ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ; ക്ഷേമ പെന്‍ഷനില്‍ എന്തിനാണ് കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്ന് പറയുമെന്ന് കെ മുരളീധരന്‍

ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരുന്നവര്‍ പെറുക്കികളെന്ന് കെ മുരളീധരന്‍

Update: 2024-11-30 11:19 GMT

കോഴിക്കോട്: ക്ഷേമ പെന്‍ഷന്‍ നിയമ വിരുദ്ധമായി കൈപ്പറ്റിയ സംഭവം സര്‍ക്കാര്‍ ഗൗരവത്തോടെ കാണണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതില്‍ കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടന്‍ ഭാഷയില്‍ പെറുക്കികളാണെന്ന് പറയും. അത് അവര്‍ക്ക് കൊടുക്കുന്നവര്‍ അതിലേറെ കഷ്ടമാണെന്നും മുരളീധരന്‍ പറഞ്ഞു.

മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാര്‍ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപ്പൂര്‍വമുള്ള ദ്രോഹമാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കണം. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

സന്ദീപ് വാര്യര്‍ വന്നില്ലെങ്കിലും പാലക്കാട് യുഡിഎഫ് ജയിക്കുമായിരുന്നു. സന്ദീപ് വന്നത് കൊണ്ട് ഭൂരിപക്ഷം വര്‍ധിച്ച് വിജയം സ്ട്രോങായി. പരിചയമുള്ള ആള്‍ എന്ന രീതിയിലാണ് രമ്യ ഹരിദാസിനെ ചേലക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. പരാജയപ്പെടുമ്പോള്‍ കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എല്‍ഡിഎഫ് പരസ്യം നല്‍കിയത് വിനയായി. ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി കൈവിട്ടു പോകുമെന്നും മുരളീധരന്‍ പറഞ്ഞു.

തൃശൂരിലെ തോല്‍വിയുമായി ബന്ധപ്പെട്ട് താന്‍ പരാതി പറഞ്ഞിട്ടില്ലാത്തതിനാല്‍ താന്‍ അക്കാര്യം അന്വേഷിക്കേണ്ടതില്ല. പാര്‍ട്ടിയെ എങ്ങനെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താം എന്നാണ് ഇനി ചര്‍ച്ച ചെയ്യേണ്ടത്. തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. എസ്ഡിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം പങ്കെടുത്ത സംഭവത്തില്‍ മുസ്ലിം ലീഗ് ഉചിതമായ നടപടി സ്വീകരിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും അതില്‍ പങ്കെടുത്തിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Tags:    

Similar News