പ്രക്കാനത്ത് മത്സരിക്കാന്‍ തയാറെടുത്ത് എട്ടു പേര്‍; പരുമലയില്‍ ബഹിഷ്‌കരിച്ച് 36 പേര്‍; പത്തനംതിട്ടയില്‍ സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ കൊടിനാട്ടി വിഭാഗീയത
സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ കൊടിനാട്ടി വിഭാഗീയത
പത്തനംതിട്ട: ജില്ലയിലെ സി.പി.എം ലോക്കല്‍ സമ്മേളനങ്ങളില്‍ വിഭാഗീയത കൊടി നാട്ടി. ഞായറാഴ്ച നടന്ന പത്തനംതിട്ട ഏരിയ കമ്മറ്റിക്ക് കീഴിലുള്ള പ്രക്കാനം, തിരുവല്ല ഏരിയ കമ്മറ്റിക്ക് കീഴിലുള്ള പരുമല ലോക്കല്‍ സമ്മേളനങ്ങള്‍ തടസപ്പെട്ടു. പ്രക്കാനത്ത് ഉപരികമ്മറ്റി അവതരിപ്പിച്ച പാനലിനെതിരേ എട്ടു പേര്‍ മത്സരരംഗത്ത് എത്തിയതിനെതിനെ തുടര്‍ന്ന് സമ്മേളനം പിരിച്ചു വിട്ടു. പരുമലയില്‍ 36 സമ്മേളന പ്രതിനിധികള്‍ ഇറങ്ങിപ്പോയതാണ് സമ്മേളനം തടസപ്പെടാന്‍ കാരണമായത്.
ശനിയും ഞായറുമായിട്ടാണ് സമ്മേളനങ്ങള്‍ നടന്നത്. പ്രക്കാനത്ത് സമ്മേളനം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം രാജു ഏബ്രഹാമും ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചത്. ജില്ലാ സെക്രട്ടറി സ്ഥലത്ത് എത്തിയെങ്കിലും ചുമതലകള്‍ പറഞ്ഞ് ഏല്‍പ്പിച്ച ശേഷം പരുമലയിലേക്ക് പോയി. തുടര്‍ന്ന് പത്തനംതിട്ട ഏരിയാ സെക്രട്ടറി എം.വി. സഞ്ജുവാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സമാപന പൊതുസമ്മേളനത്തിന് രാജു ഏബ്രഹാം എത്തിയതുമില്ല. അദ്ദേഹം ഉപതെരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിലാണ്.
രൂക്ഷമായ വിമര്‍ശനമാണ് പ്രക്കാനം ലോക്കല്‍ സമ്മേളനത്തില്‍ ഉയര്‍ന്നത്. ഉപരികമ്മറ്റികളില്‍ നിന്ന് എസ്. നിര്‍മലാദേവി, എന്‍. സജികുമാര്‍, എം.വി. സഞ്ജു, ബൈജു ഓമല്ലൂര്‍, ഇന്ദിരാദേവി, രാജേന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്. ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായ പ്രക്കാനം സര്‍വീസ് സഹകരണ സംഘത്തെ ചൊല്ലി രൂക്ഷമായ വിമര്‍ശനം നടന്നു. വിരമിച്ച ജീവനക്കാരടക്കം നാട്ടുകാരുടെ പേരില്‍ ബാങ്കില്‍ ക്രമക്കേട് നടത്തിയെന്ന ആക്ഷേപം സമ്മേളന പ്രതിനിധികള്‍ ഉന്നയിച്ചു.
മുന്‍ സെക്രട്ടറി വിരമിച്ചപ്പോള്‍ പെയ്ഡ് സെക്രട്ടറിയായി ആറുമാസം തുടരാന്‍ അനുവദിച്ചു. ഇത് പിന്നീടുള്ളവരുടെ സ്ഥാനക്കയറ്റത്തെ ബാധിച്ചു. ഈ വിഷയം ലോക്കല്‍ കമ്മറ്റിയില്‍ പരാതിയായി ഉന്നയിച്ചെങ്കിലും ഒന്നും ചെയ്യാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന കമ്മറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അവിടെ നിന്ന് ഇടപെടലുണ്ടായതിനെ തുടര്‍ന്ന് പെയ്ഡ് സെക്രട്ടറി സ്ഥാനം റദ്ദാക്കി. പിന്നീടുള്ളവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. ഇതാണ് രൂക്ഷമായ വിമര്‍ശനത്തിന് ഇടയാക്കിയത്.
ചര്‍ച്ചയ്ക്ക് മറുപടി നല്‍കിയ ശേഷം ലോക്കല്‍ കമ്മറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പാനല്‍ അവതരിപ്പിച്ചു. നിലവിലുള്ള പാനലില്‍ നിന്ന് വനിതയടക്കം രണ്ടു പേരെ ഒഴിവാക്കി വിമതപക്ഷത്ത് നിന്ന് രണ്ടു പേരെക്കൂടി ഉള്‍ക്കൊളളിച്ചുള്ള പാനലാണ് അവതരിപ്പിച്ചത്. ഇതിനെതിരേ എട്ടു പേര്‍ മത്സരിക്കാന്‍ രംഗത്തു വന്നു. പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ ഉപരി കമ്മറ്റിയംഗങ്ങള്‍ അഭ്യര്‍ഥിച്ചെങ്കിലും മത്സരിക്കാന്‍ തയാറെടുത്തു നിന്നവര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് സമ്മേളനം പിരിച്ചു വിടുകയായിരുന്നു.
അറുപതോളം പ്രതിനിധികളാണ് പ്രക്കാനം ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തത്. ഇനി സംസ്ഥാന കമ്മറ്റിയുടെ തീരുമാനം അനുസരിച്ചാകും കാര്യങ്ങള്‍ മുന്നോട്ടു പോവുക. ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത പരുമല ലോക്കല്‍ സമ്മേളനത്തില്‍ രൂക്ഷമായ വിഭാഗീയതയാണ് ഉണ്ടായത്. 52 പ്രതിനിധികളില്‍ 36 പേരും സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള സതീഷ് കുമാറും പങ്കെടുത്ത സമ്മേളനത്തില്‍ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് ഷിബു വര്‍ഗീസിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു.
ഇതില്‍ പ്രതിഷേധിച്ചാണ് 36 അംഗങ്ങള്‍ ഇറങ്ങിപ്പോയത്. മുന്‍ ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി ആന്റണിയുടെ അനുകൂലികളാണ് സമ്മേളനം ബഹിഷ്‌കരിച്ചത്. ഇവിടെയും തുടര്‍ നടപടികള്‍ സംസ്ഥാന കമ്മറ്റി തീരുമാനിക്കും.