മുകേഷിന്റേത് 'തീവ്രത കുറഞ്ഞ പീഡനം', രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രം; മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ! വിവാദ പരാമര്‍ശവുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

വിചിത്ര നിലപാടുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍

Update: 2025-12-03 10:16 GMT

തിരുവനന്തപുരം: എല്‍.ഡി.എഫ് എം.എല്‍.എ. മുകേഷിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ വിചിത്രമായ നിലപാടുമായി ജനാധിപത്യ മഹിളാ അസോസിയേഷന്‍. മുകേഷിന്റേത് 'തീവ്രത കുറഞ്ഞ പീഡനം' ആയിരിക്കാം എന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം അതിതീവ്ര പീഡനമാണ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുകേഷിന്റെ വിഷയം നിയമത്തിന് വിടുകയാണെന്നും, അതില്‍ എന്തെങ്കിലും കഴമ്പുണ്ടായിരുന്നെങ്കില്‍ നിയമനടപടികള്‍ വന്നേനെ എന്നും ലസിത നായര്‍ പ്രതികരിച്ചു.

'രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണം,' ലസിത നായര്‍ വ്യക്തമാക്കി.

അതേസമയം, ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെയും വാദം തുടരും. രാഹുലിന്റെ അറസ്റ്റിന് കോടതി നിലവില്‍ തടസ്സം ഏര്‍പ്പെടുത്തിയിട്ടില്ല.

Tags:    

Similar News