'രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം; പരാതി ഗൗരവമുള്ളത്; രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണം; പല പരാതികളും വി ഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ട്; ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? രാജി ആവശ്യവുമായി കെ സുരേന്ദ്രന്‍; മാധ്യമങ്ങളോട് പ്രതികരിക്കാതെ വി ഡി സതീശനും
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണം
തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി നല്‍കിയ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് മുന്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരാതി അതീവ ഗൗരവമുള്ളതെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. രാഹുലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പരാതി കൊടുക്കാന്‍ മടിച്ച പലരുടെയും കഥ ആഭ്യന്തര വകുപ്പിനറിയാം. ആ പെണ്‍കുട്ടികളുടെ മൊഴി എടുക്കണം.
രാഹുലിനെതിരെ പല പരാതികളും വിഡി സതീശന്റെ മുന്നില്‍ എത്തിയിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു നിമിഷം പോലും നിയമസഭ സാമാജികനായി തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രി അടിയന്തരമായി നിയമനടപടിയെടുക്കണം. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയോ എന്നല്ല വിഷയമെന്നും രാഹുല്‍ രാജിവെക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ വെച്ചിട്ടാണോ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്? അന്തസുണ്ടെങ്കില്‍ നേത്യത്വം രാജിവെപ്പിക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ പെണ്‍കുട്ടി പീഡനപരാതി നല്‍കിയതില്‍ പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മാധ്യമപ്രവര്‍ത്തകര്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതിനല്‍കിയത് സംബന്ധിച്ച് ചോദ്യം ചോദിച്ചെങ്കിലും ചോദ്യം മുഴുമിക്കുംമുന്നേ പ്രതിപക്ഷനേതാവ് പ്രതികരിക്കാതെ മടങ്ങുകയായിരുന്നു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇപ്പോള്‍ ഒരു പെണ്‍കുട്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും ഇനിയും നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. രാഹുലിന്റെ വിഷയത്തില്‍ ഉയര്‍ന്നുവന്നത് ആരോപണങ്ങളായിരുന്നില്ല, നിരവധി തെളിവുകളാണ് ചാനലുകള്‍വഴി പുറത്തുവന്നത്. ആ ഘട്ടത്തില്‍ തന്നെക്കുറിച്ച് പുറത്തുവന്നത് വ്യാജ ഓഡിയോയാണെന്ന് പറയാന്‍ രാഹുല്‍ തയ്യാറായിരുന്നില്ല. പക്ഷേ, അത്രയേറെ തെളിവുകള്‍ പൊതുസമൂഹത്തിന് മുന്നിലുണ്ടായിട്ടും പേരിനൊരു നടപടിയെടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്, എന്നിട്ട് എല്ലാ പൊതുവേദികളും കോണ്‍ഗ്രസ് രാഹുലിനെ കൊണ്ടുപോയി.
ഇതൊക്കെ സാധാരണസംഭവമാണെന്നും കാര്യമാക്കേണ്ടെന്നും പറഞ്ഞാണ് കെ. സുധാകരന്‍ രാഹുലിനെ ന്യായീകരിച്ചത്. കോണ്‍ഗ്രസില്‍ ഷാഫിയുടെ നേതൃത്വത്തിലുള്ള ടീം രാഹുലിനെ തിരികെകൊണ്ടുവരാനായി ശക്തമായി വാദിച്ചു. അവര്‍ ഉന്നയിച്ച പ്രധാനചോദ്യം എവിടെ പരാതി എന്നായിരുന്നു. ആ ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. ഇപ്പോള്‍ ഒരുപെണ്‍കുട്ടിയാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഇനിയും നിരവധി പെണ്‍കുട്ടികള്‍ പരാതിയുമായി വരാന്‍ സാധ്യതയുണ്ടെന്നാണ് മനസിലാക്കുന്നത്. നേരത്തെ മൂന്ന് പെണ്‍കുട്ടികളുടെ ശബ്ദസന്ദേശം പുറത്തുവിട്ടിരുന്നു. അതിലൊരു കുട്ടിയാണ് പരാതി നല്‍കിയത്. പരാതി വൈകിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. പല സമ്മര്‍ദം ഇരകള്‍ അനുഭവിക്കേണ്ടിവന്നു.
പാര്‍ട്ടി നടപടി പ്രഖ്യാപിച്ച വി.ഡി. സതീശന്‍, ഉമാ തോമസ്, ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ക്കെതിരേ രാഹുലിന്റെ അനുയായികള്‍ സൈബര്‍ ആക്രമണം നടത്തി. കെസി വേണുഗോപാലിന്റെ ഭാര്യയുടെ പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഇതൊരു ക്രിമിനല്‍സംഘമാണ്. ഈ ക്രിമിനല്‍സംഘത്തിന് ഒത്താശചെയ്യുന്നത് ഷാഫി പറമ്പിലാണ്. ഷാഫിയുടെ നേതൃത്വത്തിലുള്ള ക്രിമിനല്‍സംഘമാണ് കോണ്‍ഗ്രസിനെ നയിക്കുന്നതെന്നും വി.കെ. സനോജ് പറഞ്ഞു.
