'വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍'; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
ആലപ്പുഴ: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ രംഗത്ത്. താന്‍ ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടിയാണ്. വിശ്രമം ജീവിതം നയിക്കാന്‍ ആരും പറയേണ്ട. വിശ്രമം ജീവിതം നയിക്കാന്‍ ഉദ്ദേശിക്കുന്നില്ല. 62 വര്‍ഷമായി പാര്‍ട്ടിയുടെ ആശയം പ്രചരിപ്പിക്കുന്നയാളാണ്. തന്റെ ശബ്ദം ഉയരാതിരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. അവര്‍ക്ക് താന്‍ വിശ്രമ ജീവിതം നയിക്കണമായിരിക്കും. പത്തനംതിട്ടയില്‍ എറിഞ്ഞകല്ല് അവിടെ തന്നെ കിടക്കുകയാണ്. ഇവിടെ വീണിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. വായില്‍ തോന്നിയത് പറയുന്ന ജി സുധാകരനെ നിയന്ത്രിക്കണം എന്നായിരുന്നു ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം.
സ്ഥാനങ്ങള്‍ ഇല്ലാതെ താന്‍ 42 വര്‍ഷങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തനിക്കെതിര പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനം. അതായളെകൊണ്ട് ആരോ പറയിപ്പിച്ചതാണ്, ഈ അസുഖം ആലപ്പുഴയില്‍ ആയിരുന്നു ഇപ്പോള്‍ പത്തനംതിട്ടയിലേക്കും വ്യാപിച്ചു. നാല് വര്‍ഷത്തില്‍ ഞാന്‍ 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. എല്ലാം ആലപ്പുഴ ജില്ലയിലായിരുന്നു. ഇതാണോ വിശ്രമ ജീവിതമെന്നും ജി സുധാകരന്‍ ചോദിച്ചു.
താന്‍ വായില്‍ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമര്‍ശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താന്‍ സംസാരിക്കുന്നതെന്ന് ജി സുധാകരന്‍ പറഞ്ഞു. എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാന്‍ വേണ്ടി പറഞ്ഞതല്ല. പറയിപ്പിച്ചതാണ്. അതാരാണെന്ന് താന്‍ അന്വേഷിച്ചിട്ടില്ല. എന്നാല്‍ അത് തന്നെ കേരളം മൊത്തം അപമാനിക്കാന്‍ വേണ്ടിയുള്ള ആക്ഷേപമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. താന്‍ വായില്‍ തോന്നിയത് പറയുന്ന ആള്‍ ആണെന്ന് ആരാ പറഞ്ഞത്. പാര്‍ട്ടി ക്ലാസുകളില്‍ നിന്നും വായനയില്‍ നിന്നും ലഭിച്ച അറിവു കൊണ്ടാണ് താന്‍ സംസാരിക്കാറെന്നും ജി സുധാകരന്‍ പറഞ്ഞു.
'എനിക്ക് പ്രധാന്യം ഉണ്ട്. ഞാന്‍ വിശ്രമ ജീവിതം നയിക്കുന്നില്ല. 1480 പൊതു പരിപാടികളില്‍ പങ്കെടുത്തു. ജില്ലയ്ക്ക് വെളിയില്‍ 17 പരിപാടികളില്‍ പങ്കെടുത്തു. പരിപാടിക്ക് വിളിക്കുന്നത് എന്തിനാ? ഞാന്‍ പോകണം എന്നതുകൊണ്ടല്ലേ. പോകുന്ന സ്ഥലത്ത് നിന്നും പൈസ വാങ്ങിക്കാറില്ല. മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല', ജി സുധാകരന്‍ പറഞ്ഞു.
തനിക്കെതിരെ അങ്ങനെ പറയേണ്ട കാര്യമൊന്നും പത്തനംതിട്ടയിലെ സുഹൃത്തിനില്ല. എന്നെ മനപൂര്‍വ്വം അപമാനിക്കാന്‍ വേണ്ടിയുള്ള പരാമര്‍ശമാണത്. ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയല്ലേ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കേണ്ടത്. എന്റെ വിമര്‍ശനങ്ങള്‍ ഇഷ്ടപെടാത്തവരാണ് വിമര്‍ശിക്കുന്നത്. സാമുഹിക സേവനമാണ് രാഷ്ട്രീയസേവനത്തിന്റെ അടിസ്ഥാനം', ജി സുധാകരന്‍ പറഞ്ഞു.
വീട്ടിലിരുന്ന് വിശ്രമിച്ചാല്‍ മാനസിക രോഗിയാകും. ഭ്രാന്തന്‍ ആകും. ഞങ്ങളെ പോലെയുള്ളവര്‍ വായടച്ചു വെച്ചാല്‍ മാര്‍ക്‌സിസ്റ്റേതര ആശയങ്ങള്‍ ശക്തിപ്പെടും. കിട്ടുന്ന വേദികളില്‍ പാര്‍ട്ടിയുടെ ആശയങ്ങള്‍ പറയും. എന്റെ ശബ്ദം ഉയരുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഗുണമല്ലേ ഉണ്ടാവുക എന്നും സുധാകരന്‍ ചോദിച്ചു.
ആലപ്പുഴയിലും ചിലര്‍ തന്നെ കല്യാണത്തിലും മറ്റും വിളിക്കരുതെന്ന് പറഞ്ഞിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണ്? ശ്രദ്ധ പിടിച്ചുപറ്റാനാണ് തന്റെ പ്രസ്താവനയെന്ന വിമര്‍ശനത്തിലും സുധാകരന്‍ പ്രതികരിച്ചു. ശ്രദ്ധ പിടിച്ചുപറ്റാനല്ലേ പൊതു പ്രവര്‍ത്തകര്‍ സംസാരിക്കേണ്ടത്. അതല്ലേ മാര്‍ക്സ് പറഞ്ഞത് ?.
കമ്യൂണിസ്റ്റുകാര്‍ അവരുടെ സ്വാഭിപ്രായം തുറന്നു പറയും. പാര്‍ട്ടിക്ക് അകത്തു പറയേണ്ടത് അകത്തു മാത്രമേ പറയൂ. സാമൂഹിക വിമര്‍ശനങ്ങള്‍ തുറന്നു പറയണം. പൊതു ഖജനാവ് കൊള്ളയടിക്കുന്നവര്‍, അഴിമതി നടത്തുന്നവര്‍, വര്‍ഗീയവാദികള്‍, വൃത്തികേടുള്ളവര്‍ തുടങ്ങിയവരെ താന്‍ വിമര്‍ശിക്കാറുണ്ട്. അത് ഇഷ്ടപ്പെടാത്തവരാണ് തന്നെ വിമര്‍ശിക്കുന്നത്. ഞങ്ങളുടെ കൂട്ടത്തില്‍പ്പെട്ടവരാണ്, അതുകൊണ്ട് ഇത് ഞങ്ങളെപ്പറ്റിയാണ് എന്ന് സ്വയം ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ജി സുധാകരന്‍ ചോദിച്ചു.
സാമൂഹിക വിമര്‍ശനം നടത്താതെ രാഷ്ട്രീയം ശക്തിപ്പെടില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി ആരംഭിക്കുന്നതിന് മുമ്പ് പി കൃഷ്ണപിള്ള അടക്കം സാമൂഹിക പ്രവര്‍ത്തനങ്ങളിലല്ലേ കമ്യൂണിസ്റ്റ് നേതാക്കള്‍ പങ്കെടുത്തുകൊണ്ടിരുന്നത്. സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ അടിത്തറ. സാമൂഹിക പ്രവര്‍ത്തനത്തില്‍ നിന്നും വഴിമാറിപ്പോയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ആളുണ്ടാകില്ല. ചില പാര്‍ട്ടികള്‍ക്ക് സോഷ്യല്‍ സര്‍വീസ് ഇല്ലാത്തതാണ് ആളില്ലാതാകാന്‍ കാരണം. സിപിഎമ്മിന് സോഷ്യല്‍ സര്‍വീസ് ഉണ്ട്. താന്‍ സംസാരിക്കുന്നത് പാര്‍ട്ടിക്കു വേണ്ടിയാണെന്നും ജി സുധാകരന്‍ പറഞ്ഞു.