'അടിയന്തരമായി വിജിലൻസ് അന്വേഷണം വേണം'; 'ഇത് ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല'; 'തോമസ് കെ തോമസിനെ ചോദ്യം ചെയ്യണം'; കോഴ ആരോപണ വിവാദത്തിൽ നിലപാട് പറഞ്ഞ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ
തിരുവനന്തപുരം: കോഴ ആരോപണ വിവാദങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. കൂറുമാറ്റത്തിന് രണ്ട് എംഎൽഎമാർക്ക് നൂറ് കോടി കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അടിയന്തരമായി വിജിലൻസ് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ ആരോപിച്ചു.
ഗുരുതരമായ ആരോപണമാണ് തോമസ് കെ തോമസിനെതിരെ ഉയർന്നത്. ഇടത് മുന്നണിക്കുള്ളിൽ തീരുന്ന വിഷയം മാത്രമല്ല. തോമസ് കെ തോമസിനെതിരെയുള്ള കുറ്റം എന്താണ്? മന്ത്രിസഭയിൽ എടുക്കാൻ പറ്റാത്ത ആളാണ് തോമസ് കെ തോമസ് എന്നു മുഖ്യമന്ത്രി പറയുന്നതിലെ കാര്യമെന്താണ്? ഇതെല്ലാം കൃത്യമായി പുറത്ത് വരണമെന്നും തോമസ് കെ തോമസിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എല്‍.എമാരെ വിലയ്‌ക്കെടുന്നത് ഉത്തരേന്ത്യയിലെ നടക്കൂ, അത് കേരളത്തില്‍ നടക്കില്ല. ഇത് ഒരു മുന്നണിയുടെ പ്രശ്‌നമല്ല മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക ആരോപണമില്ലെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ടാണ് തോമസ് .കെ. തോമസിനെ മന്ത്രിസഭയിലെടുക്കാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.
അതേസമയം, താൻ കുറ്റം ഒന്നും ചെയ്തിട്ടില്ലെന്ന് തോമസ് കെ തോമസ് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെയെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.