42 കിലോ കഞ്ചാവുമായി പിടികൂടിയ ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണ്‍ കേരള കോണ്‍ഗ്രസ് ബി നേതാവ്; കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ നേതാവും; കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാല

കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ചോദ്യവുമായി ജ്യോതികുമാര്‍ ചാമക്കാല

Update: 2024-10-07 14:43 GMT

കൊല്ലം: കൊല്ലം പടപ്പക്കരയില്‍ 42.04 കിലോഗ്രാം കഞ്ചാവുമായി ക്രിമിനല്‍, കൊലപാതക കേസുകളിലെ പ്രതി ഹാലി ഹാരിസണെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇയാളെ പിടികൂടി കഞ്ചാവ് കണ്ടെത്തിയത്. ജില്ലയിലെ കഞ്ചാവ് വിതരണ റാക്കറ്റിലെ പ്രധാനിയാണ് അറസ്റ്റിലായ ഹാലി ഹാരിസണ്‍. ഇയാള്‍ കെ. ബി. ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് (ബി)കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റും കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ ജില്ലാ ട്രഷററും മുന്‍ സംസ്ഥാന സെക്രട്ടറിയുമാണെന്ന് വെളിപ്പെടുത്തുന്നു കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.

കൊലക്കേസ് പ്രതി കേരള കോണ്‍ഗ്രസ് (ബി)യുടെ പ്രധാന പദവികളില്‍ എങ്ങനെയെത്തിയെന്നും യുവതയെ നശിപ്പിക്കുന്ന മയക്കുമരുന്നു ലോബിയുടെ തലവനാണോ യുവജനസംഘടനയായ കേരള യൂത്ത് ഫ്രണ്ട് (ബി)യെ നയിച്ചിരുന്നതെന്നും ചോദിക്കുന്നു ജ്യോതികുമാര്‍ ചാമക്കാല.

ജ്യോതികുമാര്‍ ചാമക്കാലയുടെ പോസ്റ്റ്:

കെ. ബി. ഗണേഷ് കുമാറിന് മറുപടിയുണ്ടോ? ജ്യോതികുമാര്‍ ചാമക്കാല

42 കിലോ കഞ്ചാവുമായി കഴിഞ്ഞ ദിവസം കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടിയ കൊടും ക്രിമിനല്‍ ഹാലി ഹാരിസണ്‍. ഇദ്ദേഹം കൊലപാതക കേസിലടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പോരാത്തതിന് കെ. ബി. ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് (ബ)കുണ്ടറ നിയോജകമണ്ഡലം പ്രസിഡന്റാണ് ഈ 'മാന്യദേഹം'. കേരള യൂത്ത് ഫ്രണ്ട് (ബി) യുടെ മുന്‍ ജില്ലാ ട്രഷററും മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

ഇനി, സമൂഹത്തെയാകെ നന്നാക്കാന്‍ മൈക്കിനും മീഡിയക്കും മുന്നില്‍ തള്ളുന്ന ഭരണ കക്ഷി മന്ത്രി ഗണേശന്‍ മറുപടി പറയുമോ....??- കൊലക്കേസ് പ്രതി നിങ്ങളുടെ പാര്‍ട്ടിയുടെ പ്രധാന പദവികളില്‍ എങ്ങനെയെത്തി?- യുവതയെ നശിപ്പിക്കുന്ന മയക്കുമരുന്നു ലോബിയുടെ തലവനാണോ നിങ്ങളുടെ യുവജനസംഘടനയെ നയിച്ചിരുന്നത്?

കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ രക്ഷാധികാരിയായി ഗണേശന്‍ അവരോധിതനായതും, പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് ഈ ബോട്ട് ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ആയതും ഇതേ കൊടും ക്രിമിനലിന്റെ പിന്തുണയോടെയല്ലേ?

ഒക്ടോബര്‍ 5 ശനിയാഴ്ച കെ. ബി. ഗണേഷ് കുമാറിന്റെ പാര്‍ട്ടി നേതാവിനെ കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഈ നിമിഷം വരെ ഒരു പാര്‍ട്ടി നടപടിയും ഈ മാന്യ മന്ത്രി എടുത്തില്ല. വിചിത്രം. വള വള വര്‍ത്തമാനവും വാചകക്കസര്‍ത്തും മാത്രം പോരാ ഗണേശാ, പ്രവര്‍ത്തിയിലും അത് കാണണം....'ചമയങ്ങള്‍ അഴിപ്പിച്ചുള്ള മുഖം വഴിയേ വരുന്നുണ്ട്...'


Full View

പേരയം വില്ലേജില്‍ കാഞ്ഞിരോട് ദേശത്ത് കോടിയില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വരുന്ന ഹാലി ഹരിസണ്‍ (41) ആണ് 42.060 കിലോഗ്രാം കഞ്ചാവുമായി രണ്ടുദിവസം മുമ്പ് പിടിയിലായത്. കൊല്ലം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ പേരയം കാഞ്ഞിരോട് ദേശത്ത് നടത്തിയ പരിശോധനയിലാണ് ഹാലിയെ പിടികൂടിയത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് ചില്ലറ വില്‍പന നടത്തിവരുന്ന റാക്കറ്റിലെ പ്രധാനിയാണ് . പ്രതിയുടെ വാടക വീടിന് സമീപത്തു നിന്ന് സ്‌കൂട്ടറില്‍ വില്‍പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 2 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതിനെ തുടര്‍ന്നാണ് വീട്ടില്‍ പരിശോധന നടത്തിയത്. കൊല്ലം എക്സൈസ് സംഘം സമീപകാലത്ത് നടത്തിയ വന്‍ കഞ്ചാവ് വേട്ടയാണിത്.

Tags:    

Similar News