കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്; നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി; പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കേണ്ടത് അനിവാര്യമെന്നും സിപിഎം നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്; നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി

Update: 2025-05-17 11:54 GMT

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ടുള്ള വിദേശ പര്യടനം നടത്തുന്നതിനായി ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും. ശരിയായ നടപടി ആണ് സര്‍ക്കാര്‍ കൈക്കൊണ്ടെതെന്നും, നയതന്ത്ര നീക്കവുമായി സഹകരിക്കാനാണ് തീരുമാനമെന്നും ജോണ്‍ ബ്രിട്ടാസ് അറിയിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതേവരെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ലെന്നും, പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കേണ്ടത് അനിവാര്യമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ലെന്നും, കോണ്‍ഗ്രസ് പറയുന്നതില്‍ കഴമ്പുണ്ടെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. കോണ്‍ഗ്രസ് പറയുന്നത് കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. പ്രതിനിധികളെ തീരുമാനിക്കുന്നതില്‍ കേന്ദ്രം പാര്‍ട്ടികളുടെ അഭിപ്രായം തേടാതിരുന്നത് രാഷ്ട്രീയ പോരായ്മയാണെന്നും എംപി കുറ്റപ്പെടുത്തി. ഓരോ പാര്‍ട്ടിയുടെയും പ്രതിനിധികള്‍ ആരാണെന്ന് പാര്‍ട്ടികളുമായി സംസാരിക്കേണ്ടതായിരുന്നു. പ്രതിനിധികളെ തീരുമാനിച്ചതിനു ശേഷമാണ് രാഷ്ട്രീയപാര്‍ട്ടികളുമായി ചര്‍ച്ച നടത്തിയതെന്നും എംപി പ്രതികരിച്ചു.

അതേ സമയം, ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടത്താന്‍ തീരുമാനിച്ച വിദേശ സന്ദര്‍ശനം സിപിഐഎം പൊളിറ്റ് ബ്യൂറോ സ്വാഗതം ചെയ്തു. പഹല്‍ഗാം ഭീകരാക്രമണവും,ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാന്‍ പ്രധാനമന്ത്രിയും സര്‍ക്കാരും വിസമ്മതിച്ചത് നിര്‍ഭാഗ്യകരമാണെന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

'പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കാനും,ഇന്ത്യയിലെ ജനങ്ങളെ അറിയിക്കാനും,സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍' സംബന്ധിച്ച് വിശദീകരിക്കാന്‍ പ്രധാനമന്ത്രി ബിജെപി-എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ തീരുമാനിച്ചു. ഇത് വിവേചനപരമാണ്, പ്രത്യേകിച്ച് ദേശീയ പ്രാധാന്യമുള്ള ഒരു വിഷയത്തില്‍. അത്തരമൊരു വിശദീകരണത്തിനായി രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുടെയും യോഗം വിളിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു', പ്രസ്താവനയില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പുലര്‍ത്തണം. സ്ഥിതിഗതികളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ഭരണകക്ഷി നേതാക്കളും സംസ്ഥാന മന്ത്രിമാരും പോലും നടത്തുന്ന പ്രചരണം ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

Tags:    

Similar News