കൈവിട്ടുപോയ കണ്ണൂര് പിടിക്കാന്‍ കെ സുധാകരനിറങ്ങുമോ? കടന്നപള്ളിയെ വീഴ്ത്താന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ കെ. സുധാകരന്‍ എം.പി കരുനീക്കത്തില്‍; പച്ചക്കൊടി വീശാതെ കെപിസിസി; എംപിമാര്‍ മത്സരിക്കണോ എന്ന എഐസിസി തീരുമാനവും നിര്‍ണായകമാകും; സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ആകാംക്ഷയില്‍

കൈവിട്ടുപോയ കണ്ണൂര് പിടിക്കാന്‍ കെ സുധാകരനിറങ്ങുമോ?

Update: 2026-01-03 04:45 GMT

കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ കെ. സുധാകരന്‍ എം.പി അരയും തലയും മുറുക്കി രംഗത്തുവന്നതോടെ കോണ്‍ഗ്രസില്‍ പുതുതലമുറ നേതാക്കളില്‍ അതൃപ്തിയും പുകയുന്നു. പുതുതലമുറ നേതാക്കളില്‍ ആറിലേറെ പേര്‍ മത്സരിക്കാന്‍ കണ്ണുവെച്ച മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍. അതുകൊണ്ടു കെ സുധാകരന്‍ അങ്കത്തിനിറങ്ങുന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. കെ. പി. സി. സി അദ്ധ്യക്ഷ പദവി ഒഴിയുമ്പോള്‍ സുധാകരന്‍ എഐ സി. സി ക്ക് മുന്‍പില്‍ വെച്ച നിബന്ധനകളിലൊന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കണമെന്നാണ്.

യു ഡി. എഫ് അധികാരത്തില്‍ വന്നാല്‍ മന്ത്രിയാകണമെന്ന് കെ. സുധാകരന് കലശലായ മോഹമുണ്ട്. അതുകൊണ്ടുതന്നെ കെ.സുധാകരനെ മത്സരിപ്പിച്ച് കണ്ണൂര്‍ മണ്ഡലം തിരിച്ചു പിടിക്കണമെന്ന വാദമാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷം കണ്ണൂര്‍ മണ്ഡലത്തിലുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിനഞ്ചായിരു വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്.

ഈ സാഹചര്യത്തില്‍ യു.ഡി.എഫ് തങ്ങളുടെ ഉറച്ച സീറ്റായാണ് കണ്ണൂരിനെ കാണുന്നത്. എന്നാല്‍ തങ്ങള്‍ക്ക് വോട്ടു കൂടുതലുള്ള തിനാല്‍ സീറ്റ് കൈമാറണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. പകരം അഴിക്കോട് നല്‍കാമെന്നാണ് ലീഗിന്റെ നിലപാട്. ഇതിനെ തടയിടാന്‍ കെ. സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ കെ.പി സി.സി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ഇതിനോട് അനുകൂലിക്കുന്നില്ല. എഐ സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും ഈ കാര്യത്തില്‍ വിയോജിക്കുകയാണ് നിലവില്‍ കണ്ണൂര്‍ എംപിയായ കെ. സുധാകരന് മത്സരിക്കാന്‍ അനുമതി നല്‍കിയാല്‍ അഞ്ചോളം എം.പി മാരെയും മത്സരിപ്പിക്കേണ്ടിവരുമെന്നാണ് എഐസിയുടെ നിലപാട്.

നിയമസഭയിലേക്ക് മത്സരിക്കണ ആവശ്യമായി ഇവരും രംഗത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സുധാകരന്റെ ആവശ്യം അംഗീകരിക്കാന്‍ സാദ്ധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്. മുന്‍ മേയര്‍ ടിഒ മോഹനന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, കെപിസിസി അംഗം അമൃത രാമകൃഷ്ണന്‍, കെഎസ്യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് കണ്ണൂരില്‍ കണ്ണുവെച്ചിട്ടുള്ളത്. കോര്‍പ്പറേഷനില്‍ തുടര്‍ഭരണം കിട്ടിയതിന്റെ ക്രെഡിറ്റ് കൂടി ടി ഓ മോഹനന്റെ അവകാശത്തിന് ശക്തിപകരും.

ആദി കടലായി ഡിവിഷനിലെ മിന്നുന്ന വിജയമാണ് റിജില്‍ മാക്കുറ്റിക്ക് മാറ്റ് കൂട്ടുന്നത്. 91ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിയായ എന്‍ രാമകൃഷ്ണന്റെ മകള്‍ അമൃതാ രാമകൃഷ്ണന്‍ മുന്‍ കൗണ്‍സിലര്‍ കൂടിയാണ്. കെഎസ്യു ഉപാധ്യക്ഷന്‍ ആണെങ്കിലും കണ്ണൂര്‍ മണ്ഡലം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഇടപെടലാണ് മുഹമ്മദ് ഷമ്മാസും നടത്തിവരുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കാല്‍ ലക്ഷത്തിലധികം ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പില്‍ 15000 അടുത്ത് ലീഡും കണ്ണൂര്‍ മണ്ഡലത്തില്‍ യുഡിഎഫിന് ഉണ്ട്. എതിര്‍പക്ഷത്ത് ഈ കുറിയും രാമചന്ദ്രന്‍ കടന്നപ്പള്ളി തന്നെയാകാനാണ് സാധ്യത. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും 2000 വോട്ടിന് താഴെയുള്ള നേരിയ ഭൂരിപക്ഷത്തിലാണ് കണ്ണൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്.

Tags:    

Similar News