'പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല', വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഗൗരി പാര്‍വ്വതി; ഗൗരിയുടെ പേരുള്ളത് വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റില്‍; ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി
'പാര്‍ട്ടിക്കുള്ളില്‍ നിന്ന് തിരിച്ചടി പ്രതീക്ഷിച്ചില്ല',
ആലപ്പുഴ: ആലപ്പുഴയിലും വോട്ടര്‍ പട്ടികയില്‍ ക്രമക്കേടെന്ന് പരാതി. ആലപ്പുഴ നഗരസഭ വലിയമരം വാര്‍ഡിലെ ഗൗരി പാര്‍വതി രാജാണ് പരാതി ഉന്നയിച്ച് രംഗത്തുവന്നത്. പുനഃപ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ ഒഴിവാക്കിയവരുടെ ലിസ്റ്റിലാണ് ഗൗരിയുടെ പേരുള്ളത്. 25/10/2025 ലെ വോട്ടര്‍ പട്ടികയില്‍ ഗൗരിയുടെ പേരുണ്ടായിരുന്നു. എന്നാല്‍, പരിഷ്‌കരിച്ച വോട്ടര്‍ ലിസ്റ്റില്‍ ഗൗരിയുടെ പേരില്ല. വലിയമരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയിലുള്ള ആളായിരുന്നു ഗൗരി.
സ്ഥാനാര്‍ത്ഥിയായി പേര് ചര്‍ച്ചയില്‍ വന്ന ശേഷമാണ് പേര് ഒഴിവാക്കിയതെന്ന് ഗൗരി ആരോപിക്കുന്നു. സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ക്ക് ഗൗരി പരാതി നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ഗൗരി ആരോപിക്കുന്നത്.
താന്‍ വലിയമരം വാര്‍ഡില്‍ സ്ഥിരതാമസക്കാരിയല്ലെന്ന് ആര്‍ സിയാദ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പരാതി നല്‍കി. തുടര്‍ന്ന് ഹിയറിങിന് എത്തുകയും രേഖകള്‍ ഹാജരാക്കുകയും ചെയ്തു. എന്നാല്‍ സ്ഥാനാര്‍ത്ഥി ആക്കാതിരിക്കാനുള്ള ശ്രമമാണ് നടന്നത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഗൗരി പാര്‍വതി പറഞ്ഞു.