തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം 'രാഷ്ട്രീയ തന്ത്രയില്ലായ്മ'; സൈബര്‍ പോരാളികള്‍ എന്നൊരു വിഭാഗമില്ല, ഇവര് പാര്‍ട്ടി വിരുദ്ധര്‍; ഒരു പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോ? തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നു; സൈബര്‍ സഖാക്കള്‍ക്ക് ജി സുധാകരന്റെ മറുപടി
തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം 'രാഷ്ട്രീയ തന്ത്രയില്ലായ്മ'

തിരുവനന്തപുരം: കെ.പി.സി.സി സംഘടിപ്പിച്ച ഗാന്ധിജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി ആഘോഷ സെമിനാറില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം നേതാവ് ജി സുധാകരനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് ഇടതു കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായത്. ഈ സൈബര്‍ ആക്രമം നടത്തുന്നവര്‍ക്ക് മറുപടിയുമായി സുധാകരന്‍ രംഗത്തുവന്നു. കടുത്ത ഭാഷയില്‍ തന്നെയാണ് സുധാകരന്‍ വിമര്‍ശകരെ നേരിട്ടത. തനിക്കെതിരായ ഇടതു സൈബര്‍ ആക്രമണം 'രാഷ്ട്രീയ തന്ത്രയില്ലായ്മ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് രാഷ്ട്രീയ തന്ത്രിയില്ലായ്മയാണെന്ന് പറഞ്ഞ ജി സുധാകരന്‍ സൈബര്‍ പോരാളികള്‍ എന്നൊരു വിഭാഗമില്ലെന്നും പറഞ്ഞു. ഇത്തരക്കാര്‍ പാര്‍ട്ടി വിരുദ്ധരാണ്. ഇവര്‍ക്ക് പൊതുയോഗം വിളിച്ച് തനിക്കെതിരെ പറയാന്‍ ധൈര്യമുണ്ടോ എന്നും അദ്ദേഹം വെല്ലുവിളിച്ചു. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്ത് പതിനഞ്ചു പേരാണ് തനിക്കെതിരായി സൈബര്‍ ആക്രമണത്തിന് പിന്നിലെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമം നടക്കുന്നതായും ജി സുധാകരന്‍. അങ്ങനെ ശ്രമിക്കുന്നവര്‍ക്ക് നാല് മുത്തം കിട്ടുന്നെങ്കില്‍ കിട്ടിക്കോട്ടെയെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. താന്‍ മരിക്കും വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും ജി സുധാകരന്‍ പറഞ്ഞു. ഇനി മന്ത്രിയാകാനും മുഖ്യമന്ത്രിയാകാനുമില്ല, അതിന്റെ കാലം കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ കെ.പി.സി.സിയുടെ അതിഥിയായി തിരുവനന്തപുരത്ത് ശ്രീനാരായണഗുരു-മഹാത്മാഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറില്‍ പങ്കെടുത്തതിനാണ് സുധാകരനെതിരെ സൈബര്‍ പോരാളികളുടെ ആക്ഷേപം ശക്തമായത്. പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുന്ന നിരന്തര പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു സെമിനാറില്‍ പങ്കെടുത്തത്. പോരാളി ഷാജി അടക്കമുള്ള ഇടത് സൈബര്‍ ഫേസ്ബുക്ക് പേജുകളിലാണ് വിമര്‍ശനം.
സഹോദരനെ കൊലപ്പെടുത്തിയ പാര്‍ട്ടിക്കൊപ്പമാണ് കൂട്ട് കൂടുന്നത്. സുധാകരനിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സില്‍ അകാല ചരമം പ്രാപിക്കും. പാര്‍ട്ടി വിരുദ്ധ സംഘത്തിന്റെ ഒപ്പം കൂടി നല്ല പിള്ള ചമഞ്ഞു. ജി.സുധാകരനോട് പരമ പുച്ഛം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റില്‍ പറയുന്നത്. ആ ചുടു രക്തം സുധാകരന്‍ മറന്നു. സുധാകരനെ എംഎല്‍എയും മന്ത്രിയും ആക്കിയത് പാര്‍ട്ടി തുടങ്ങി ജി സുധാകരനെതിരെ അതിരൂക്ഷ വിമര്‍ശനമുള്ള പോസ്റ്റാണ് ഫേസ്ബുക്കില്‍ വ്യാപകമായി പോരാളികള്‍ പങ്കുവെച്ചത്.
തിരുവനന്തപുരത്ത് സംഘടിപ്പിച്ച ശ്രീനാരായണഗുരു- മഹാത്മാ ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി സെമിനാറിലാണ് സുധാകരന്‍ പങ്കെടുത്തത്. സനാതനധര്‍മ വിഷയത്തില്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും തള്ളി ജി. സുധാകരന്‍ രംഗത്തെത്തിയിരുന്നു. ഗാന്ധിജി സനാതനധര്‍മത്തില്‍ വിശ്വസിച്ചിരുന്ന ആളാണെന്നും സനാതനധര്‍മവുമായി ആര്‍എസ്എസിന് യാതൊരു ബന്ധവുമില്ലെന്നും സുധാകരന്‍ പറഞ്ഞു. സനാതനധര്‍മം വേദങ്ങള്‍ക്കും മുന്‍പേയുള്ള കാഴ്ചപ്പാടാണെന്നും വേദിക് കാലഘട്ടത്തിലാണ് ചാതുര്‍വര്‍ണ്യം ഉണ്ടാകുന്നതെന്നും അദ്ദേഹം വിശദമാക്കി. കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പരോക്ഷ പരിഹാസവുമായി സുധാകരന്‍ രംഗത്തെത്തുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥനല്ല വിശ്വപൗരനെന്നും അത്തരമൊരു വ്യക്തി ശമ്പളത്തിനും പദവിക്കും വേണ്ടി ജോലിയെടുക്കുന്ന ആളാണെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഏതെങ്കിലും രണ്ട് രാജ്യത്ത് അംബാസിഡര്‍ ആയാല്‍ വിശ്വപൗരന്‍ എന്നാണ് പറയുന്നതെന്നും അത് അംഗീകരിക്കാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.
ഗാന്ധിജി വിശ്വപൗരനാണ്. നെഹ്‌റുവും ടാഗോറും ഡോക്ടര്‍ രാധാകൃഷ്ണനും ഒക്കെ വിശ്വപൗരന്മാരായിരുന്നു. അതേസമയം, പാര്‍ട്ടിയെപ്പറ്റി താന്‍ ഒരിക്കലും ആക്ഷേപം പറയില്ലെന്നും പറയുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സിപിഐ നേതാവ് സി. ദിവാകരനും പരിപാടിയില്‍ പങ്കെടുത്തു. സെമിനാറില്‍ പങ്കെടുത്ത ജി. സുധാകരന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്. നീതിമാനായ പൊതുമരാമത്ത് മന്ത്രിയായിരുന്നു ജി. സുധാകരന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിശേഷിപ്പിച്ചു. ഉപദേശം നല്‍കുന്ന ജേഷ്ഠ സഹോദരനെന്നാണ് ചടങ്ങില്‍ പങ്കെടുത്ത സി.പി.ഐ നേതാവ് സി. ദിവാകരനെ സതീശന്‍ വിശേഷിപ്പിച്ചത്.