ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല; ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ? പ്രായപരിധി നിബന്ധനക്കെതിരെ ജി. സുധാകരന്‍; പിണറായിസം ഒതുക്കിയവര്‍ തുറന്നുപറച്ചിലിന്
ചട്ടം ഇരുമ്പുലക്കയല്ല, 75 വയസ്സിലെ വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെ അപ്രമാധിത്തതെ ചോദ്യം ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും പരിചയസമ്പന്നരെ കൂട്ടത്തോടെ ഒഴിവാക്കിയത്. കെ കെ ശൈലജയും എം എം മണിയും അടക്കം നിരവധി പ്രമുഖര്‍ ഇങ്ങനെ ഒതുക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ജി സുധാകരനും തോമസ് ഐസക്കും അടക്കമുള്ളവര്‍ക്ക് സീറ്റ് പോലും നല്‍കാതെ പാര്‍ട്ടി ഒതുക്കി. അന്ന് പാര്‍ട്ടി പറഞ്ഞത് അനുസരിച്ച ഇപ്പോള്‍ പിണറായിസത്തിനെതിരെ ശബ്ധിച്ചു തുടങ്ങിയിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ പ്രമുഖന്‍ ആലപ്പുഴയിലെ കരുത്തന്‍ ജി സുധാകരനാണ്. ജനങ്ങളുടെ ഇഷ്ടനേതാവായിട്ടും ജില്ലയിലെ ഗ്രൂപ്പിസം കാരണം ഒതുക്കപ്പെട്ടിരിക്കയാണ് അദ്ദേഹം. കുറച്ചുകാലമായി അദ്ദേഹം സര്‍ക്കാറിനെതിരെ അടക്കം വിമര്‍ശനങ്ങളുമായി എത്തുകയുണ്ടായി. ഇപ്പോഴിതാ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധനക്കെതിരെ രംഗത്തുവന്നിരിക്കയാണ് മുന്‍ മന്ത്രി ജി സുധാകരന്‍.
പ്രായപരിധി മാനദണ്ഡം പാര്‍ട്ടിക്ക് ഗുണമാകില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വ്യക്തമാക്കുന്നു. 75 വയസ് കഴിഞ്ഞാല്‍ വിരമിക്കണമെന്ന തീരുമാനം പ്രസ്ഥാനത്തിന് ഗുണകരമാണോ എന്ന് പരിശോധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കൊല്ലം എസ്.എന്‍.ഡി.പി യോഗം ആസ്ഥാനത്ത് ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗണ്‍സിലിന്റെ വിരമിച്ച അധ്യാപകരുടെ പരിപാടിയിലാണ് സുധാകരന്‍ പ്രായപരിധി നിബന്ധനയെ രൂക്ഷമായി വിമര്‍ശിച്ചത്.
75 വയസ് കഴിഞ്ഞുള്ള വിരമിക്കല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പറഞ്ഞിട്ടില്ല. പ്രത്യേക സാചര്യത്തില്‍ കൊണ്ടുവന്നു. ഞങ്ങളെല്ലാം അംഗീകരിച്ചു. ചട്ടം കൊണ്ടു വന്നവര്‍ക്ക് അത് മാറ്റിക്കൂടേ? ചട്ടം ഇരുമ്പുലക്കയല്ല. പറ്റിയ നേതാക്കളെ കിട്ടാതെ വന്നാല്‍ എന്തു ചെയ്യും? 75 വയസ് കഴിഞ്ഞവരെ മത്സരിപ്പിക്കണമെന്ന് ആരും പറഞ്ഞില്ല. പക്ഷേ വയസ്സായത് കൊണ്ട് സ്ഥാനത്തിരിക്കാന്‍ പാടില്ല എന്ന് പറയുന്നത് ശരിയാണോ എന്നും സുധാകരന്‍ ചോദിച്ചു.
ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കില്‍ എന്താകും അവസ്ഥ. പിണറായി വിജയന് 75 വയസ് കഴിഞ്ഞു. പക്ഷേ, മുഖ്യമന്ത്രിയാകാന്‍ വേറെ ആള്‍ വേണ്ടേ. പ്രായപരിധിയില്‍ ഇളവ് നല്‍കിയാണ് പിണറായി വിജയനെ വീണ്ടും മുഖ്യമന്ത്രിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രായപരിധി നിബന്ധന അടക്കം പിണറായിക്ക് മാത്രം ബാധകമല്ലെന്ന നിലപാട് തുടരുന്നതില്‍ സിപിഎമ്മില്‍ അമര്‍ഷമുണ്ടെന്ന സൂചന കൂടിയാണ് ഇപ്പോഴത്തെ തുറന്നുപറച്ചില്‍. പ്രായപരിധി മാനദണ്ഡപ്രകാരം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് താന്‍ പദവികളില്‍നിന്ന് ഒഴിയണം എന്നു തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അതില്‍ വ്യക്തിപരമായ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
'23ാം പാര്‍ട്ടി കോണ്‍ഗ്രസ് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. 75 വയസ്സിനു മുകളില്‍ പ്രായമുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ യുവാക്കള്‍ക്കായി മാറണം. അടുത്ത ഇലക്ഷന് മുന്നോടിയായി സ്ഥാനമൊഴിയുമോ?''എന്നായിരുന്നു ചോദ്യം. അതിന് പിണറായിയുടെ പ്രതികരണം ഇങ്ങനെ: '' ഈ ചോദ്യത്തിന് മറുപടി പറയേണ്ടത് ഞാനല്ല. ഒരു വ്യക്തിക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല. കൂട്ടായ തീരുമാനത്തിലൂടെയാണ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്. പ്രായപരിധി മാനദണ്ഡം പാര്‍ട്ടി തുടരും. എന്റെ കാര്യമെടുത്താല്‍, പാര്‍ട്ടിയാണ് അത് തീരുമാനിക്കേണ്ടത്. ഞാന്‍ എപ്പോഴും പാര്‍ട്ടിക്കായും വിശാലമായ സമവായം അനുസരിച്ചുമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് ''പിണറായി പറഞ്ഞിരുന്നു.
സിപിഎമ്മിനുള്ളില്‍ മുന്‍പില്ലാത്ത വിധത്തില്‍ പിണറായിക്കെതിരെ നീക്കം നടക്കുന്നും എന്ന സൂചനകള്‍ ശക്തമാണ്. രണ്ടു പതിറ്റാണ്ടിന് ശേഷം പിണറായിയ്ക്ക് നേരെ സിപിഎമ്മില്‍ ചോദ്യം ഉയരുന്നു. പിണറായിസം വീഴുമോ എന്ന ചര്‍ച്ച സജീവമാകുകയും ചെയ്യുന്നുണ്ട്. സിപിഎമ്മിന്റെ മലപ്പുറം സമ്മേളനത്തിലാണ് ചോദ്യം ചെയ്യാന്‍ കഴിയാത്ത ശക്തിയായി പിണറായി വിജയന്‍ മാറിയത്. വിഎസ് അച്യുതാനന്ദന്‍ എന്ന രാഷ്ട്രീയ ഗുരുനാഥന്റെ ചിറകുകള്‍ പിണറായി അരിഞ്ഞു വീഴ്ത്തിയത് ഈ സമ്മേളനത്തിലാണ്. വിഎസും പിണറായിയും രണ്ടു ധ്രുവങ്ങളിലായി നിന്ന സമയത്തായിരുന്നു 2005ലെ മലപ്പുറം സമ്മേളനം. സംസ്ഥാന കമ്മിറ്റിയിലേക്കു മത്സരം വേണ്ടെന്നായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.