരുങ്ങിയിരിക്കുന്നത്.

Tags:    

Similar News