എലപ്പുള്ളിയിലെ ബ്രൂവറിയില്‍ മന്ത്രിസഭയില്‍ എല്ലാം കേട്ടിരുന്ന് തലയാട്ടിയ മന്ത്രി കൃഷ്ണന്‍കുട്ടിയ്ക്ക് പെരുമാട്ടിയിലെ കൊക്കകോളാ സമരം ഓര്‍മ്മയില്ലേ? എലപ്പുള്ളിയിലെ വിവാദം പാര്‍ട്ടിയെ അറിയിക്കാത്ത മന്ത്രിയെ പിന്‍വലിക്കണമെന്ന് ആവശ്യം; ബ്രൂവറിയില്‍ ജനതാദള്‍ എസിലും പൊട്ടിത്തെറി; മാത്യു ടി തോമസിന്റെ നിലപാട് നിര്‍ണ്ണായകം; കൃഷ്ണന്‍കുട്ടിക്ക് കസേര തെറിക്കുമോ?
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ നിര്‍ദിഷ്ട ബ്രൂവറിയുടെ കാര്യത്തില്‍ നിലപാടെടുക്കാത്തതില്‍ ജനതാദളിലും (മാത്യു ടി.വിഭാഗം) അസംതൃപ്തി. മന്ത്രി കെ കൃഷ്ണന്‍കുട്ടിയെ പിന്‍വലിക്കണമെന്നാണ് ആവശ്യം. മന്ത്രിസഭയില്‍ ഇത്തരമൊരു നിര്‍ദ്ദേശം എത്തിയിട്ടും പാര്‍ട്ടിയെ അറിയിച്ചില്ലെന്നതാണ് കൃഷ്ണന്‍കുട്ടിയ്‌ക്കെതിരായ ആരോപണം. ബ്രൂവറിയെ മന്ത്രി പിന്തുണച്ചത് ശരിയായില്ലെന്നാണ് ആക്ഷേപം. പെരുമാട്ടി പഞ്ചായത്തില്‍ കോക്കകോള ഫാക്ടറി അനുവദിച്ചപ്പോള്‍ അതിനെതിരെ സമരം നയിച്ച പാര്‍ട്ടി ഇക്കാര്യം ഗൗരവത്തോടെ ചര്‍ച്ച പോലും ചെയ്തില്ലെന്ന അമര്‍ഷമാണ് പാര്‍ട്ടിയില്‍. വിഷയത്തില്‍ മാത്യു ടി തോമസ് എടുക്കുന്ന നിലപാടാകും നിര്‍ണ്ണായകം. കൃഷ്ണന്‍കുട്ടിയെ മാത്യു ടി തോമസ് പിന്തുണയ്ക്കുമെന്നാണ് സൂചന.
കൃഷ്ണന്‍കുട്ടിക്കെതിരെ ഒരു വിഭാഗം ജില്ലാ പ്രസിഡന്റുമാര്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന് കത്തു നല്‍കിയിട്ടുണ്ട്. മന്ത്രിസഭയിലെ പാര്‍ട്ടി നോമിനിയായ കെ.കൃഷ്ണന്‍കുട്ടി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുത്തില്ലെന്ന പരാതിയാണ് ഒരു വിഭാഗം നേതാക്കള്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ജൂണിനു ശേഷം നടക്കുന്ന പാര്‍ട്ടിയുടെ ആദ്യ നേതൃയോഗമാണിത്. എച്ച്.ഡി.ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്നു പ്രഖ്യാപിച്ചെങ്കിലും അതിന്റെ നടപടിക്രമങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. അതിന്റെ അമര്‍ഷവും യോഗത്തില്‍ ഉയരും. വിഷയത്തില്‍ കൃഷ്ണന്‍കുട്ടി എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്. ബ്രൂവറിയില്‍ സിപിഐ എതിരഭിപ്രായത്തിലാണ്. പിന്നാലെയാണ് ഇടതു മുന്നണിയിലെ മറ്റൊരു പാര്‍ട്ടിയിലും അമര്‍ഷം ഉയരുന്നത്. ജനതാദള്ളിലെ സംഘടനാ പ്രശ്‌നങ്ങളെ ഈ വിവാദം പുതിയ തലത്തിലെത്തിക്കും.
കേരളത്തില്‍ ഈ ജനതാദള്‍ പിളരാന്‍ പോലും സാധ്യതയുണ്ട്. കേരളത്തിലെ ജനതദള്ളിനെ മാത്യു ടി.വിഭാഗം എന്ന് വിളിക്കാറുണ്ടെങ്കിലും സാങ്കേതികമായി പുതിയ പാര്‍ട്ടി ഉണ്ടായിട്ടില്ല. പേരോ കൊടിയോ ചിഹ്നമോ ഇല്ലാതെ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമെന്ന് ചോദിച്ച് 'കേരള ജനതാദള്‍' സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ജോസ് തെറ്റയില്‍ കത്തു നല്‍കിയത് മാസങ്ങള്‍ക്ക് മുമ്പാണ്. ബിജെപിയുമായി ജനതാദള്‍ (എസ്) സഖ്യത്തിലായതോടെ ബന്ധം വിഛേദിച്ചെന്ന് അവകാശപ്പെട്ട ശേഷം പുതിയ പാര്‍ട്ടിയായി മാറാതെ സംസ്ഥാന നേതൃത്വം ഉരുണ്ടു കളിക്കുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുള്ള ശക്തമായ എതിര്‍പ്പായിരുന്നു ഈ കത്തിന് പിന്നില്‍. 'രാഷ്ട്രീയ പാര്‍ട്ടി എന്ന് നാം അവകാശപ്പെടുന്ന സംഘടനയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവയ്ക്കാനാണ് ഇതു കുറിക്കുന്നത്' എന്ന ആമുഖത്തോടെയാണ് കത്ത്.
ഒരു വര്‍ഷമായി സ്വന്തമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനായിട്ടില്ല. ഇതിനിടയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും നടന്നു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. എന്നിട്ടും നേതൃയോഗം പോലും ചേരാതെ പോകുന്നത് പാര്‍ട്ടിക്ക് ആരോഗ്യകരമല്ല. ഭൂരിപക്ഷം സംസ്ഥാന ഭാരവാഹികളും ഈ ആവശ്യം ഉന്നയിച്ചു മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ നടപടിയില്ല. ഈ അനിശ്ചിതാവസ്ഥ മൂലം പാര്‍ട്ടിയില്‍ കൊഴിഞ്ഞുപോക്കു ശക്തമാണ്. ഈ അവസ്ഥ കാണാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും' ജോസ് തെറ്റയില്‍ മുന്നറിയിപ്പ് നല്‍കിയത് ഇങ്ങനൊയിരുന്നു. അതിന് ശേഷവും കാര്യങ്ങളില്‍ വ്യക്തത വന്നിരുന്നില്ല.
ഗൗഡയുമായുള്ള ബന്ധം വിഛേദിച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതികമായി ബിജെപിക്കൊപ്പമുള്ള ആ പാര്‍ട്ടിയുടെ എംഎല്‍എമാരായാണ് മാത്യു ടി.തോമസും മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും തുടരുന്നത്. പുതിയ പാര്‍ട്ടി രൂപീകരണത്തിനോ ലയനത്തിനോ നേതൃത്വം മുന്‍കയ്യെടുക്കുന്നില്ലെന്നായിരുന്നു പരാതി. കൂറുമാറ്റ നിരോധന നിയമത്തില്‍ തട്ടി എംഎല്‍എ പദവി നഷ്ടപ്പെടാതിരിക്കാനാണ് ഇരുവരും ഈ ഒളിച്ചുകളി നടത്തുന്നതെന്ന പാര്‍ട്ടിക്കുള്ളിലെ അമര്‍ഷമാണ് ജോസ് തെറ്റയിലിന്റെ കത്തിലൂടെ പുറത്തുവന്നത്. അതിന് പുതിയ തലം വരികയാണ് ബ്രൂവറി വിഷയത്തിലെ എതിര്‍ സ്വരങ്ങളിലൂടെ. ബ്രൂവറിയെ ജോസ് തെറ്റയിലും കൂട്ടരും എതിര്‍ക്കാനാണ് സാധ്യത. ബ്രൂവറി വിവാദത്തില്‍ സെക്രട്ടറി തല ചര്‍ച്ചയില്‍ സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ തീരുമാനിച്ച് സിപിഎം ശ്രമിക്കുന്നതിനിടായെണ് ജനതാദള്ളിലും പടപ്പുറപ്പാട്.
ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയതായി സിപിഐയെ അറിയിക്കാനാണഅ സിപിഎം നീക്കം. പാലക്കാട് കഞ്ചിക്കോട് എലപ്പുള്ളിയില്‍ ബ്രൂവറി അനുവദിച്ചതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉയര്‍ന്നത്. കുടിവെള്ള പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിച്ച് മാത്രമേ പദ്ധതി നടപ്പാക്കാവു എന്നാണ് സിപിഐ നിലപാട്. കുടിവെള്ളക്ഷാമം രൂക്ഷമാകും എന്ന പാലക്കാട് ജില്ലാ നേതൃത്വത്തിന്റെ നിലപാട് സംസ്ഥാന നേതൃത്വം അംഗീകരിക്കുകയും ചെയ്തു. അതേസമയം, കുടിവെള്ള പ്രശ്‌നം ഉണ്ടാകുമെന്ന സിപിഐയുടെ വാദങ്ങളെ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും നേരത്തെ തള്ളിക്കളഞ്ഞതാണ്. പാര്‍ട്ടിയുടെ എതിര്‍പ്പ് എല്‍ഡിഎഫ് യോഗത്തില്‍ അറിയിക്കാനും സംസ്ഥാനനേതൃത്വത്തെ എക്‌സിക്യൂട്ടീവ് ചുമതലപ്പെടുത്തിയിരുന്നു.
മുന്നോടിയായി സിപിഎം-സിപിഐ സെക്രട്ടറിമാരുടെ ചര്‍ച്ച നടന്നേക്കും. ചര്‍ച്ചയില്‍ സിപിഐയെ അനുനയിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് സിപിഎം. കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ലെന്നും, ഭൂഗര്‍ഭ ജലം ഉപയോഗിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കിയതും സിപിഎം സിപിഐയെ അറിയിക്കും. സിപിഐയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പദ്ധതിയുമായി മുന്നോട്ടു പോകാം എന്ന് പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.