വീണ ജോര്‍ജിനെ സംസ്ഥാന സമതിയില്‍ ക്ഷണിതാവാക്കിയതിനെ 'ചതിയും വഞ്ചനയുമായി' കണ്ട് പ്രതിഷേധിച്ച പത്മകുമാര്‍ അച്ചടക്കം ലംഘിച്ചു; പത്തനംതിട്ടയിലെ നേതാവിനെ ജില്ലാ കമ്മറ്റിയില്‍ നിന്നും തരംതാഴ്ത്താന്‍ സാധ്യത; മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നേതാവിനെതിരെ അച്ചടക്ക നടപടിയെത്തും
ധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞാല്‍ നേതാവിനെതിരെ അച്ചടക്ക നടപടിയെത്തും
തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇഷ്ടക്കാര്‍ക്കെതിരെ പ്രതികരിച്ച സിപിഎം നേതാവ് എ പത്മകുമാറിനെതിരെ നടപടിക്ക് അവസരം ഒരുങ്ങുന്നു. താന്‍ പാര്‍ട്ടിയുടെ ഉന്നതഫോറങ്ങളിലേക്ക് ഇല്ലെന്ന് പറഞ്ഞാണ് പത്മകുമാര്‍ പ്രതിഷേധം തുടങ്ങിയത്. മാധ്യമങ്ങളോട് അടക്കം പരസ്യമായി പ്രതിഷേധിച്ച പത്മകുമാറിനെതിരെ നടപടിക്ക് എടുക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. അദ്ദേഹത്തെ ജില്ലാകമ്മിറ്റിയില്‍ നിന്നു തരംതാഴ്ത്താന്‍ സാധ്യത കൂടി. കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ അദ്ദേഹത്തിന് ഉടന്‍ രൂപീകരിക്കുന്ന പുതിയ സെക്രട്ടേറിയറ്റില്‍ ഇടമുണ്ടാകില്ലെന്നുറപ്പാണ്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അദ്ദേഹത്തിനെതിരായ നടപടി ചര്‍ച്ച ചെയ്യും. അവിടത്തെ ധാരണയനുസരിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാകും അച്ചടക്ക നടപടിയെടുക്കുക. അതിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം മതിയാകും. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമേ അച്ചടക്ക നടപടിയുണ്ടാകൂ എന്നാണ് സൂചന.
കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായ തന്നെ ഒഴിവാക്കി പാര്‍ട്ടിയില്‍ ഏറെ ജൂനിയറായ മന്ത്രി വീണാ ജോര്‍ജിനെ പ്രത്യേക ക്ഷണിതാവാക്കിയതിനെതിരെയായിരുന്നു പത്മകുമാറിന്റെ പ്രതിഷേധം. ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്നായിരുന്നു പത്മകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വീണാ ജോര്‍ജിനെ സ്ഥിരം ക്ഷണിതാവാക്കിയതിലും പ്രതിഷേധമറിയിച്ച പത്മകുമാര്‍ സമൂഹമാധ്യമത്തിലെ പ്രൊഫൈല്‍ ചിത്രവും മാറ്റി കൊല്ലത്ത് നിന്നും മടങ്ങുകയായിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്നീട് പിന്‍വലിക്കുകയും ചെയ്തു.
ഇതു ഗുരുതര അച്ചടക്ക ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പത്മകുമാറിന് അര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ വിഷമം ഉണ്ടെന്ന് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു. പ്രമോഷന്റെ അടിസ്ഥാനം പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാകണമെന്നും പാര്‍ലമെന്ററി രംഗത്തെ പ്രവര്‍ത്തനം മാത്രമല്ല കണക്കിലെടുക്കേണ്ടതെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയുരുന്നു.
താന്‍ പാര്‍ട്ടി വിട്ടുപോകില്ലെന്നും എവിടെയും പോകാനുമില്ലെന്നും ഇന്നല്ലെങ്കില്‍ നാളെ തിരുത്തി,കമ്യൂണിസ്റ്റ് പാര്‍ട്ടി യഥാര്‍ഥ പാര്‍ട്ടിയാകുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി ഉടക്കിയ പത്മകുമാറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു. പത്മകുമാര്‍ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ഇത്തരത്തില്‍ പല പാര്‍ട്ടികളില്‍ നിന്നും നിരവധി പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ട്. തന്റെ പാര്‍ട്ടി വിട്ട് വരാന്‍ എ പത്മകുമാര്‍ തയ്യാറാണെങ്കില്‍ സ്വീകരിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ വ്യക്തമാക്കി. അതേസമയം എ പത്മകുമാറിനെ സ്വീകരിക്കുമെന്ന് പത്തനംതിട്ട ബിജെപി നേതൃത്വവും വ്യക്തമാക്കിയിരുന്നു.