വയനാട്ടിലെ ബാങ്ക് നിയമന വിവാദം; ആരോപണങ്ങളില്‍ പരാതി നല്‍കും; ആരെങ്കിലുമൊക്കെ പണം വാങ്ങിച്ച് അവസാനം ജോലി നിഷേധിക്കപ്പെടുമ്പോള്‍ പരാതിയുണ്ടെങ്കില്‍ എന്നെ അറിയിക്കേണ്ടതാണ്; ആരാണ് പണം വാങ്ങിച്ചതെന്ന് ഐ സി ബാലകൃഷ്ണന്‍

വയനാട്ടിലെ ബാങ്ക് നിയമന വിവാദം; ആരോപണങ്ങളില്‍ പരാതി നല്‍കും;

Update: 2024-12-29 12:56 GMT

സുല്‍ത്താന്‍ ബത്തേരി: ഡി.സി.സി ട്രഷററുടെ മരണത്തിന് പിന്നാലെ ഉയര്‍ന്ന വയനാട്ടിലെ ബാങ്ക് നിയമന വിവാദത്തില്‍ പ്രതികരണവുമായി ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ. തനിക്കെതിരേ ഉയര്‍ന്നുവന്ന ആരോപണത്തിലും പുറത്തുവന്ന രേഖകളുമായി ബന്ധപ്പെട്ടും എസ്.പിക്ക് തിങ്കളാഴ്ച പരാതി നല്‍കുമെന്ന് ഐ സി ബാലകൃഷ്ണന്‍ അറിയിച്ചു.

സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ഒരു ജനപ്രതിനിധിയാണ് ഞാന്‍. എനിക്കെതിരേ 2021-ല്‍ ആരോപണമുയര്‍ന്നപ്പോള്‍ കെ.പി.സി.സിക്ക് പരാതികൊടുത്തു. അന്വേഷിച്ചപ്പോള്‍ അത് വ്യാജമാണെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടു. അവര്‍ക്കെതിരേ നടപടിയെടുത്തു. അതുപോലെ ഇതും പാര്‍ട്ടിയെ അറിയിക്കും. രേഖകള്‍ ഞാന്‍ എടുത്തുവെച്ചിട്ടുണ്ട്. - ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു.

ആരെങ്കിലുമൊക്കെ പണം വാങ്ങിച്ച് അവസാനം ജോലി നിഷേധിക്കപ്പെടുമ്പോള്‍ പരാതിയുണ്ടെങ്കില്‍ എന്നെ അറിയിക്കേണ്ടതാണ്. ആരാണ് പണം വാങ്ങിച്ചത്, എപ്പോഴാണ് പണം വാങ്ങിയതെന്ന് പറയാമല്ലോ. ഞാന്‍ എം.എല്‍.എ യല്ലേ. അവര്‍ എന്നെ വിശ്വസിക്കേണ്ടതല്ലേ. എന്താണ് അവര്‍ക്ക് പറയാന്‍ പേടിയെന്നും ഐ.സി ബാലകൃഷ്ണന്‍ ചോദിച്ചു.

അതേസമയം വിവാദങ്ങളില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നതയഉണ്ട്. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ പാര്‍ട്ടിയിലെ തന്നെ ചിലരെന്ന് സംശയിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ സൂചിപ്പിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്ന സിപിഎം ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം.

എന്‍. എം വിജയന്റെ ആത്മഹത്യക്കു പിന്നാലെ വാദപ്രതിവാദങ്ങള്‍ കൊഴുക്കുകയാണ്. സ്ഥലം എം. എല്‍.എ ഐ സി ബാലകൃഷ്ണനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാണ് സിപിഎമ്മിന്റെ ആരോപണങ്ങളൊക്കെയും.ആത്മഹത്യക്ക് ഉത്തരവാദി കെപിസിസിയും ഐ.സി ബാലകൃഷ്ണനുമാണെന്നും ബാങ്ക് നിയമപരമായി ബന്ധപ്പെട്ട് കോടികള്‍ കോഴ വാങ്ങിയതിനു പിന്നില്‍ ഐ. സി ബാലകൃഷ്ണന്‍ അടക്കമുള്ളവരാണെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആരോപിച്ചു.

രാജി ആവവശ്യപ്പെട്ട് സിപിഎം നാളെ ഐസി ബാലകൃഷ്ണന്റെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും. ഡിവൈഎഫ്‌ഐയും പ്രതിഷേധത്തിനൊരുങ്ങുകയാണ്. അതേ സമയം തനിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഐ. സി ബാലകൃഷ്ണന്റെ വിലയിരുത്തല്‍. ഇന്നലെ പുറത്തുവന്ന 30 ലക്ഷത്തിന്റെ കരാറില്‍ തന്റെ പേര് ചേര്‍ത്തത് വ്യാജമായാണെന്നും 2021 ലെ രേഖകള്‍ വീണ്ടും പുറത്തു വന്നതിനു പിന്നില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുള്ള സംഘമാണെന്നും ഐ.സി ബാലകൃഷ്ണന്‍.

ബാങ്ക് നിയമനത്തില്‍ കോടികള്‍ വാങ്ങിയത് ഐ. സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നായിരുന്നു ബിജെപിയുടെ ആരോപണം. എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധത്തിനിറങ്ങുമെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ പറഞ്ഞു. അതിനിടെ ആത്മഹത്യയെ പറ്റി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു. ബത്തേരി ഡിവൈഎസ്പിക്കാണ് അന്വേഷണചുമതല.

Tags:    

Similar News