യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്; കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യമില്ല; ഈ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല; യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്; കെ സുധാകരനെ മാറ്റേണ്ടെന്ന നിലപാടില്‍ കെ മുരളീധരനും
യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്;
കോഴിക്കോട്: കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരനെ മാറ്റണമെന്ന ആവശ്യത്തില്‍ നേതൃത്വത്തിനെതിരെ കെ മുരളീധരന്‍. കെപിസിസി പ്രസിഡന്റ് മാറണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുരളീധരന്‍. ഇപ്പോള്‍ മാറ്റം നല്ലതല്ല. അവസാന തീരുമാനം ഹൈക്കമാന്റിന്റേതാണ്. ഈ ചര്‍ച്ച പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണകരമല്ല. യുഡിഎഫ് ആവേശത്തോടെ മുന്നോട്ടു പോവുകയാണ്. ഇടയ്ക്കിടയ്ക്കുള്ള ഈ വാര്‍ത്ത നല്ലതല്ല. സമുദായങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. പാര്‍ട്ടിയെ സംശയത്തിന്റെ നിഴലില്‍ സമൂഹത്തില്‍ നിര്‍ത്തരുത്. ചര്‍ച്ചയുടെ ആവശ്യമില്ല. ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ലക്ഷ്യം പിണറായിയെ താഴെയിറക്കുക എന്നുള്ളതാണ്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. മാറ്റണമെങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഒരു സഭയും ഈ വിഷയത്തില്‍ തലയിട്ടിട്ടില്ല. കെ സുധാകരന് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. എംപിയായി തുടരുന്നതില്‍ ആരോഗ്യമുണ്ടല്ലോ. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ മാത്രം എന്താണ് ആരോഗ്യക്കുറവ്. പാര്‍ട്ടിയുടെ താല്‍പര്യം അടുത്ത തിരഞ്ഞെടുപ്പ് ജയിക്കുക എന്നുള്ളത്.
അനാവശ്യ വിവാദങ്ങള്‍ നല്ലതല്ല. ഒരു സമുദായവും ഒന്നിലും ഇടപെട്ടിട്ടില്ല. ഏതു മാറ്റം വേണോ വേണ്ടയോ എന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ. ഒരു മാറ്റത്തിന്റെ ആവശ്യം ഇപ്പോള്‍ ഇല്ല. എപ്പോഴും കരുത്തന്മാര്‍ വേണമല്ലോ പാര്‍ട്ടിയെ നയിക്കാന്‍. ഇപ്പോള്‍ നേതൃമാറ്റം വേണ്ട. എന്തെങ്കിലും ഉണ്ടെങ്കില്‍ ഹൈക്കമാന്റ് തീരുമാനിക്കട്ടെ.
അതേസമയം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റും എന്ന വാര്‍ത്തകള്‍ നിഷേധിച്ചു കെ സുധാകരന്‍ രംഗത്തെത്തി. ഹൈക്കമാന്‍ഡ് താനുമായി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മറ്റാരെങ്കിലുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്ന് അറിയില്ല
ഹൈക്കമാന്‍ഡമായുള്ള ചര്‍ച്ചയില്‍ വിഷയമായത് കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ മാത്രം. ഒരു സൂചന പോലും ചര്‍ച്ചയ്ക്കിടയില്‍ നല്‍കിയിട്ടില്ല. താന്‍ മാറണമെന്ന് ആഗ്രഹിക്കുന്നവരാരും കോണ്‍ഗ്രസില്‍ ഉണ്ടെന്ന് തോന്നുന്നില്ല. തന്റെ സേവനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പാര്‍ട്ടിക്കാര്‍.
യുഡിഎഫിനെ അധികാരത്തിലേക്ക് എത്തിക്കുകയും ഇടതുപക്ഷത്തെ ഇല്ലാതാക്കുകയുമാണ് തന്റെ ലക്ഷ്യം. അതുവരെ അധ്യക്ഷ സ്ഥാനത്ത് തുടരേണ്ടത് ആവശ്യമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. ഹൈക്കമാന്റില്‍ നിന്നൊരു വാക്ക് വന്നാല്‍ തന്നെ അംഗീകരിക്കും. തന്റെ രക്തത്തിനായി ദാഹിക്കുന്നവര്‍ ആരെന്നറിയില്ല. ചര്‍ച്ചകള്‍ വന്നതിനുശേഷം പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചിരുന്നു എന്നും കെ സുധാകരന്‍ വ്യക്തമാക്കി.
കഴിഞ്ഞദിവസം കോണ്‍ഗ്രസ് ദേശീയ നേതൃത്വം സുധാകരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയില്‍ കെപിസിസി അധ്യക്ഷ സ്ഥാനം സംബന്ധിച്ച നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും തിരഞ്ഞെടുപ്പ് വിജയങ്ങളും ചൂണ്ടിക്കാണിച്ചതല്ലാതെ സ്ഥാനമൊഴിയുന്നതില്‍ വലിയ എതിര്‍പ്പൊന്നും സുധാകരന്‍ പ്രകടിപ്പിച്ചില്ലെന്നാണ് സൂചന. കേരളത്തിന്റെ സംഘടനാ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടിലും മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കേരളത്തിലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടായതോടെ പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. മാറേണ്ട സാഹചര്യമില്ലെങ്കിലും ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് സുധാകന്‍ ശനിയാഴ്ച പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ താന്‍തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.