മന്ത്രിയായതോടെ പി രാജീവ് ജില്ലയിലെ തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടുന്നില്ല; വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല; പോലീസ് സ്റ്റേഷനുകള്‍ ബിജെപിക്കാരുടെ കയ്യില്‍; സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനും ആഭ്യന്തര വകുപ്പിനും രൂക്ഷ വിമര്‍ശനം

Update: 2025-01-27 02:23 GMT

കൊച്ചി: സിപിഎം എറണാകുളം ജില്ലാ സമ്മേളനത്തില്‍ മന്ത്രി പി രാജീവിനെ വിമര്‍ശിച്ച് സമ്മേളന പ്രതിനിധികള്‍. ആഭ്യന്തര വകുപ്പിനെയും സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനം നേരിടേണ്ടി വന്നു. തൊഴിലാളി വിഷയത്തില്‍ ഇടപെട്ട് നേതാവായ വ്യവസായ മന്ത്രി ജില്ലയിലെ തൊഴില്‍പ്രശ്‌നങ്ങളില്‍ പോലും ഇടപെടുന്നില്ലെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

ജില്ലയിലെ പൊലീസ് സ്റ്റേഷനുകള്‍ ബി.ജെ.പിയുടെ കയ്യിലായെന്ന് ഒരു വിഭാഗം സമ്മേളനത്തില്‍ ആരോപിച്ചു. പാര്‍ട്ടിക്കാര്‍ക്ക് പൊലീസിന്റെ മര്‍ദനം ഏല്‍ക്കേണ്ട സാഹചര്യമാണുള്ളത്. പൊലീസ് പാര്‍ട്ടിക്കാരുടെ പരാതികള്‍പോലും കേള്‍ക്കുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നു. വനം മന്ത്രിയെയും സമ്മേളന പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

പൊലീസ് ഇടത് സര്‍ക്കാരിന്റെ മുഖം വികൃതമാക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമുണ്ട്. പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ എത്തുന്ന പാര്‍ട്ടിക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ട സാഹചര്യമാണ്. സ്റ്റേഷന്‍ ഓഫീസര്‍മാര്‍ പലരും ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു. പൊലീസിനെ അഴിച്ചു വിടരുതെന്നും സമ്മേളന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും പൊലീസ് ഭീകരത എന്നത് മാധ്യമസൃഷ്ടി മാത്രമാണെന്നും നേതൃത്വം വിമര്‍ശനത്തിനു മറുപടി നല്‍കി.

വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനം വകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ല, നഷ്ടപരിഹാര ചെക്ക് ഒപ്പിടാന്‍ മാത്രം ഒരു വനമന്ത്രി എന്തിനാണെന്ന് സിപിഐഎം സമ്മേളന പ്രതിനിധികള്‍ ചോദിച്ചു. വീഴ്ച വനം വകുപ്പിന് ആണെങ്കിലും മലയോരമേഖലകളില്‍ പ്രതിഷേധം പാര്‍ട്ടിക്കെതിരെ ആണെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തി.

എറണാകുളം ജില്ലയിലെ സിപിഎം സമ്മേളനം രണ്ടാം ദിവസത്തിലാണ് വിമര്‍ശനം. ക്ഷേമനിധികളെല്ലാം തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് ധനവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നകെന്നും നിമര്‍ശനം ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ വിമര്‍ശിക്കുന്ന സമീപനമാണ് എറണാകുളം ജില്ലാ സമ്മേളനത്തിലുണ്ടായത്. നാളെയാണ് റിപ്പോര്‍ട്ടില്‍ മറുപടിയുണ്ടാകുക. നാളെ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്.

ജില്ലാ സമ്മേളനം ലക്ഷം പേര്‍ അണിനിരക്കുന്ന ബഹുജന റാലിയോടെ ഇന്ന് സമാപിക്കും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാകും. പുതിയ ജില്ലാ കമ്മറ്റിയേയും സംസ്ഥാന സമ്മേളന പ്രതിനിധിക6ളയും സമ്മേളനം തെരഞ്ഞെടുക്കും. പുതിയ ജില്ലാ കമ്മറ്റി യോഗം ചേര്‍ന്ന് ജില്ലാ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. സി എന്‍ മോഹനന്‍ ജില്ലാ സെക്രട്ടറിയായി തുടരാനാണ് സാധ്യത.

Tags:    

Similar News