അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും; ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ല; കെപിസിസി അധ്യക്ഷന്റെ പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്; സതീശന്റെ നിലപാടിന് പിന്നാലെ 'അന്‍വര്‍ നിങ്ങള്‍ അല്‍പം പക്വത കാണിക്കണം, പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്' എന്നു പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കും

Update: 2026-02-09 02:52 GMT

കണ്ണൂര്‍: ബേപ്പൂരിലെ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വമോ? മുഖ്യമന്ത്രിയുടെ മരുമകനെതിരെ പോരാടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു ബേപ്പൂരില്‍ കളത്തിലിറങ്ങി അന്‍വര്‍ പ്രചരണം തുടങ്ങിയെങ്കിലും അന്‍വറിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇപ്പോഴും തൃപ്തനല്ല. ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നടത്തിയ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വീണ്ടും രംഗത്തുവന്നു.

ബേപ്പൂരില്‍ അന്‍വറിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമേ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ എവിടെ മത്സരിച്ചാലും ജയിക്കുമെന്ന അര്‍ത്ഥത്തിലാണ് കെപിസിസി പ്രസിഡന്റ് പ്രതികരിച്ചതെന്നും അത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്നും സതീശന്‍ വിവരിച്ചു. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന സൂചനയാണ് ഇതിലൂടെ പ്രതിപക്ഷ നേതാവ് നല്‍കുന്നത്.

അന്‍വറിന്റെ കാര്യത്തില്‍ യു ഡി എഫില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കുമെന്ന് കൂടിയാണ് സതീശന്‍ നല്‍കുന്ന സന്ദേശം. അന്‍വറിനൊപ്പം യുഡിഎഫില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പെടുത്ത സി കെ ജാനുവിന് സീറ്റ് നല്കാന്‍ യുഡിഎഫ് ഉദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അന്‍വറിന്റെ സീറ്റിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. അതേസമയം ബേപ്പൂരില്‍ പ്രചണം തുടങ്ങിയതു പോലെയാണ് അന്‍വറിന്റെ പെരുമാറ്റം. ഇതിനിടെയാണ് സതീശന്റെ വാക്കുകള്‍ എത്തിയിരിക്കുന്നത്.

സതീശന്റെ പ്രസ്താവനക്ക് പിന്നാലെ ആരോടോന്ന് വ്യക്തമാക്കാതെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍ രംഗത്തുവന്നു. നേരിട്ട് കാര്യങ്ങള്‍ പറയാതെ, ആരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാകാത്ത രീതിയിലായിരുന്നു കുറിപ്പ്. 'അന്‍വര്‍ നിങ്ങള്‍ അല്‍പം പക്വത കാണിക്കണം'. പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്.അതിന് എപ്പോഴാണ് ഞാന്‍ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്? എന്നു ചോദിച്ചാണ് അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

അധികാരത്തിന്റെ ഇടനാഴികളില്‍ അനീതികള്‍ അരങ്ങേറുമ്പോള്‍, നിങ്ങള്‍ എന്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറയുന്നു എന്നും ഫേസ്ബുക്കില്‍ അന്‍വര്‍ കുറിക്കുന്നു. വി ഡി സതീശനുമായുള്ള പ്രശ്‌നങ്ങളെല്ലാം തീര്‍ത്തതാണ് എന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. ഇതിനിടെയാണ് സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ സതീശന്‍ അയയാതെ നിലപാട് എടുക്കുന്നത്. ഇതിനോടുള്ള അമര്‍ഷമാണ് അന്‍വറിന്റെ ഫേസ്ബുക്ക കുറിപ്പിലെന്നും വിലയിരുത്തലുണ്ട്.

അന്‍വറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

'അന്‍വര്‍ നിങ്ങള്‍ അല്‍പം പക്വത കാണിക്കണം'

പറയുന്നത് എന്റെ അഭ്യുദയകാംക്ഷികളാണ്.

'അതിന് എപ്പോഴാണ് ഞാന്‍ പക്വത ഇല്ലാതെ പെരുമാറിയിട്ടുള്ളത്' ?

'അധികാരത്തിന്റെ ഇടനാഴികളില്‍ അനീതികള്‍ അരങ്ങേറുമ്പോള്‍, നിങ്ങള്‍ എന്തിന് പൊതുജനങ്ങള്‍ക്കിടയില്‍ വിളിച്ചു പറയുന്നു',

'പിന്നെ എന്തു ചെയ്യണം ? കണ്ടില്ലെന്ന് നടിക്കണമായിരുന്നോ !'

'നിങ്ങള്‍ രാഷ്ട്രീയക്കാരനാണ്'

'അതെ,ഞാന്‍ രാഷ്ട്രീയക്കാരനാണ്.

പക്ഷേ, അത് ഞാന്‍ അങ്ങോട്ട് ആയതല്ല'

അവരാല്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു'

'നിങ്ങളുടെ പ്രതിയോഗികളെ ശ്രദ്ധിക്കൂ'

മിണ്ടാതെ,പ്രതികരിക്കാതെ, ചോദ്യങ്ങളെ അവഗണിച്ച് ....

'ഇത്ര നിഷ്‌കളങ്കനാകരുത്....'

'കുറച്ചൊക്കെ അഡ്ജസ്റ്റ്‌മെന്റ്....'

എന്തിന്?

'ആര്‍ക്കുവേണ്ടി ......'

Tags:    

Similar News