നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി; മണ്ഡലം കണ്‍വെന്‍ഷനുമായി യുഡിഎഫ് വിജയത്തിന് കച്ചമുറുക്കി മുസ്ലിംലീഗ് ഒരു മുഴം മുമ്പേ; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍; യുഡിഎഫില്‍ ആകാംക്ഷ സ്ഥാനാര്‍ഥി വി എസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ എന്നറിയാന്‍
നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ മാത്രം മതി
മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്. അടുത്തു തന്നെ ഉപതിരഞ്ഞെടുപ്പിന് വിജ്ഞാപനം വരുമെന്നാണ് കണക്കാക്കുന്നത്. ഇത് മുന്നില്‍കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫ് തുടക്കമിട്ടു കഴിഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചാല്‍ എന്തുവില കൊടുത്തു വിജയിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ് മുസ്ലീംലീഗ് മുന്നോട്ടു പോകുന്നത്.
നിലമ്പൂരില്‍ വിപുലമായ മുസ്ലിംലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് ലീഗ് കടന്നത്. യുഡിഎഫിന്റെ സ്ഥാനാര്‍ഥികളാകാന്‍ സാധ്യതയുള്ള ആര്യാടന്‍ ഷൗക്കത്തും, വി.എസ് ജോയിയും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ഇതോടൊപ്പം രാജിവെച്ച പി വി അന്‍വറും നിലമ്പൂരിലെ ലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കാളികളായി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ തുടക്കമാകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ യോഗത്തില്‍ പ്രഖ്യാപിച്ചു. യുഡിഎഫില്‍ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പ്രചരിപ്പിച്ച് ആരും മനപ്പായസം ഉണ്ണേണ്ടെന്നും ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിലമ്പൂര്‍ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞതായി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അന്‍വറിന് വരെ നില്‍ക്കാന്‍ കഴിയില്ലെങ്കില്‍ എല്‍ഡിഎഫില്‍ ഇനിയും എംഎല്‍എമാരുടെ എണ്ണം കുറയുമെന്നും അദേഹം പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സ്ഥാനാര്‍ഥിക്ക് ലീഗ് പിന്തുണ പ്രഖ്യാപിക്കുമെന്നും നിലമ്പൂരില്‍ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇടതുപക്ഷ പ്രവര്‍ത്തകരായിരിക്കും യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്ത പി വി അന്‍വര്‍ പറഞ്ഞു.
യുഡിഎഫ് മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്കിടയാണ് ലീഗ് വേദിയില്‍ അന്‍വര്‍ എത്തിയത്. വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്ന് പിവി അന്‍വര്‍ പറഞ്ഞു. രാജി രാഷ്ട്രീയ തീരുമാനമായിരുന്നുവെന്ന് അന്‍വര്‍ വ്യക്തമാക്കി.
നിലമ്പൂരിലെ തെരഞ്ഞെടുപ്പ് കേരളത്തിലെ ജനങ്ങളും പിണറായിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും. കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍കര്‍ നിവര്‍ത്തികേടുകൊണ്ടാണ് സിന്ദാബാദ് വിളിക്കുന്നത്. അവരുടെ മനസ്സ് യുഡിഎഫിനൊപ്പമാണ്. പിണറായിയോടൊപ്പം നില്‍ക്കുന്ന ഒരു പ്രൈവറ്റ് കമ്പനി മാത്രമായി മാറിയിരിക്കുകയാണ് സിപിഎം എന്ന് പി.വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതകള്‍ വന്നിട്ടില്ല. ആര്യടന്‍ ഷൗക്കത്തിന്റെയും വിഎസ് ജോയുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ആരെ തള്ളും, ആരെക്കൊള്ളും എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എല്ലാ ഘടകങ്ങളും പരിശോധിച്ച് സൂക്ഷ്മതയോടെ സ്ഥാനാര്‍ത്ഥിനി നിര്‍ണയം നടത്താനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പി.വി അന്‍വറിന്റെ നിലപാടും നിര്‍ണായകമാണ്. അന്‍വര്‍ ജോയിയെ പിന്തുണക്കുന്ന നിലപാടിലാണ്.
നേരത്തെ വിഎസ് ജോയിയുടെ പേരാണ് പി.വി അന്‍വര്‍ ഉയര്‍ത്തി കാട്ടിയിരുന്നത്. ആ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് പി.വി അന്‍വര്‍ എന്നാണ് സൂചന. എന്നാാല്‍ സ്ഥാനാര്‍ഥിത്വം വിട്ടുകൊടുക്കാന്‍ ആര്യാടന്‍ ഷൗക്കത്തും തയ്യാറല്ല. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിവി അന്‍വര്‍ ഇടയുമോ എന്നതും കോണ്‍ഗ്രസിന് ആശങ്കയുണ്ട്. ഇതോടെ ഇവിടെ മുസ്ലിംലീഗിന്റെ അഭിപ്രായം നിര്‍ണായകമായി മാറും. സ്ഥാനാര്‍ഥി ആരായാലും കൈമെയ് മറന്ന് ഇറങ്ങാനാണ് ലീഗ് ഒരുങ്ങുന്നത്.
അതേസമയം നിലമ്പൂരില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സിപിഎം ഒരുങ്ങുന്നത്. മുന്‍ ഫുട്‌ബോള്‍ താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായി യു. ഷറഫലി, ചുങ്കത്തറ മാര്‍ത്തോമാ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു, നിലമ്പൂര്‍ ജില്ലാ ആശുപത്രി സുപ്രണ്ട് ഡോ. ഷിനാസ് ബാബു എന്നിവരാണ് സിപിഎം പരിഗണനയില്‍ ഉള്ളതെന്നാണ് വിവരം. വിജയസാധ്യതയുള്ള മറ്റു സ്വതന്ത്ര സ്ഥാനാര്‍ഥികളേയും പരിഗണിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പില്‍ പൂര്‍ണമായും സ്വതന്ത്ര പരീക്ഷണം ഉപേക്ഷിക്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം വിപി അനില്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉയരുന്നത്. പ്രാഥമിക ഘട്ടത്തില്‍ യു. ഷറഫലി, തോമസ് മാത്യു, ഡോ. ഷിനാസ് ബാബു എന്നവിരാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.
സ്വതന്ത്ര പരീക്ഷണത്തിലുള്ള അതൃപ്തി കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റിയ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യനായ ഒരു സ്വതന്ത്രനെ പരിഗണിക്കണമെന്ന നിലപാടാണ് സിപിഎമ്മിനുള്ളതെന്നാണ് സൂചന. മലപ്പുറത്ത് സിപിഎമ്മിന്റെ സ്വതന്ത്ര പരീക്ഷണങ്ങളില്‍ പലതും ഫലം കണ്ടിരുന്നു. ഇതേരീതി തന്നെ വീണ്ടും തുടരാനാണ് സാധ്യത.