ഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി; പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ പാര്‍ട്ടിയുടെ പൂര്‍ണ അവഗണന; വിവാദങ്ങള്‍ക്കിടെ ഇന്ന് വിഎസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണ വേദിയിലേക്ക് ജി സുധാകരന്‍; തെരഞ്ഞെടുപ്പ് അടുക്കവേ മുതിര്‍ന്ന നേതാവിനെ പിണക്കേണ്ടെന്ന നിലപാടില്‍ സംസ്ഥാന നേതൃത്വം
ഒരുകാലത്ത് വിഎസിനെതിരെ പിണറായിയുടെ നാവായി
ആലപ്പുഴ: ഒരു കാലത്ത് വിഎസ് അച്യുതാനന്ദനെതിരെ ആലപ്പുഴ ജില്ലയില്‍ പിണറായിയുടെ നാവായി പ്രവര്‍ത്തിച്ച നേതാവാണ് ജി സുധാകരന്‍. എന്നാല്‍, പിണറായിയുടെ ഗുഡ്ബുക്കില്‍ നിന്നും പുറത്തായതോടെ കാര്യങ്ങള്‍ മാറി. ഇപ്പോര്‍ പാര്‍ട്ടിക്ക് പ്രിയങ്കരനല്ല അദ്ദേഹം. എങ്കിലും തിരഞ്ഞെടുപ്പു കാലം അടുത്തതോടെ ജി സുധാകരനെ അടുത്തു നിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നത്.
വിവാദങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് ജി സുധാകരനെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സിപിഎം പരിപാടി ഇന്ന് കുട്ടനാട്ടില്‍ നടക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജി സുധാകരനെ പാര്‍ട്ടി പരിപാടിയിലേക്ക് ആലപ്പുഴയിലെ നേതൃത്വം ക്ഷണിക്കുന്നത്. പാര്‍ട്ടിയുടെ പോഷക സംഘടനയായ കെഎസ്‌കെടിയുവിന്റെ മുഖമാസിക 'കര്‍ഷക തൊഴിലാളി'യുടെ വി എസ് അച്യുതാനന്ദന്‍ സ്മാരക പുരസ്‌കാര സമര്‍പ്പണമാണ് പരിപാടി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിയും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പരിപാടിയില്‍ പങ്കെടുക്കും.
നേതൃത്വവുമായി പരസ്യ പോരിലേക്ക് കടന്ന ജി സുധാകരനെ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തി നേതാക്കള്‍ അനുനയിപ്പിക്കുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി എസ് സുജാതയും ജില്ലാ സെക്രട്ടറി ആര്‍ നാസറും നേരിട്ടെത്തിയായിരുന്നു പരിപാടിക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ചു പരിപാടിയില്‍ പങ്കെടുക്കുമെന്ന് ജി സുധാകരന്‍ അറിയിച്ചു.
അതേസമയം പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ വീട്ടിലെത്തിയശേഷവും സ്വന്തംനാട്ടിലെ പ്രധാന പരിപാടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. പുന്നപ്രയില്‍ 20 മുതല്‍ 23 വരെ നടക്കുന്ന 79-ാമത് പുന്നപ്ര-വയലാര്‍ വാര്‍ഷികപരിപാടികളില്‍നിന്നാണ് സുധാകരനെ ഒഴിവാക്കിയത്.
കഴിഞ്ഞതവണ പൊതുസമ്മേളനത്തില്‍ പ്രസംഗകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഇത്തവണ നോട്ടീസില്‍ സുധാകരന്റെ പേരില്ല. കടുത്തവാക്കുകളിലൂടെ അതൃപ്തി പ്രകടമാക്കിയ സുധാകരനെ അനുനയിപ്പിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, ജില്ലാ സെക്രട്ടേറിയറ്റംഗം എം. സത്യപാലന്‍ എന്നിവര്‍ വ്യാഴാഴ്ച വീട്ടിലെത്തി കണ്ടിരുന്നു.
പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കാന്‍ ശ്രമമുണ്ടാകുമെന്ന വിവരവും പുറത്തുവന്നു. എന്നാല്‍, തൊട്ടുപിന്നാലെയാണ് ജി. സുധാകരനെ ഉള്‍പ്പെടുത്താതെ നോട്ടീസ് പുറത്തുവന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് 23-ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്.
ആലപ്പുഴയില്‍ ജി.സുധാകരനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈവിട്ടു പോകരുതെന്ന നിലപാടില്‍ സിപിഎം സംസ്ഥാന നേതൃത്വം. രണ്ടു കൂട്ടരും തിരുത്താനുണ്ടെന്ന നിലപാടിലാണ് പല നേതാക്കളും. പാര്‍ട്ടി അവഗണിക്കുന്നെന്ന തോന്നല്‍ സുധാകരനുണ്ടാകാതെ ജില്ലാ നേതൃത്വം ശ്രദ്ധിക്കണം; പാര്‍ട്ടിക്കെതിരെ പരസ്യ പ്രതികരണങ്ങള്‍ നടത്താതെ സുധാകരനും നോക്കണം. ആലപ്പുഴയില്‍ പാര്‍ട്ടി ഐക്യം ശക്തിപ്പെടണമെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിനുണ്ട്. പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന സമയത്തുതന്നെ ഇടപെട്ട് തീര്‍ക്കുന്നതില്‍ പോരായ്മകളുണ്ടെന്ന വിമര്‍ശനം ജില്ലാ നേതൃത്വത്തിനെതിരെ മാത്രമുള്ളതല്ല; സംസ്ഥാന നേതൃത്വത്തിനും പങ്കുവഹിക്കാനുണ്ടെന്നു നേതാക്കള്‍ സമ്മതിക്കുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ മന്ത്രി സജി ചെറിയാനെതിരെ ജി. സുധാകരന്‍ നടത്തിയ പ്രസ്താവനകള്‍ സംഘടനാ അച്ചടക്കത്തിനു ചേര്‍ന്നതല്ലെന്ന ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ പ്രതികരണം നേതാക്കളുമായി കൂടിയാലോചിച്ചു നടത്തിയതാണ്. അതേസമയം തന്നെ അനുനയത്തിനു ശ്രമിച്ചില്ലെന്ന പ്രതീതി പാടില്ലെന്നും നേതൃത്വം തീരുമാനിച്ചിരുന്നു.
'രാജകൊട്ടാരത്തിലെ വിദൂഷകര്‍ക്കു മാത്രമാണ് ഇപ്പോള്‍ കാര്യമുള്ളത്, മാന്യരായ ആളുകള്‍ക്ക് സിപിഎമ്മില്‍ സ്ഥാനമില്ല'
കോണ്‍ഗ്രസ് വേദികളില്‍ പോയതിന്റെ പേരിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ സജി ചെറിയാന്റെ അനുയായികളുണ്ടെന്ന രോഷമാണ് സുധാകരന്റെ രൂക്ഷവിമര്‍ശനത്തിനു പ്രകോപനം. സജി അവരെ തിരുത്തിയില്ലെന്നും പാര്‍ട്ടി നടപടിയെടുത്തില്ലെന്നുമാണ് സുധാകരന്റെ പരാതി. സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന എട്ടാം നമ്പര്‍ കാര്‍ തന്നെ മന്ത്രിയായപ്പോള്‍ സജി തിരഞ്ഞെടുത്തത് യാദൃച്ഛികമല്ലെന്നു കരുതുന്നവരുണ്ട്; സുധാകരനെ അങ്ങനെ ധരിപ്പിച്ചിട്ടുള്ളവരുണ്ട്. പൊതുമരാമത്തു മന്ത്രിയായിരുന്ന കാലത്ത് സുധാകരന്‍ മുന്‍കയ്യെടുത്ത് ആരംഭിച്ച പദ്ധതി കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തപ്പോള്‍ ക്ഷണിക്കാതിരുന്നതാണ് ഒടുവിലുണ്ടായ പ്രകോപനം. പാര്‍ട്ടി സര്‍ക്കാര്‍ പരിപാടികളില്‍ പോയി 'കാഴ്ചക്കാരനായി' ഇരിക്കാനില്ലെന്ന സൂചന നേരത്തേ സുധാകരന്‍ നല്‍കിയിട്ടുള്ളതിനാല്‍ പലപ്പോഴും ക്ഷണിക്കാറില്ല.
കോണ്‍ഗ്രസിന്റെ പരിപാടിയില്‍ പോയി 'സ്വര്‍ണപ്പാളി മോഷണത്തിനും കേരളം നമ്പര്‍ വണ്‍' എന്ന് സര്‍ക്കാരിനെ പരിഹസിക്കുന്ന തരത്തില്‍ മുന്‍ ദേവസ്വം മന്ത്രി കൂടിയായ സുധാകരന്‍ പ്രതികരിച്ചതു നേതൃത്വത്തിനു തീരെ രുചിച്ചിട്ടില്ല. കെ.ആര്‍.ഗൗരിയമ്മയെ പുറത്തുചാടിക്കാനായി കെ.കരുണാകരന്‍ വികസനസമിതി ഉണ്ടാക്കി അതിലേക്കു ക്ഷണിച്ചപ്പോള്‍ അതില്‍ ഗൗരിയമ്മ പങ്കെടുക്കുന്നതിനെ അതിശക്തമായി എതിര്‍ത്തവരുടെ മുന്നില്‍ സുധാകരനുണ്ടായിരുന്നില്ലേയെന്ന് ഓര്‍മിപ്പിക്കുന്നവരുമുണ്ട്.
സാങ്കേതികമായി ബ്രാഞ്ച് അംഗം മാത്രമായ സുധാകരനെതിരെ അച്ചടക്കനടപടിക്കു സാധ്യതയില്ല. ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ ഇന്നു ചേരുന്ന സെക്രട്ടേറിയറ്റ് വിലയിരുത്തിയേക്കും. എ.കെ.ബാലനും സുധാകരനും തമ്മിലുണ്ടായ ഉരസലും പാര്‍ട്ടിക്കു മുന്നിലുണ്ട്.