എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി! സ്വന്തം വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ വാക്കുകളും വെള്ളത്തില്‍ വരച്ച വരയായി; ആകെ പെട്ട് എസ്എഫ്‌ഐയും ; 'അല്പമെങ്കിലും ഉളുപ്പാകാം...', എസ്.എഫ്.ഐ നേതാവിന്റെ വിഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍

എസ്എഫ്‌ഐ വിളിച്ച മുദ്രാവാക്യങ്ങളും വെറുതേയായി!

Update: 2025-10-24 05:07 GMT

കൊച്ചി: വ്യാപക എതിര്‍പ്പുകള്‍ തള്ളി, കേന്ദ്ര സര്‍ക്കാറിന്റെ സ്‌കൂള്‍ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയുടെ ധാരണപത്രത്തില്‍ കേരളം ഒപ്പിട്ട പശ്ചാത്തലത്തില്‍ വെട്ടിലായത് എസ്.എഫ്.ഐയും. കേന്ദ്ര വിദ്യാഭ്യാസ നയത്തെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു നിലപാട് സ്വീകരിച്ച എസ്എഫ്‌ഐക്കാരാണ് ധാരണാപത്രം ഒപ്പിട്ടതോടെ വെട്ടിലായിരിക്കുന്നത്. തങ്ങള്‍ വിളിച്ച മുദ്രാവാക്യങ്ങളും വീരവാദങ്ങളുമെല്ലാം വെറുതേയായി എന്നാണ് എസ്എഫ്‌ഐക്കാരുടെ പൊതുവികാരം. സോഷ്യല്‍ മീഡിയയില്‍ അടക്കം കുട്ടിസഖാക്കളെ പരിഹസിച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി രംഗത്തുവന്നവരില്‍ കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണുമുണ്ട്. വിദ്യാര്‍ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ വിഡിയോ പങ്കുവെച്ച് 'അല്പമെങ്കിലും ഉളുപ്പാകാം...' എന്നാണ് അദ്ദേഹം കുറിച്ചത്. എ.ബി.വി.പി ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ഥി സംഘടനകളും പി.എം ശ്രീയെ എതിര്‍ത്തുവെന്നും കേരളത്തില്‍ ഒരിക്കലും നടപ്പാക്കില്ലെന്നുമാണ് സഞ്ജീവ് വിഡിയോയില്‍ പറയുന്നത്.

'പി എം ശ്രീ അങ്ങനെ പിണറായി ശ്രീ ആയി. എന്തൊക്കെയായിരുന്നു... ഇടതുപക്ഷ ബദല്‍, സംഘപരിവാര്‍ പ്രതിരോധം! മാങ്ങാത്തൊലി, തേങ്ങാക്കുല. ഇത്രക്ക് അനൈക്യമുള്ള പിണറായിസ്റ്റ് മുന്നണി ആണത്രേ 3.0 ഉണ്ടാക്കുന്നത് പരസ്പര ധാരണയില്ലാത്ത പിണറായി മന്ത്രിസഭയാണ് നരേന്ദ്ര മോദിയുമായുള്ള സംഘപരിവാര്‍ പാഠ്യപദ്ധതിയില്‍ ധാരാണാപത്രം ഒപ്പിട്ടത്. തൃശൂര്‍ പൂരം വരെ കലക്കി സുരേഷ് ഗോപിക്ക് പാര്‍ലമെന്റിലേക്ക് വഴിവെട്ടിയ പിണറായി വിജയന്റെ മുന്നില്‍ കീഴങ്ങിയ സിപിഐ ഇവിടേയും തേഞ്ഞു... ഇത്തരം നിലപാടുകളില്‍ എന്നും തോല്‍ക്കാന്‍ മാത്രമാണ് സിപിഐക്ക് വിധി. ഇപ്പോള്‍ ഉറപ്പായില്ലേ പിണറായി മന്ത്രിസഭയിലെ രണ്ടാം കക്ഷി ബിജെപി ആണെന്ന്. ഈ മുന്നണി എല്‍ഡിഎഫ് അല്ല സിജെപി ആണ്...' -ജിന്റോ ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടത് തങ്ങളുടെ സമരവിജയമാണെന്ന അവകാശവാദവുമായി എ.ബി.വി.പി രംഗത്തെത്തി. 'കേരള സര്‍ക്കാര്‍ കേവലമായ രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി സംസ്ഥാനത്ത് പിഎം ശ്രീ പദ്ധതിക്ക് എതിരെ നിലപാടെടുത്തപ്പോള്‍ വിദ്യാര്‍ത്ഥികളുടെ ക്ഷേമം പരിഗണിച്ച് പദ്ധതി കേരളത്തില്‍ നടപ്പിലാക്കണം എന്ന നിലപാടെടുത്ത ഏക വിദ്യാര്‍ത്ഥി സംഘടന എബിവിപി മാത്രമാണ്. പദ്ധതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തുടര്‍ സമരങ്ങളുടെ വിജയമാണ്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണഫലം ലഭിക്കും. 2025 ഏപ്രില്‍ 18ന് പിഎം ശ്രീ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് എബിവിപി പ്രതിനിധി സംഘം വിദ്യാഭ്യാസ മന്ത്രിയെ കാണുകയും വലിയ സമരങ്ങളുമായി വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവിലിറങ്ങുകയും ചെയ്തു.

ജില്ലകളില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നേരെ നടന്ന കരിങ്കൊടി പ്രതിഷേധത്തിന് നേരെ പോലീസിന്റെയും സിപിഐഎം ഗുണ്ടകളുടെയും വ്യാപക ആക്രമണമുണ്ടായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ലാത്തി വീശി. സംസ്ഥാന സെക്രട്ടറിയടക്കം 19 പ്രവര്‍ത്തകര്‍ ജയിലിടക്കപ്പെട്ടു. എബിവിപിയുടെ ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തില്‍ കേരളത്തിലെ ഇതര വിദ്യാര്‍ത്ഥി സംഘടനകള്‍ മുഴുവനും പദ്ധതിയെ എതിര്‍ത്തപ്പോളും സംസ്ഥാനത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്ന പദ്ധതിയില്‍ കേരളം അംഗമാകണം എന്ന നിലപാട് എടുത്തത് എബിവിപി മാത്രമാണ്. മാസങ്ങളോളം നീണ്ട തുടര്‍ സമരങ്ങളുടെ ഫലമാണ് ഇന്നത്തെ നിലപാട് മാറ്റം' - എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിസഭയിലും മുന്നണിയിലും സി.പി.ഐ ഉയര്‍ത്തിയ എതിര്‍പ്പുകള്‍ തള്ളിയാണ് ധാരണപത്രത്തില്‍ കേരളം ഒപ്പിട്ടത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വ്യാഴാഴ്ച ഡല്‍ഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണപത്രത്തില്‍ ഒപ്പിട്ടത്. പി.എം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫണ്ട് തടയപ്പെട്ട സമഗ്ര ശിക്ഷ കേരളത്തിന്റെ (എസ്.എസ്.കെ) ഡയറക്ടര്‍ ഡോ. എ.ആര്‍. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു.

മൂന്നുതവണ മന്ത്രിസഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാര്‍ പദ്ധതിയില്‍ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജന്‍ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു. പദ്ധതിയുടെ ഭാഗമാകുന്നതിലുള്ള വിയോജിപ്പ് സി.പി.എം നേതൃത്വത്തെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചതിന് പിന്നാലെയാണ് ഡല്‍ഹിയിലെ ഒപ്പിടല്‍. പദ്ധതിയില്‍ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയില്‍ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടന്‍ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വര്‍ഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.

2022ല്‍ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുന്‍നിര്‍ത്തിയാണ് കേരളം ഒപ്പിടുന്നതില്‍നിന്ന് പിന്തിരിഞ്ഞുനിന്നത്. ആര്‍.എസ്.എസ് താല്‍പര്യപ്രകാരം കാവിവത്കരണ അജണ്ടയില്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി -2020) പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളില്‍ രണ്ട് സ്‌കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉള്‍പ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.

Tags:    

Similar News