എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു; പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ആഞ്ഞടിച്ചു കെ സുധാകരന്
ആഞ്ഞടിച്ചു കെ സുധാകരന്
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ നടത്തിയ പോലീസിന്റെ പാതിരാ പരിശോധനയില്‍ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ ആഞ്ഞടിച്ചു. പൊലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന ടി പി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണെന്ന് സുധാകരന് പറഞ്ഞു. സ്വന്തം മുറിയിലൊന്ന് വന്ന് നോക്കട്ടെ. നേതാക്കളായാല്‍ സാമാന്യബുദ്ധിയും വിവേകവും വിവരവും വേണം. അതൊന്നുമില്ലാത്ത മരക്കണ്ടം പോലുള്ള രാമകൃഷ്ണനും ആളുകള്‍ക്കും വായില്‍ത്തോന്നിയത് പറയാനുള്ളതല്ല രാഷ്ട്രീയമെന്ന് സുധാകരന് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ദ്ധരാത്രി പൊലീസ് നടത്തിയ പരിശോധന സംബന്ധിച്ചാണ് സുധാകരന്റെ പ്രതികരണം.
'എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? കള്ളപ്പണത്തിന്റയൊന്നും ഉടമസ്ഥര്‍ ഞങ്ങളല്ല. കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയനും പിണറായി വിജയന്റെ പാര്‍ട്ടിയും കെ സുരേന്ദ്രന്റെ ബിജെപിയുമാണ്. ഞങ്ങളല്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എവിടെയാണ് അങ്ങനെയൊരു സംഭവമുള്ളത്? കോടാനുകോടികള്‍ അധികാരം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് പിണറായി വിജയന്. രാജ്യം നന്നാക്കലല്ല കുടുംബത്തെ നന്നാക്കുകയാണ് ലക്ഷ്യം'- സുധാകരന് പറഞ്ഞു. വനിതാ പ്രവര്‍ത്തകരെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചു. പൊലീസുകാരെ കയറൂരി വിടുന്ന സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ സുധാകരന് വ്യക്തമാക്കി.
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു പരിശോധന. ഷാനിമോള്‍ ഉസ്മാന്, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന് നിലപാടെടുത്തു. കൂടാതെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.
സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായി ബാഗില്‍ ഹോട്ടലില്‍ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിശോധന സംബന്ധിച്ച് പൊലീസിന്റെ വിശദീകരണത്തില്‍ ആശയക്കുഴപ്പമുണ്ട്. എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായുള്ള പരിശോധനയാണ് നടത്തിയതെന്നു പാലക്കാട് എഎസ്പി അശ്വതി ജിജി വിശദീകരിച്ചു. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെന്നാണ് പൊലീസ് സെര്‍ച്ച് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.