'കോവിഡ് കാലത്ത് കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നു; ആ സാഹചര്യം അങ്ങനെയായിരുന്നു; നിയമസഭയില്‍ മറുപടി നല്‍കിയതാണ്'; സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പ്രതികരിച്ച് ശൈലജ

സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലില്‍ പ്രതികരിച്ച് ശൈലജ

Update: 2025-01-21 16:18 GMT

തിരുവനന്തപുരം: കോവിഡ് കാലത്ത് പിപിഇ കിറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ് കാലത്ത് പിപിഇ കിറ്റിന് ക്ഷാമമുണ്ടായിരുന്നപ്പോള്‍ കുറച്ചു കിറ്റുകള്‍ കൂടുതല്‍ വിലയ്ക്ക് വാങ്ങേണ്ടിവന്നിരുന്നുവെന്ന് കെ.കെ. ശൈലജ പറഞ്ഞു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് മുഴുവന്‍ തുകയും നല്‍കിയത്. ലോകയുക്തക്ക് മുന്നില്‍ പരാതി നല്‍കിയപ്പോള്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും കെ.കെ ശൈലജ വ്യക്തമാക്കി.

കോവിഡ് കാലത്തെ പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേടുണ്ടെന്ന സിഎജി കണ്ടെത്തലിനു പിന്നാലെ ആയിരുന്നു ശൈലജയുടെ പ്രതികരണം.

സിഎജി റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ഇത് പറഞ്ഞുകൊണ്ടേയിരിക്കേണ്ട കാര്യമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. അസംബ്ലിയില്‍ താന്‍ ഉള്ളപ്പോള്‍ തന്നെ ഈ വിഷയം പ്രതിപക്ഷം ഉന്നയിച്ചതാണെന്നും വളരെ വ്യക്തമായി എന്താണ് സംഭവിച്ചതെന്ന് മറുപടി പറഞ്ഞതാണെന്നും കെ കെ ശൈലജ പറഞ്ഞു.

പിപിഇ കിറ്റിന് മാര്‍ക്കറ്റില്‍ ക്ഷാമമുള്ള സമയത്ത് കുറച്ച് എണ്ണം ഉയര്‍ന്ന തുക നല്‍കി വാങ്ങേണ്ടി വന്നിട്ടുണ്ട്. ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ലക്ഷക്കണക്കിന് കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. സാഹചര്യത്തിന്റെ ഗൗരവം കേരളത്തിലെ ജനങ്ങള്‍ മറന്നു പോവില്ല എന്നുള്ളത് ഉറപ്പല്ലേ കെ കെ ശൈലജ വ്യക്തമാക്കി.

ആ സമയത്ത് പിപിഇ കിറ്റിന് നല്ല ക്ഷാമം ഉണ്ടായിരുന്നുവെന്നും ഒരു കമ്പനിയുടെ കൈയില്‍ മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ലെന്നും കെകെ ശൈലജ പറഞ്ഞു. ഗുണനിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചതെന്നും വ്യക്തമാക്കി.

''സിഎജി റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ മറുപടി പറഞ്ഞതാണ്. ലോകായുക്തയുടെ മുന്‍പാകെ പ്രതിപക്ഷം പരാതി സമര്‍പ്പിച്ചപ്പോഴും കാര്യങ്ങള്‍ വ്യക്തമാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യക്തമായ മറുപടി പറഞ്ഞു. പിപിഇ കിറ്റിനു ക്ഷാമമുണ്ടായപ്പോള്‍ വില കൂടിയിരുന്നു. ഈ സമയത്താണ് കുറച്ച് പിപിഇ കിറ്റ് കൂടിയ വിലയ്ക്ക് വാങ്ങേണ്ടി വന്നത്. ലക്ഷക്കണക്കിനു കിറ്റുകള്‍ വാങ്ങിയതില്‍ വളരെ കുറച്ച് കിറ്റുകള്‍ മാത്രമാണ് കൂടിയ വിലയ്ക്ക് വാങ്ങിയത്. ആ സാഹചര്യം അങ്ങനെയായിരുന്നു. അത് കേരളത്തിലെ ജനങ്ങള്‍ മറന്നുപോവില്ല. നല്ല ക്ഷാമമുണ്ടായിരുന്നു ആ സമയത്ത് പിപിഇ കിറ്റിന്.'' ശൈലജ പറഞ്ഞു.

''ഒരു കമ്പനിയുടെ കൈവശം മാത്രമേ കിറ്റ് ഉണ്ടായിരുന്നുള്ളൂ. അന്ന്, 50000 കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയെങ്കിലും അത്രയെണ്ണം ലഭിച്ചിരുന്നില്ല. ഗുണനിലവാരം കൂടെ കണക്കിലെടുത്തായിരുന്നു ഓര്‍ഡര്‍ സമര്‍പ്പിച്ചത്. സിഎജി റിപ്പോര്‍ട്ട് കാണാതെ അതേക്കുറിച്ച് ഞാന്‍ ഒന്നും പറയില്ല. വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയും..'' ശൈലജ പറഞ്ഞു.

പിപിഇ കിറ്റ് ഇടപാടില്‍ 10.23 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യതയുണ്ടായി എന്നാണ് സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊതുവിപണിയേക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News