ലീഗുമായി ബന്ധമുള്ള ഒരു മതപണ്ഡിതന്‍ പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി; ദിവസങ്ങളോളം ജയിലില്‍ കിടന്നു; ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ല; ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് കെ ടി ജലീല്‍
മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്ന് കെ ടി ജലീല്‍
മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ ടി ജലീല്‍ എംഎല്‍എ രംഗത്ത്. മലപ്പുറത്തുകാരനായ തന്നെ കൊത്തിവലിക്കാന്‍ മുസ്ലിം ലീഗ് എറിഞ്ഞുകൊടുക്കുകയായിരുന്നുവെന്ന് കെ ടി ജലീല്‍ ആരോപിച്ചു. ലീഗുകാര്‍ തന്റെ പിന്നാലെ വേട്ടപ്പട്ടിയെ പോലെ ഓടുകയായിരുന്നു. കള്ളപ്രചാരണങ്ങള്‍ മുസ്ലിം ലീഗ് തനിക്കെതിരെ ഉപയോഗിച്ചുവെന്നും കെ ടി ജലീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വളരെ സദുപദേശപരമായി താന്‍ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താന്‍ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയില്‍ വരുത്തി തീര്‍ത്തുവെന്നും ഇതിനെ ചൊല്ലി സൈബര്‍ ഇടങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുവെന്നും കെടി ജലീല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലപ്പുറം ജില്ലയെയോ ജനതയെയോ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. മുസ്ലിങ്ങള്‍ മുഴുവന്‍ സ്വര്‍ണക്കള്ളടത്തുകാരെന്ന് താന്‍ പറഞ്ഞിട്ടില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് ചെയ്തത്. ലീഗ് അധ്യക്ഷന്‍ എന്ന നിലയിലായിരുന്നില്ല പാണക്കാട് തങ്ങളോട് മതവിധി പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ടത്. തന്റെ കൂടി ഖാസി എന്ന നിലയിലായിരുന്നു താന്‍ അക്കാര്യം ആവശ്യപ്പെട്ടത്. ഇതിനെയാണ് മലപ്പുറം വിരുദ്ധതയായി പ്രചരിപ്പിതെന്നും കെ ടി ജലീല്‍ പറഞ്ഞു.
ലീഗുമായി അടുത്ത ബന്ധമുള്ള ഒരു മതപണ്ഡിതന്‍ പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. അതിന്റെ പേരില്‍ അദ്ദേഹം ദിവസങ്ങളോളം ജയിലില്‍ കിടന്നു. എന്നിട്ടും ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ലെന്നും കെ ടി ജലീല്‍ പരിഹസിച്ചു. ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സ്വര്‍ണം കടത്തിയത്. ലീഗ് വേദികളില്‍ അദ്ദേഹം സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാല്‍ പണ്ഡിതന്റെ പേര് വെളിപ്പെടുത്തും. തിരുത്തല്‍ വേണ്ടത് സമുദായത്തില്‍നിന്ന് തന്നെയാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
തിന്മയെ നിരുത്സാഹപ്പെടുത്തണം. അതിന് മത നേതാക്കള്‍ ഇടപെടണം. ഒരു തെറ്റും ചെയ്യാത്ത തന്നെ വേട്ടപ്പട്ടിയെ പോലെ പിന്തുടര്‍ന്നു. അത് മറക്കാന്‍ ലീഗ് നേതൃത്വത്തിനാകുമോയെന്നും കെ ടി ജലീല്‍ ചോദിച്ചു. അന്ന് ഇല്ലാത്ത മലപ്പുറം സ്നേഹം ഇപ്പോള്‍ എങ്ങനെ വന്നുവെന്നും ജലീല്‍ തുറന്നടിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണത്തിന്റെ പങ്ക് എവിയേക്ക് പോകുന്നു എന്ന് കണ്ടെത്തണം. പൊലീസ് കൂട്ട് നില്‍ക്കുന്നുവെങ്കില്‍ അതിലും നടപടി വേണമെന്നും ജലീല്‍ ആവശ്യപ്പെട്ടു.
മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയില്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോര്‍ട്ട് ചെയ്തു. അന്ന് വലിയ രീതിയില്‍ ഉളള സമരപരിപാടികള്‍ എനിക്കെതിരെ സംഘടിപ്പിച്ചു. അന്ന് താന്‍ മലപ്പുറത്തുകാരനാണ് എന്നൊരു ബോധ്യം അവര്‍ക്ക് ഇല്ലായിരുന്നോ?. താന്‍ പറഞ്ഞത് കരിപ്പൂര്‍ കേന്ദ്രമായി കള്ളകടത്ത് നടത്തുന്നു. അത് പൊലീസ് പിടിക്കുമ്പോള്‍ സ്വര്‍ണ്ണത്തിലെ തൂക്കം കുറയുന്നു. അതിന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കണം.
കള്ളകടത്തിന് പിടിക്കപ്പെട്ടത് ഭൂരിഭാഗവും മുസ്ലിം സമുദായത്തില്‍ ഉള്ളവരാണ്. അതാണ് താന്‍ ചൂണ്ടി കാണിച്ചത്. കള്ളകടത്തിന് പിടിക്കപ്പെടുമ്പോള്‍ പലരും പറയുന്നത് കള്ളകടത്ത് മതപരമായി തെറ്റല്ല എന്നാണ്. കള്ളകടത്തുകാരെ മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് തയ്യാറല്ലെന്നും കെടി ജലീല്‍ പറഞ്ഞു.
പണ്ഡിതന്മാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതത ഇല്ല. ഏത് മതസമുദായത്തിലാണങ്കിലും, ആ മതത്തിലുള്ളവരാണ് ബന്ധപ്പെട്ടവരാണ് ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത്. മുസ്ലിം ലീഗ് പറയുന്ന കാര്യങ്ങളെ വളച്ചൊടിച്ച് നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുത്. മുസ്ലിങ്ങള്‍ എല്ലാം സ്വര്‍ണ്ണകള്ളകടത്തുകാരാണ് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കെടി ജലീല്‍ കൂട്ടിച്ചേര്‍ത്തു. നിയമം കൊണ്ട് തടയാന്‍ കഴിയാതെ വരുമ്പോഴാണ് മതനേതാക്കളെ സമീപിക്കുന്നത്.
ഓരോ വിശ്വാസികളോടും അവരുടെ മതപരമായി പറയണം ഇത്തരം പ്രവര്‍ത്തികള്‍ തെറ്റാണെന്ന്. ഇത്തരം തെറ്റുകള്‍ ചൂണ്ടികാണിക്കേണ്ടത് തന്റെ കടമയാണ്. അത് താന്‍ തുടരുക തന്നെ ചെയ്യും. ഒരു മതപണ്ഡിതന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹജ്ജിന് പോയി തിരിച്ച് വന്നപ്പോള്‍ സ്വര്‍ണ്ണം കടത്തിയിരുന്നു. ഇയാള്‍ മുസ്ലിം ലീഗ് അനുഭാവിയാണെന്നും ജലീല്‍ പറഞ്ഞു.
സ്വര്‍ണക്കടത്തിലും ഹവാലയിലും വിശ്വാസികള്‍ ഇടപെടരുതെന്നു നൂറുകണക്കിനു മഹല്ലുകളുടെ ഖാസി കൂടിയായ സാദിഖലി തങ്ങള്‍ നിര്‍ദേശിക്കണമെന്നായിരുന്നു കെ.ടി.ജലീല്‍ എംഎല്‍എ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അങ്ങനെ പറഞ്ഞാല്‍ മലപ്പുറത്തെക്കുറിച്ചുള്ള അപകീര്‍ത്തി ഒഴിവാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സിപിഎം നിലപാടില്‍ സമുദായത്തെ കുരുക്കാനുള്ള ശ്രമമാണ് ജലീല്‍ നടത്തുന്നതെന്നായിരുന്നു മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതികരണം. കെ.ടി.ജലീലിന്റെ നിലപാട് അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാമും സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
കെ.ടി.ജലീലിന്റെ പോസ്റ്റിന്റെ പ്രസക്തഭാഗം
''കരിപ്പൂര്‍ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്ലിം സമുദായത്തില്‍ പെടുന്നവരാണ്. അതിനെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്ലിം സമുദായത്തില്‍ നടത്താന്‍ 'മലപ്പുറം പ്രേമികള്‍' ഉദ്ദേശിക്കുന്നത്? സ്വര്‍ണക്കടത്തിലും ഹവാലയിലും പങ്കാളികളാകുന്ന മുസ്ലീംകളില്‍ നല്ലൊരു ശതമാനവും വിശ്വസിക്കുന്നത് 'ഇതൊന്നും മതവിരുദ്ധമല്ല' എന്നാണ്. അത്തരക്കാരെ ബോധവല്‍ക്കരിക്കാന്‍ ഖാളിമാര്‍ തയാറാകണമെന്ന് പറഞ്ഞാല്‍ അതെങ്ങനെയാണ് 'ഇസ്ലാമോഫോബിക്ക്' ആവുക? അവനവന്റെ കണ്ണിലെ കുന്തം കാണാതെ ആരാന്റെ കണ്ണിലെ കരട് കാണുന്നവരെക്കുറിച്ച് സമൂഹത്തിന് പുച്ഛമാണുണ്ടാവുക.
ഒരണുമണിത്തൂക്കം തെറ്റ് ചെയ്യാത്ത മലപ്പുറംകാരനായ എന്നെ ഖുര്‍ആന്റെ മറവില്‍ സ്വര്‍ണം കടത്തിയവനെന്നും കള്ളക്കടത്തുകാരനെന്നും ചാപ്പകുത്തി താറടിച്ച് അപമാനിക്കാന്‍ മാധ്യമപ്പടയും മുസ്ലിം ലീഗും, കോണ്‍ഗ്രസും, ബിജെപിയും ഒരു മെയ്യായി നിന്നു നടത്തിയ 'വേട്ട' നടന്നപ്പോള്‍ ഈ നവസമുദായ സ്‌നേഹികള്‍ ഏത് മാളത്തിലാണ് ഒളിച്ചിരുന്നത്? അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം?''ജലീല്‍ പോസ്റ്റില്‍ ചോദിച്ചു.