'ശൈലജ പി ആര്‍ നിര്‍മ്മിതിയുടെ നേതാവ്; പെന്‍ഷന്‍ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു' എന്ന എം എം മണി പറയുന്നതിന്റെ നാടകീയ വേര്‍ഷനാണ് ശ്രീമതി ശൈലജ പറയുന്നത്; ഈ പെരും നുണകള്‍ ഈ നാട് തിരിച്ചറിയും'; ഓണം അലവന്‍സുമായി ബന്ധപ്പെട്ട് മുന്‍ ആരോഗ്യമന്ത്രിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍
'ശൈലജ പി ആര്‍ നിര്‍മ്മിതിയുടെ നേതാവ്
തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിക്കുന്നതിനിടെ ഓണം അലവന്‍സുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ കെ ശൈലജ പറഞ്ഞ പരാമര്‍ശത്തിന് സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും കടുക്കുകയാണ്. 'ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതുകൊണ്ട് മാത്രമാണിത്' എന്നാണ് ശൈലജ പറഞ്ഞത്. ഈ പരാമര്‍ശത്തെ രാഷ്ട്രീയമായി നേരിടുകയാണ് കോണ്‍ഗ്രസും.
ഇതിനിടൈ കെ കെ ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തുവന്നു. പെരും നുണകളാല്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്നും പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ സൈദ്ധാന്തികമായി കള്ളങ്ങള്‍ പറഞ്ഞു പൊതുബോധങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍, പുതിയ കാലത്ത് അതിന് കഴിവ് ഇല്ലാത്ത കുറെ നേതാക്കള്‍ പച്ചക്ക് വന്നു കള്ളം പറയുന്നുവെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പുതിയ കാലത്തെ പി ആര്‍ നിര്‍മ്മിതികളിലെ ഏറ്റവും ഫേക്ക് ആയ ഒരു നേതാവാണ് കെ കെ ശൈലജയെന്നും രാഹുല്‍ വിമര്‍ശിച്ചു. അവര്‍ അത് പല കുറി തെളിയിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് കൊണ്ട് വന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് നല്ല ബോധ്യമുണ്ടായിട്ടും അങ്ങനെ ഒരു കള്ളം പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. .'പെന്‍ഷന്‍ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു' എന്ന എം എം മണി പറയുന്നതിന്റെ നാടകീയ വേര്‍ഷനാണ് ശൈലജയും പറയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
പെരും നുണകളാല്‍ കെട്ടിപ്പൊക്കിയ രാഷ്ട്രീയ പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പഴയ കാല കമ്മ്യൂണിസ്റ്റ് നേതാക്കന്മാര്‍ സൈദ്ധാന്തികമായി കള്ളങ്ങള്‍ പറഞ്ഞു പൊതുബോധങ്ങള്‍ സൃഷ്ടിച്ചിരുന്നുവെങ്കില്‍, പുതിയ കാലത്ത് അതിന് കഴിവ് ഇല്ലാത്ത കുറെ നേതാക്കള്‍ പച്ചക്ക് വന്നു കള്ളം പറയുന്നു. പറയുന്ന കള്ളം പിടിക്കപ്പെട്ടാലും ഒരു ജാള്യതയുമില്ലാതെ പിന്നെയും അതിനെ ന്യായീകരിക്കാനും അവര്‍ക്ക് ഒരു മടിയുമില്ല.
പുതിയ കാലത്തെ PR നിര്‍മ്മിതികളിലെ ഏറ്റവും ഫേക്ക് ആയ ഒരു നേതാവാണ് ശ്രീമതി ശൈലജ. അത് അവര്‍ പല കുറി തെളിയിച്ചിട്ടുമുണ്ട്.
ഇന്നലെ തന്നെ നോക്കൂ, കുറെ സാധുക്കളായ നിഷ്‌കളങ്കരായ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരോട് എത്ര മനസ്താപം ഇല്ലാതെയാണ് തൊഴിലുറപ്പ് പദ്ധതി CPM കൊണ്ട് വന്നതാണ് എന്ന കള്ളം പറയുന്നത്. കോണ്‍ഗ്രസ് കൊണ്ട് വന്ന പദ്ധതിയാണ് തൊഴിലുറപ്പ് എന്ന് നല്ല ബോധ്യമുണ്ടായിട്ടും അങ്ങനെ ഒരു കള്ളം പറയാന്‍ അവര്‍ക്ക് ഒരു മടിയുമില്ല.
ഓണത്തിനു അലവന്‍സ് തരുന്നത് കേരളത്തില്‍ മാത്രം ആണെന്നും മറ്റൊരു സംസ്ഥാനത്തും അത് ഇല്ല എന്നും അതിനു കാരണം LDF സര്‍ക്കാര്‍ ആണെന്നും ഒക്കെ പറയുന്നത് മണ്ടത്തരമാണെന്ന് അവര്‍ക്ക് അറിയാഞ്ഞിട്ടില്ല. ആ സാധു അമ്മമാരുടെ നിസ്സഹായതയും പ്രാരബ്ദത്തെയും ചൂഷണം ചെയ്തു തങ്ങള്‍ക്ക് വോട്ട് കൂട്ടാന്‍ ശ്രമിക്കുകയാണ് .'പെന്‍ഷന്‍ വാങ്ങി തിന്നിട്ട് നന്ദികേട് കാണിച്ചു' എന്ന MM മണി പറയുന്നതിന്റെ നാടകീയ വേര്‍ഷനാണ് ശ്രീമതി ശൈലജ പറയുന്നത്. ഈ പെരും നുണകള്‍ ഈ നാട് തിരിച്ചറിയും.
നേരത്തെ 'ഓണത്തിന് ഒരു പ്രത്യേക അലവന്‍സ് വേറെ ഒരു സംസ്ഥാനവും കൊടുക്കുന്നില്ല, കേരളത്തില്‍ എല്‍ഡിഎഫ് ഉള്ളതുകൊണ്ട് മാത്രമാണിത്' എന്നാണ് ശൈലജ പറഞ്ഞത്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിനെന്തിനാ ടീച്ചറേ മറ്റു സംസ്ഥാനങ്ങള്‍ അലവന്‍സ് കൊടുക്കുന്നതെന്ന് ചോദിച്ചാണ് വിഡിയോക്ക് താഴെ കമന്റുകള്‍ നിറഞ്ഞിരുന്നു. ഓണത്തിന് ബംഗാളും തമിഴ്നാടും അലവന്‍സ് കോടുക്കണോയെന്നും ദീപാവലിക്കും ദസറയ്ക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അലവന്‍സ് കൊടുക്കാറുണ്ടോയെന്നും ചോദ്യം ഉയരുന്നുണ്ട്.
എവിടെ നിന്നുള്ള വിഡിയോ ആണെന്നതില്‍ വ്യക്തതയില്ലെങ്കിലും സോഷ്യല്‍ ഇടങ്ങളില്‍ ചിരി നിറയ്ക്കുന്നുണ്ട് വിഡിയോ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടതുപക്ഷം കേന്ദ്രത്തോട് ശക്തമായി പോരാടി നേടിയെടുത്തതാണെന്നും ടീച്ചര്‍ പറയുന്നു. ഇടത് ഹാന്‍ഡിലുകളില്‍ നിന്നുവന്ന പോസ്റ്റുകളില്‍ നിന്ന് വിഡിയോ അടര്‍ത്തിയെടുത്ത് രാഷ്ട്രീയ എതിരാളികളാണ് ട്രോള്‍ പൂരത്തിന് വഴിവച്ച പോസ്റ്റുകള്‍ ഇട്ടത്.
