നാസര്‍ ഫൈസി മത നേതാവാണ്, നിര്‍വഹിച്ചത് പണ്ഡിത ധര്‍മം; റഹ്‌മത്തുള്ള സഖാഫിയുടെ വിമര്‍ശനം സി.പി.എമ്മിന്റെ ചുവട് പിടിച്ച്; തെരഞ്ഞെടുപ്പ് ആഘോഷ പരിപാടികളിലെ ആണ്‍-പെണ്‍ കൂടിച്ചേരലുകള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഫാത്തിമ തഹ്ലിയ

നാസര്‍ ഫൈസി മത നേതാവാണ്, നിര്‍വഹിച്ചത് പണ്ഡിത ധര്‍മം

Update: 2025-12-17 08:32 GMT

കോഴിക്കോട്: തെരഞ്ഞെടുപ്പ് ആഘോഷ പരിപാടികളിലെ ആണ്‍-പെണ്‍ കൂടിച്ചേരലുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മതപുരോഹിതരാണ് ഇത്തരം വിമര്‍ശനം ഉയര്‍ത്തിയത്. ഈ വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് കോര്‍പറേഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിക്കുകയും ചെയ്ത ഫാത്തിമ തഹ്ലിയ രംഗത്തുവന്നു.

നാസര്‍ ഫൈസി കൂടത്തായ് ഉള്‍പ്പെടെയുള്ള മത നേതാക്കള്‍ പറഞ്ഞത് വിശ്വാസികള്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെ കുറിച്ചാണ്. അത് പറയാനുള്ള അവകാശം അദ്ദേഹത്തിനുണ്ടെന്നും അതിനെ ആ അര്‍ഥത്തില്‍ കാണുന്നുള്ളൂവെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു. മതസ്വാതന്ത്ര്യത്തിന് അവകാശമുള്ള നാട്ടില്‍ ആ രൂപത്തിലുള്ള അഭിപ്രായപ്രകടനമാണ് അദ്ദേഹം നടത്തിയത്. ലീഗിനെതിരേയാണ് അദ്ദേഹത്തിന്റെ വിമര്‍ശനമെന്നത് നമ്മുടെ വായനയാണെന്നും തഹ്ലിയ പറഞ്ഞു.

അതേസമയം, കാന്തപുരം വിഭാഗം സമസ്ത നേതാവ് റഹ്‌മത്തുല്ല സഖാഫി എളമരത്തിന്റെ വിമര്‍ശനം ഇടതുപക്ഷത്തിന്റെ ചുവട് പിടിച്ചുള്ളതാണെന്നും ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുകെട്ട് എന്നത് നിരന്തരം പറഞ്ഞ് കൊണ്ടിരിക്കുന്നത് സി.പി.എമ്മുകരാണെന്നും അവര്‍ പറഞ്ഞു. ലീഗിന്റെ രൂപീകരണ കാലഘട്ടം മുതല്‍ സ്ത്രീ സാന്നിധ്യമുണ്ടെന്നും പാര്‍ലമെ ന്റില്‍ ഉള്‍പ്പെടെ മത്സരിച്ച് വിജയിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ ഭരണഘടന നിര്‍മാണ അസംബ്ലിയില്‍ ആ കാലത്ത് ലീഗിനെ പ്രതിനിധീകരിച്ച് കൊണ്ട് ബീഗം ഐശാസ് റസൂലിനെ പോലുള്ളവര്‍ ഇരുന്നിട്ടുണ്ടെന്നും ചരിത്രം അറിയാത്തവരാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും തഹ്ലിയ പറഞ്ഞു.

മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാന്‍ ഇറക്കിയതും പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതും ആദ്യമായി ജമാഅത്തെ ഇസ്ലാമിയാണ്. ബാഫഖി തങ്ങളുടെ കാലത്ത് എം.ഇ.എസ് സ്ത്രീകളെ റോട്ടിലിറക്കിയപ്പോള്‍ ലീഗ് അവരുമായുള്ള ബന്ധം തന്നെ വിച്ഛേദിച്ചിരുന്നുവെന്നും 'വെല്‍ഫയര്‍' സംസ്‌കാരം മുഖ്യധാര മുസ്ലിം രാഷ്ട്രീപാര്‍ട്ടി യേയും സ്വാധീനിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നുമാണ് റഹ്‌മത്തുല്ല സഖാഫിയുടെ വിമര്‍ശനം.

അതേസമയം, മലപ്പുറം തെന്നലയില്‍ സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയ സിപിഎം നേതാവ് സെയ്താലി മജീദിനെതിരേയും തഹ്ലിയ രംഗത്തെത്തി. സെയ്താലി മജീദിനെതിരേ പോലീസില്‍ പരാതി നല്‍കുകയും അതില്‍ കേസെടുക്കുകയും ചെയ്തു. നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് ആ പ്രദേശത്തുള്ളവര്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഫാത്തിമ തഹ്ലിയ വ്യക്തമാക്കി.

Tags:    

Similar News