പിണറായിയെ സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും നിലനിര്‍ത്തും; 'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന രേഖ പിണറായി തന്നെ അവതരിപ്പിക്കുന്നത് നയിക്കുക താന്‍ തന്നെയെന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കാന്‍; പ്രായപരിധിയില്‍ ഇളവ് കിട്ടുക മുഖ്യമന്ത്രിക്ക് മാത്രം; കൊല്ലത്തെ അജണ്ട നേതാവിനെ തുടരാന്‍ അനുവദിക്കല്‍ മാത്രം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പ്രായ പരിധി ഇളവ് കിട്ടുക മുഖ്യമന്ത്രി പിണറായി വിജയന് മാത്രം. പ്രായ പരിധി കഴിഞ്ഞ ബാക്കി എല്ലാവരേയും ഒഴിവാക്കും. ഇപി ജയരാജനും പദവികള്‍ പോകും. അടിമുടി പുതിയ നേതൃത്വ നിര സിപിഎമ്മിനുണ്ടാകും. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായി തുടരുകയും ചെയ്യും. പിണറായിയ്ക്ക് ഇളവ് നല്‍കണമെന്ന നിര്‍ദ്ദേശം സെക്രട്ടറി തന്നെ പാര്‍ട്ടി സംസ്ഥാന നേതൃയോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. പിണറായി മാറിയാല്‍ ഭരണം മാറുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. ഈ സാഹചര്യത്തിലാണ് പിണറായിയെ തുടരാന്‍ അനുവദിക്കുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പിണറായി ധര്‍മ്മടത്ത് മത്സരിക്കും. ഔദ്യോഗികതീരുമാനം സി.പി.എം. കൈക്കൊണ്ടിട്ടില്ല. എന്നാല്‍, പാര്‍ട്ടിപദവികളില്‍ തുടരുന്നതിന് കണ്ണൂര്‍ പാര്‍ട്ടികോണ്‍ഗ്രസ് പിണറായിക്ക് നല്‍കിയ വയസ്സിളവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
പാര്‍ട്ടിപദവികളില്‍ തുടരുന്നതിന് സി.പി.എം. നിശ്ചയിച്ച പ്രായപരിധി 75 ആണ്. 24-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായിയ്ക്ക് മാത്രമാകും ഇളവുണ്ടാവുക. സംസ്ഥാനകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും പിണറായിയെ ഉള്‍പ്പെടുത്തും. ഇതില്‍ കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് സ്വാധീനിക്കില്ല. ഇടതു മുന്നണിയെ നയിക്കാന്‍ നിലവില്‍ പിണറായി അല്ലാതെ മറ്റൊരെയും എടുത്തുകാണിക്കാനില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത മുഖ്യമന്ത്രിയും നിഷേധിച്ചിട്ടില്ല. മുന്‍പ് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍, മത്സരിക്കണോയെന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു പ്രതികരണം. ഭരണത്തുടര്‍ച്ച നേടുന്ന ഇടതുസര്‍ക്കാരിന്റെ നയം എന്തായിരിക്കണമെന്നത് സംബന്ധിച്ച് കൊല്ലത്തുനടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ പുതിയ രേഖ അവതരിപ്പിക്കും.
'നവകേരളത്തിനുള്ള പുതുവഴികള്‍' എന്ന രേഖ പിണറായി വിജയനാണ് അവതരിപ്പിക്കുക. കഴിഞ്ഞ എറണാകുളം സമ്മേളനത്തില്‍ 'നവേകരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്' എന്ന രേഖ അവതരിപ്പിച്ചിരുന്നു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുന്നത് അടക്കമുള്ള 'തിരുത്തല്‍ നയപ്രഖ്യാപനം' ഇതിലാണ് ഉണ്ടായത്. സമാനമായ വികസന കാഴ്ച പാടുകള്‍ പുതിയ രേഖയിലും ഉണ്ടാകും. 75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ നിന്നും സംസ്ഥാന സമിതിയില്‍നിന്നും നീക്കും. ഇതിനൊപ്പം 74 വയസ് പിന്നിട്ടവരേയും മാറ്റുന്നത് പരിഗണനയിലുണ്ട്. അടിമുടി യുവ നേതൃത്വം സി.പി.എമ്മിനു നല്‍കുകയാണ് ലക്ഷ്യം. ഇതിലുപരി പാര്‍ട്ടിയില്‍ പിണറായി വിജയന്റെ നേതൃത്വവും കൊല്ലത്ത് അരക്കിട്ട് വീണ്ടും ഉറപ്പിക്കും. പാര്‍ട്ടി സെക്രട്ടറിയായി എത്തിയ ശേഷം സിപിഎമ്മിലെ ഒന്നാം പേരുകാരനായി മാറിയ പിണറായിക്ക് ഇന്നും പാര്‍ട്ടിയില്‍ പകരക്കാരനില്ലെന്നതാണ് വസ്തുത.
മാര്‍ച്ച് 6 മുതല്‍ 9 വരെ കൊല്ലത്താണു സംസ്ഥാന സമ്മേളനം നടക്കുന്നത്. വിവാദങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ സംഘാടകസമിതിക്കു സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫ്ളക്സ് ബോര്‍ഡുകള്‍ അടക്കം വയ്ക്കുന്നതിലെ ഹൈക്കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കും. ശുചിത്വ ബോധവല്‍ക്കരണവുമായി പ്രവര്‍ത്തകര്‍ എല്ലാ വീടുകളും സന്ദര്‍ശിക്കും. പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഓരോ വീട്ടിലും വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പരിസ്ഥിതി അനുകൂലസമ്മേളനം എന്ന സന്ദേശം നല്‍കാനാകും സി.പി.എം. ശ്രമിക്കുക. ജില്ലാ സമ്മേളനങ്ങള്‍ സമാപിച്ചപ്പോള്‍ എട്ടിടത്ത് നിലവിലുള്ള സെക്രട്ടറിമാര്‍ തുടര്‍ന്നു. ആറ് ജില്ലകളില്‍ പുതിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയില്‍ ഇല്ലാത്ത ജില്ലാ ജില്ലാ സെക്രട്ടറിമാരേയും സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ സെപ്റ്റംബറിലാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ തുടങ്ങിയത്. 38,426 ബ്രാഞ്ച് സമ്മേളനങ്ങളും 2444 ലോക്കല്‍ സമ്മേളനങ്ങളും 210 ഏരിയാ സമ്മേളനങ്ങളും 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയാക്കിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാര്‍ട്ടി കടക്കുന്നത്.
സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി നടത്തിയ വാക്കത്തണില്‍ കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവര്‍ കാരണം ബോധിപ്പിക്കണമെന്നുമുള്ള നിര്‍ദേശം ഇപ്പോഴേ വിവാദമായിട്ടുണ്ട്. കോര്‍പറേഷനാണ് പരിപാടി നടത്തുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കുടുംബശ്രീയുടെ ഉന്നത സ്ഥാനം വഹിക്കുന്ന വ്യക്തി സന്ദേശം നല്‍കിയത്. യൂണിഫോം ഉണ്ടെന്നും പങ്കാളിത്തം കുറഞ്ഞാല്‍ എല്ലാവരുടെയും മുന്നില്‍ വച്ച് തനിക്കാണ് വഴക്കു കിട്ടുന്നതെന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ഇത്തരം വിവാദങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന സന്ദേശം എല്ലാവര്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരെ പാര്‍ട്ടി പരിപാടികള്‍ക്ക് ഭീഷണിപ്പെടുത്തി പങ്കെടുപ്പിക്കുന്നതിനെതിരേ വിമര്‍ശനം പലതവണ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ ആരും ഇടരുതെന്ന നിര്‍ദേശം എല്ലാവര്‍ക്കും നേതൃത്വം നല്‍കുന്നത്.