പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കള്‍; നിയമം ലംഘിച്ചുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയതെന്ന് സംശയം; പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്‍

പരാതിക്ക് പിന്നില്‍ ഗൂഡാലോചന; ആരോപണവുമായി കെ സുരേന്ദ്രന്‍

Update: 2024-10-15 08:55 GMT

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്ന ആരോപണമാണ് സുരേന്ദ്രന്‍ ഉയര്‍ത്തിയത്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോള്‍ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മര്‍ദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.

റോഡില്‍ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പ് അനുവദിക്കാനാവില്ല. ട്രാന്‍സ്ഫര്‍ ആയി പോകുന്ന പോക്കില്‍ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നില്‍ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.

അതേസമയം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തള്ളി റവന്യൂ മന്ത്രി കെ. രാജനും രംഗത്തുവന്നിരുന്നു. ജനപ്രതിനിധികള്‍ ആരാണെങ്കിലും പൊതുസമൂഹത്തോടുള്ള ഇടപെടലിലും ചലനങ്ങളിലും സംസാരത്തിലുമെല്ലാം പക്വതയും പൊതുധാരണയുമുണ്ടാകേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, നവീന്‍ ബാബുവിന്റെ മരണം വലിയ നഷ്ടമാണ് സര്‍ക്കാരിനുണ്ടാക്കിയതെന്നും മന്ത്രി പ്രതികരിച്ചു.

ഗൗരവമായ അന്വേഷണം ഇക്കാര്യത്തില്‍ ഉണ്ടാകും. നവീന്‍ ബാബുവിനെ കുറിച്ച് ഇതുവരെ ഒരുപരാതിയും ഉണ്ടായിട്ടില്ല. നല്ല ഉദ്യോഗസ്ഥനാണ് എന്നുതന്നെയാണ് ഇതുവരെയുള്ള ധാരണ. കളക്ടറോട് എത്രയും വേഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ചാലുടന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസസമയം നവീന്റെ മരണത്തില്‍ കണ്ണൂരില്‍ പ്രതിഷേധം ഇരമ്പുകയാണ്. യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്. എ.ഡി.എം കെ. നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ഇരച്ചുകയറി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

Tags:    

Similar News