സിപിഎം ജനറല്‍ സെക്രട്ടറി സ്ഥലത്തുള്ളപ്പോള്‍ പി ബി അംഗം ഉദ്ഘാടകനായി! അല്‍പം വിവേകമുണ്ടെങ്കില്‍ എം.എ ബേബി എ.കെ.ജി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മാറി നില്‍ക്കണമായിരുന്നു; വിമര്‍ശനവുമായി ഡോ.ആസാദ്

സിപിഎം ജനറല്‍ സെക്രട്ടറി സ്ഥലത്തുള്ളപ്പോള്‍ പി ബി അംഗം ഉദ്ഘാടകനായി!

Update: 2025-04-24 10:23 GMT

തിരുവനന്തപുരം: സിപിഎം എകെജി സെന്റര്‍ ഉദ്ഘാടനത്തില്‍ വിമര്‍ശനവുമായി ഇടതു ചിന്തകന്‍ ഡോ. ആസാദ്. അല്‍പം വിവേകമുണ്ടായിരുന്നുവെങ്കില്‍ എം.എ ബേബി എ.കെ.ജി സെന്ററിന്റെ ഉദ്ഘാടന ചടങ്ങില്‍നിന്ന് മാറി നില്‍ക്കണമായിരുന്നുവെന്ന് ഡോ.ആസാദ് പറഞ്ഞു. ജനറല്‍ സെക്രട്ടറി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ പി ബി അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എ.കെ.ജി സെന്റര്‍ ഉദ്ഘാടനം ചെയ്തതിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്.

അല്‍പ്പം വിവേകമുണ്ടെങ്കില്‍, താന്‍ കാരണം ജനറല്‍ സെക്രട്ടറി പദവിക്ക് മങ്ങലുണ്ടാവാതിരിക്കാന്‍ ബേബിക്കു ശ്രദ്ധിക്കാമായിരുന്നു. ആ പരിപാടിക്കു വരാതിരിക്കാം. ഡല്‍ഹിയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പരിപാടി ആസൂത്രണം ചെയ്ത് സ്ഥലം വിടാം. അതൊന്നും ചെയ്യാതെ വാശിയോടെ ബേബി തിരുവനന്തപുരത്ത് എത്തിയത് പാര്‍ട്ടിയുടെ ഇന്നത്തെ നില ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാവാനേ തരമുള്ളുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സി.പി.ഐ.എമ്മിന്റെ പുതിയ എ കെ ജി സെന്റര്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ചിലര്‍ ചില അപശബ്ദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അതിലെന്ത് കാര്യം സി പി എമ്മിന്റെ ആപ്പീസ് സി പി എമ്മിന്റെ മാത്രം കാര്യം.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്പീസ് ഉദ്ഘാടനം ചെയ്തത്. സി പി എമ്മിന്റെ ഇന്നത്തെ നിലയ്ക്കും പ്രൗഢിക്കും കാരണഭൂതനായ ഒരാള്‍ എന്ന നിലയില്‍ പിണറായി തന്നെയാണ് ആ ആപ്പീസ് ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ഒരു പാര്‍ട്ടി പരിപാടി മുഖ്യമന്ത്രിയാണോ ജനറല്‍ സെക്രട്ടറിയാണോ ഉദ്ഘാടനം ചെയ്യേണ്ടത് എന്നു ചോദിച്ചാല്‍ പഴയ സഖാക്കള്‍ ജനറല്‍ സെക്രട്ടറി എന്നേ മറുപടി പറയൂ.

എന്നാല്‍ കാലം മാറി. പാര്‍ട്ടിക്ക് പുതിയ ഉടമയും അവകാശിയും അയാളുടെ ഇംഗിതങ്ങള്‍ക്കു വഴങ്ങുന്ന കമ്മറ്റികളും എന്ന നിലയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ആ നിലയ്ക്ക് അഖിലേന്ത്യാ സെക്രട്ടറി പിന്നോട്ടു മാറി നിന്നത് ഉചിതം തന്നെ. അദ്ധ്യക്ഷനായിപ്പോലും ശിലാഫലകത്തില്‍ ജനറല്‍ സെക്രട്ടറിയുടെ പേരു വരാതിരിക്കാന്‍ കേരള പാര്‍ട്ടി ശ്രദ്ധിച്ചിരിക്കുന്നു. അദ്ധ്യക്ഷപദത്തിന്റെ വിഷയം വരുമ്പോള്‍ പ്രോട്ടോകോള്‍ പരമപ്രധാനമാകുന്നതു കാണാം. കൊള്ളാം.

അല്‍പ്പം വിവേകമുണ്ടെങ്കില്‍, താന്‍ കാരണം ജനറല്‍ സെക്രട്ടറി പദവിക്ക് മങ്ങലുണ്ടാവാതിരിക്കാന്‍ ബേബിക്കു ശ്രദ്ധിക്കാമായിരുന്നു. ആ പരിപാടിക്കു വരാതിരിക്കാം. ദില്ലിയിലോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ പരിപാടി ആസൂത്രണം ചെയ്ത് സ്ഥലം വിടാം. അതൊന്നും ചെയ്യാതെ വാശിയോടെ ബേബി തിരുവനന്തപുരത്ത് എത്തിയത് പാര്‍ട്ടിയുടെ ഇന്നത്തെ നില ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം എന്ന ഉദ്ദേശ്യത്തോടെയാവാനേ തരമുള്ളു.

ബേബിക്ക് വ്യക്തിപരമായി ഈ അവഗണനയും തരംതാഴ്ത്തലുമൊന്നും പുതുമയല്ല. എന്നാല്‍ ജനറല്‍ സെക്രട്ടറി എന്ന പദവി അല്‍പ്പം ഉയര്‍ന്നതാണല്ലോ. മഹാരഥന്മാര്‍ ഇരുന്ന കസേരയാണല്ലോ അത്. കേരളത്തിലെ അല്‍പ്പവിഭവന്മാരും ആര്‍ത്തിപ്പണ്ടാരങ്ങളും കൂടി വികസന സൗധങ്ങള്‍ പണിഞ്ഞ് പാര്‍ട്ടിയെ ന്യൂക്ലാസ് സ്വര്‍ഗമാക്കുമ്പോള്‍ അഖിലേന്ത്യാ സെക്രട്ടറിക്ക് പിന്‍നിരയില്‍ നില്‍ക്കേണ്ട അവസ്ഥ സൃഷ്ടിക്കേണ്ടതില്ലായിരുന്നു.

തിരക്കി മുന്നില്‍ കയറി ഫോട്ടോയില്‍ പെടാന്‍ ഉത്സാഹിക്കുന്നതുപോലെ മോശമാണ് മുന്നില്‍ നില്‍ക്കേണ്ട ഒരാള്‍ പിറകിലേക്ക് മാറുന്നതും മാറ്റപ്പെടുന്നതും. ജനങ്ങള്‍ രാഷ്ട്രീയമായി പ്രബുദ്ധരാണ്. അവര്‍ അത് രാഷ്ട്രീയമായിത്തന്നെ വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുമെന്ന് ബേബിക്കും അറിയാവുന്നതല്ലേ.

Tags:    

Similar News