തോല്‍വിയുടെ ഉത്തരവാദിത്തം കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കാന്‍ കെ സുരേന്ദ്രന്റെ ശ്രമം; കടുത്ത അമര്‍ഷവുമായി ബിജെപി പ്രാദേശിക നേതാക്കള്‍; രാജി സന്നദ്ധത അറിയിച്ചത് നേതൃയോഗത്തിലെ വിമര്‍ശനങ്ങള്‍ മുന്‍കൂട്ടി കണ്ട്; വി മുരളീധരനും കൈവിട്ടതോടെ ശക്തി ക്ഷയിച്ചു സുരേന്ദ്രന്‍; മൗനം തുടര്‍ന്ന് ശോഭാ സുരേന്ദ്രനും

Update: 2024-11-25 05:32 GMT

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ എറണാകുളത്ത് നേതൃയോഗം ചേരാനിരിക്കെയാണ് കെ സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. സംസ്ഥാന അധ്യക്ഷന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് നയിച്ച തിരഞ്ഞെടുപ്പായിട്ടും വമ്പന്‍ തോല്‍വി നേരിട്ടതിന്റെ ക്ഷീണം പാലക്കാട്ടെ ബിജെപിയുടെ പ്രാദേശിക കൗണ്‍സിലര്‍മാരില്‍ കെട്ടിവെക്കാനാണ് കെ സുരേന്ദ്രന്‍ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ശോഭാ സുരേന്ദ്രന്‍ അനുകൂലികളാണ് വോട്ടുമറിച്ചതെന്ന ആക്ഷേപം അടക്കം ഉയര്‍ത്തി രംഗത്തുവന്നത്. ഇത് ബിജെപി പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. അവര്‍ നേതൃത്വത്തിന്റെ കഴിവുകേടിനെ തങ്ങളുടെ പിടലിയില്‍ ചാര്‍ത്തേണ്ടെന്ന വികാരത്തിലാണ്. ശക്തമായ അമര്‍ഷമാണ് ബിജെപി പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ശക്തമായിരിക്കുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാറുമെന്ന തരത്തിലാണ് പാര്‍ട്ടിയില്‍ ഒരു വിഭാഗം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. നേതൃനിരയില്‍ സുരേന്ദ്രന്‍ തുടരുന്നത് തന്നെ കാലാവധി കഴിഞ്ഞതിന് ശേഷമാണ്. അതുകൊണ്ട് തന്നെ സുരേന്ദ്രനെ താമസിയാതെ മാറ്റും. ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ പേരില്‍ മാറ്റുന്നതിനോടാണ് നേതൃത്വത്തിന് എതിര്‍പ്പുള്ളത്. അതുകൊണ്ട് തന്നെ അധികം താമസിയാതെ തന്നെ സുരേന്ദ്രനെ മാറ്റുമെന്ന് ഉറപ്പാണ്.

എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പാര്‍ട്ടിയെ നയിക്കുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇത് നേരത്തെ പാര്‍ട്ടിയിലുള്ള ധാരണയാണ്. അതുവരെ തുടരാനാണ് സാധ്യതയുണ്. ഇപ്പോള്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് യോഗത്തില്‍ കൃത്യമായ മറുപടി നല്‍കാനുള്ള തയാറെടുപ്പിലാണ് സുരേന്ദ്രന്‍. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ തന്നെ പാലക്കാട്ടെ ബിജെപിയില്‍ പ്രശ്‌നങ്ങളുണ്ട്. പാലക്കാട്ടെ പരാജയത്തെ സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്ന വി.മുരളീധരന്റെ പ്രസ്താവനയും സുരേന്ദ്രന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണത്തിന് ശക്തി പകരുന്നതാണ്. മുരളീധരന്റെ പിന്തുണയില്ലായ്മയാണ് സുരേന്ദ്രന് വലിയ വെല്ലുവിളിയായി തീര്‍ന്നിരിക്കുന്നത്.

നാളെ നേതൃയോഗം നടക്കാനിരിക്കെയാണ്. നാളെ നേതൃയോഗത്തില്‍ സംസ്ഥാന അധ്യക്ഷനെതിരെ വിമര്‍ശനം ഉന്നയിക്കാന്‍ ഒരു വിഭാഗം തയാറെടുക്കുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും ഏകപക്ഷീയമായി നടത്തിയ സുരേന്ദ്രനാണ് പരാജയത്തിന് കാരണമെന്നാണ് ചില നേതാക്കള്‍ പറയുന്നത്. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാളെ യോഗം ചര്‍ച്ച ചെയ്യും. പാലക്കാട് നഗരസഭയുടെ പ്രവര്‍ത്തന രീതി വോട്ടു ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്ന് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവരം. നേതാക്കള്‍ക്കിടയിലെ വിഭാഗീയതയും, സന്ദീപ് വാരിയര്‍ പാര്‍ട്ടി വിട്ടതില്‍ അണികള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പവും, ശോഭാ സുരേന്ദ്രന് സീറ്റ് നിഷേധിച്ചതുമെല്ലാം വോട്ടു ചോര്‍ച്ചയ്ക്കിടയാക്കിയെന്നാണ് നിഗമനങ്ങള്‍.

വിജയം ഉറപ്പിച്ച പാലക്കാട് പരാജയത്തിന് പുറമേ വോട്ട് കുറഞ്ഞതും ബി.ജെ.പി കേന്ദ്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് വെച്ച് താരതമ്യം ചെയ്യുമ്പോള്‍ 7066 വോട്ടുകളാണ് പാലക്കാട് നഗരസഭയില്‍ ബി.ജെ.പിക്ക് കുറഞ്ഞത്. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിരുന്നു. തനിക്കെതിരെയുണ്ടാകാനിടയുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കാനാണ് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതിന് പിന്നിലെന്ന് പറയുന്നവരും ഏറെയാണ്.

ശോഭാസുരേന്ദ്രനും അനുകൂലികളും പാലക്കാട് പാലം വലിച്ചതായാണ് സുരേന്ദ്രന്‍ വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗണ്‍സിലര്‍മാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രന്‍ അറിയിച്ചതായാണ് സൂചനകള്‍. ശോഭാ സുരേന്ദ്രന്റെ ഡ്രൈവര്‍ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച് വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്.പാലക്കാട് നഗരസഭയില്‍ കച്ചവടക്കാര്‍ക്കുള്ള യൂസര്‍ ഫീ 300 രൂപയില്‍ നിന്നും 100 ആയി കുറയ്ക്കണം എന്ന ആവശ്യം നഗരസഭാ അദ്ധ്യക്ഷ തള്ളി. ഇത് പാര്‍ട്ടിക്ക് തിരിച്ചടിയായി.

സ്മിതേഷ് മീനാക്ഷി, ദിവ്യ, സാബു എന്നീ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരെ പ്രവര്‍ത്തിച്ചതായും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് വിവരം നല്‍കിയിട്ടുണ്ട്. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം. എന്നാല്‍, ബിജെപി പ്രാദേശിക നേതൃത്വം ഇതെല്ലാം തള്ളുകയാണ്. ഇതിനോടൊന്നും പ്രതികരിക്കാന്‍ തല്‍ക്കാലം ശോഭ സുരേന്ദ്രനും തയ്യാറല്ല. തന്റെ പരാതികള്‍ പാര്‍ട്ടി ഫോറങ്ങളില്‍ ഉന്നയിക്കാനാണ് ശോഭ സുരേന്ദ്രന്‍ തയ്യാറെടുക്കുന്നത്.

Tags:    

Similar News