പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല്‍ വീട്ടിലെത്തി; അനുവാദം ചോദിക്കാതെ വീട്ടില്‍ വന്നത് ശരിയായില്ലെന്ന് രവി; ജലീല്‍ കാര്യങ്ങള്‍ പറയേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമതിയോടെന്നും പ്രതികരണം
പാലോട് രവിയോട് മാപ്പുപറഞ്ഞ് ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച പുല്ലമ്പാറ ജലീല്‍ വീട്ടിലെത്തി
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണത്തില്‍ കെ.പി.സി.സി അച്ചടക്ക സമിതിയുടെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ രാജിവെച്ച ഡി.സി.സി മുന്‍ അധ്യക്ഷന്‍ പാലോട് രവിയെ സന്ദര്‍ശിച്ച് വാമനപുരം ബ്ലോക്ക് സെക്രട്ടറി പുല്ലമ്പാറ ജലീല്‍. ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞുവെന്ന് എ. ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവര്‍ക്കും ഇടയിലെ പ്രശ്‌നം പരിഹരിച്ചെന്നും പാലോട് രവി തന്നെ സന്തോഷത്തോടെ സ്വീകരിച്ചെന്നും ജലീല്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് ജലീല്‍ പാലോട് രവിയുടെ വീട്ടിലെത്തിയത്.
അതേസമയം, അനുവാദം ചോദിക്കാതെ ജലീല്‍ വീട്ടില്‍ വന്നത് ശരിയായില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ അച്ചടക്ക സമിതിയോടാണ് പറയേണ്ടതെന്നും പാലോട് രവി പ്രതികരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള കെ.പി.സി.സി അച്ചടക്ക സമിതി ഇരുവരില്‍ നിന്നും വിശദീകരണം തേടാനിരിക്കെയാണ് പാലോട് രവിയെ ജലീല്‍ സന്ദര്‍ശിച്ചത്. ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും അടക്കമുള്ള കാര്യങ്ങളാണ് കെ.പി.സി.സി അച്ചടക്കസിമിതിയുടെ അന്വേഷണ പിരിധിയില്‍ വരിക.
വിവാദ ഫോണ്‍ സംഭാഷണത്തിന് പിന്നാലെ നേതൃത്തിന്റെ നിര്‍ദേശപ്രകാരം പാലോട് രവി ഡി.സി.സി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. തുടര്‍ന്ന് ഡി.സി.സിയുടെ താല്‍കാലിക ചുമതല എന്‍. ശക്തന് കെ.പി.സി.സി കൈമാറി. പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴുമെന്നും സി.പി.എമ്മിന് തുടര്‍ഭരണമുണ്ടാകുമെന്നും അതോടെ കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പ്രദേശിക നേതാവിനോട് പറയുന്ന ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.
അതേസമയം, ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തതും പ്രചരിപ്പിച്ചതും ഒരാള്‍ മാത്രമല്ലെന്നും പിന്നില്‍ ഒരു സംഘമുണ്ടെന്നും പാലോട് രവി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഫോണ്‍ സംഭാഷണം പ്രചരിപ്പിച്ചതിന് പിന്നില്‍ തിരുവനന്തപുരം ജില്ലയിലെ ഗ്രൂപ്പിസം ഉണ്ടെന്നും പാലോട് രവി വ്യക്തമാക്കി. പാര്‍ട്ടിയെ നന്നാക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ താന്‍ വെട്ടിലായെന്നും പാലോട് രവി ചൂണ്ടിക്കാട്ടുന്നു.