'കോഴ ആരോപണത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് മറുപടി പറയണം'; 'ജുഡീഷ്യല്‍ അന്വേഷണം വേണം'; 'അന്‍വര്‍ പുലര്‍ത്തിയത് നല്ല സമീപനം'; 'സരിൻ പോയതിന് ഷുക്കൂർ വരട്ടെ'; പിണറായിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കെ സുധാകരൻ
കോഴിക്കോട്: എം.എല്‍.എ.മാരുടെ കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് കെ. സുധാകരൻ. കാര്യങ്ങള്‍ ജനങ്ങളോട് വ്യക്തമാക്കണമെന്നും കെ.പി.സി.സി.പ്രസിഡന്റ് കെ.സുധാകരന്‍ തുറന്നടിച്ചു. ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായിയുടെ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
'പി.പി. ദിവ്യയെ ഇതുവരെ കണ്ടുപിടിക്കാത്തവരാണ് പോലീസ്. കോഴ ആരോപണം മുഖ്യമന്ത്രി അന്വേഷിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. കോഴയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പിണറായിയുടെ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമില്ലെന്നും കെ .സുധാകരന്‍ വ്യക്തമാക്കി. എം.വി ഗോവിന്ദനെതിരെയും അദ്ദേഹം തുറന്നടിച്ചു.
ദിവ്യക്കെതിരെ നടപടി എടുത്തെന്ന് എം.വി. ഗോവിന്ദന്‍ നുണയാണ് പറയുന്നത്. തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത വെറും നിഴല്‍ മാത്രമാണ് എംവി ഗോവിന്ദനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്‍വര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവും താനും തമ്മില്‍ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥനയോട് അന്‍വര്‍ പുലര്‍ത്തിയത് നല്ല സമീപനല്ലെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സരിന്‍ അങ്ങോട്ട് പോയപ്പോള്‍ ഷുക്കൂര്‍ ഇങ്ങോട്ട് വരട്ടേയെന്നും അദ്ദേഹം വ്യക്തമാക്കി.