ആഗോള അയ്യപ്പ സംഗമത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തമാകണം; തികഞ്ഞ അയ്യപ്പ ഭക്തര്‍ സമിതിയില്‍ വേണമെന്നും ജി സുകുമാരന്‍ നായര്‍; നിലവിലെ നേതൃത്വം മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയായ സമിതിക്ക്; എന്‍എസ്എസിന്റെ പിന്തുണ ഉപാധികളോടെ; വിശദീകരണം എതിര്‍പ്പുകള്‍ വന്നതോടെ

ആഗോള അയ്യപ്പ സംഗമം: എന്‍.എസ്.എസിന്റെ പിന്തുണ ഉപാധികളോടെ

Update: 2025-08-30 13:44 GMT

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തോട് സഹകരിക്കാനുളള എന്‍എസ്എസ് തീരുമാനത്തിന് എതിരെ വിമര്‍ശനങ്ങള്‍ വന്നതോടെ, നിലപാട് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ഉപാധികളോടെയാണ്.

ശബരിമലയില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക്‌ കോട്ടം തട്ടാതെയും, ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗോള അയ്യപ്പ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അതുനല്ലത് തന്നെയാണ്. സംഗമത്തിന്റെ ആവശ്യത്തിനായി രൂപീകരിക്കുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും, തികഞ്ഞ അയ്യപ്പ ഭക്തരെ ഉള്‍ക്കൊള്ളുന്നതും ആകണം. അങ്ങനെയെങ്കില്‍ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ കഴിയുകയുള്ളുവെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. എന്‍എസ്എസിന്റെ നിലപാടിനെ വിമര്‍ശിച്ചും അല്ലാതെയുമുളള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും മന്ത്രിമാര്‍ അംഗങ്ങളായുമുള്ള സമിതിയാണ് സംഗമത്തിന് നേതൃത്വം നല്‍കുന്നത്.




 

അതേസമയം, എന്‍.എസ്.എസിന്റെ നിലപാടിനെതിരെ ബി.ജെ.പി. രംഗത്തെത്തി. ശബരിമല പ്രക്ഷോഭങ്ങളുടെ പേരില്‍ കരയോഗാംഗങ്ങള്‍ക്കും മക്കള്‍ക്കും പാസ്‌പോര്‍ട്ട് പോലും ലഭിച്ചില്ലെന്ന് എന്‍.എസ്.എസ്. ഓര്‍ക്കണമെന്ന് ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്‍എസ്എസ് പിന്തുണയ്ക്കുമ്പോള്‍ സംഗമം ഇലക്ഷന്‍ സ്റ്റണ്ടെന്ന് സംശയിക്കുകയാണെന്നാണ് യോഗക്ഷേമ സഭ പ്രതികരിച്ചത്. അതേസമയം, എന്‍എസ്എസ് പിന്തുണ ഊര്‍ജ്ജവും പ്രോത്സാഹനവുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

യുവതി പ്രവേശന വിധി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരിനെതിരെ നാമജപ ഘോഷയാത്രകളിലൂടെയും സമരങ്ങളിലൂടെയും രംഗത്തുവന്ന എന്‍.എസ്.എസ്. ഇപ്പോള്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് ശ്രദ്ധേയമാണ്. ശബരിമല വികസനത്തിനാണ് സംഗമമെന്ന സര്‍ക്കാര്‍ വാദത്തെ എന്‍.എസ്.എസ്. പിന്തുണയ്ക്കുന്നു. ബി.ജെ.പി. എതിര്‍ക്കുമ്പോഴും സംഗമത്തിലേക്ക് കേന്ദ്രമന്ത്രിമാരടക്കം പലരെയും ക്ഷണിച്ചിട്ടുണ്ട്. വിവിധ പാര്‍ട്ടികളെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതേസമയം, ഭൂരിപക്ഷ വര്‍ഗീയത വളര്‍ത്താനുള്ള നീക്കമാണെന്ന് ആരോപിച്ച വി.ഡി. സതീശന്‍ സംഗമത്തില്‍ സഹകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരെ സന്ദര്‍ശിച്ചിരുന്നു. കാലിന് പരിക്കേറ്റ് പെരുന്ന മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വിശ്രമത്തില്‍ കഴിയുന്നതിനിടയിലാണ് മുഖ്യമന്ത്രി അദ്ദേഹത്തെ കാണാനെത്തിയത്

Tags:    

Similar News