പാലായും കടുത്തുരുത്തിയും നല്‍കാനാകില്ല; ജോസ് കെ മാണിക്ക് വേണ്ടി തിരുവമ്പാടി നല്‍കാമെന്ന് മുസ്ലീം ലീഗ് ഓഫര്‍; കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം; മുനമ്പവും വനനിയമ ഭേദഗതിയും ചര്‍ച്ചകളില്‍; ജോസ് കെ മാണിയെ നോട്ടമിട്ട് യുഡിഎഫ്

Update: 2025-01-04 01:01 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിനെ സമ്മര്‍ദത്തിലാക്കി മുന്നണി മാറ്റമെന്ന ആവശ്യം അതിശക്തം. പാര്‍ട്ടിക്കുള്ളിലും ഈ ആവശ്യം ശക്തമാണ്. യുഡിഎഫിലേക്ക് കേരളാ കോണ്‍ഗ്രസ് എമ്മിനെ കൊണ്ടു വരാനുള്ള നീക്കം സജീവമാണ്. മുസ്ലീംലീഗാണ് ഈ ചരടു വലികള്‍ നടത്തുന്നത്. മുനമ്പം വിഷയത്തോടെ ക്രൈസ്തവ സംഘടനകളും ഇടതു സര്‍ക്കാരിന് എതിരായി. ഇതും കേരളാ കോണ്‍ഗ്രസ് എമ്മിന് മുകളില്‍ സമ്മര്‍ദ്ദമാണ്. പുറമേ നിഷേധിക്കുന്നുണ്ടെങ്കിലും മുന്നണിമാറ്റത്തിനുള്ള സമ്മര്‍ദം കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിക്ക് വലിയ സമ്മര്‍ദ്ദമാണ് നല്‍കുന്നത്.

യു.ഡി.എഫിനും കേരള കോണ്‍ഗ്രസിനുമിടയില്‍ ചര്‍ച്ച നടത്തുന്നത് മുസ്ലിംലീഗാണ്. അനൗപചാരികതലത്തില്‍ മാത്രമേ ചര്‍ച്ച നടന്നിട്ടുള്ളൂ. ലീഗ് മത്സരിച്ചുപോരുന്ന തിരുവമ്പാടി നിയമസഭാ സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വിട്ടുനല്‍കാമെന്നും ഓഫറുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള പാലാ, കടുത്തുരുത്തി മണ്ഡലങ്ങള്‍ നിലവില്‍ യു.ഡി.എഫിലെ മാണി സി. കാപ്പന്റെയും മോന്‍സ് ജോസഫിന്റെയും പക്കലാണ്. ഈ സാഹചര്യത്തിലാണ് പുതിയ സീറ്റ് ഓഫര്‍ ചെയ്യുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുനമ്പം ഭൂപ്രശ്‌നം, വനനിയമഭേദഗതി ബില്‍ എന്നിവയില്‍ കത്തോലിക്കാ സഭ സര്‍ക്കാരിനെതിരേ ശക്തമായ നിലപാടെടുത്തതാണ് കേരള കോണ്‍ഗ്രസിനെ ഒടുവില്‍ പ്രതിസന്ധിയിലാക്കിയത്. ഈ രണ്ടു പ്രശ്‌നങ്ങളും സഭാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തവിധം കൈകാര്യംചെയ്യാന്‍ മുഖ്യമന്ത്രി രംഗത്തിറങ്ങിയെന്നതും ശ്രദ്ധേയമാണ്. ഇതില്‍ രണ്ടിലും പരസ്യ പ്രതിഷേധം കേരളാ കോണ്‍ഗ്രസ് നടത്തിയിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിന് എന്‍ എസ് എസുമായും അടുത്ത ബന്ധമുണ്ട്. എന്‍ എസ് എസ് യുഡിഎഫ് പക്ഷത്തേക്ക് പോകുന്നതും കേരളാ കോണ്‍ഗ്രസ് എമ്മിനെ സ്വാധീനിക്കുന്നുണ്ട്.

മന്ത്രി റോഷി അഗസ്റ്റിന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, പ്രമോദ് നാരായണ്‍ എം.എല്‍.എ. എന്നിവര്‍ ഇടതുമുന്നണി വിടുന്നതിനോട് യോജിക്കുന്നില്ല. എങ്കിലും ജോസ് കെ. മാണിയുടെ തീരുമാനത്തെ അവര്‍ അംഗീകരിക്കും. യുഡിഎഫില്‍ നിന്നും എത്ര സീറ്റ് കിട്ടും എന്നതടക്കം പരിശോധിച്ചാകും തീരുമാനം എടുക്കുക. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാത്തതാണു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത പരാജയത്തിനു കാരണമെന്നു ജോസ് കെ.മാണി എംപി പ്രതികരിച്ചിരുന്നു.

പരമ്പരാഗതമായി ഇടതുപക്ഷത്തിനു വോട്ട് ചെയ്തിരുന്നവര്‍ അകന്നു നിന്നു. എല്ലാം യുഡിഎഫ് കൊണ്ടുപോയി ഇനി അങ്ങോട്ടു പോകണോ, ഇവിടെ നില്‍ക്കണോ എന്ന ചോദ്യങ്ങളൊക്കെ ഉയര്‍ന്നിരുന്നു. കേരളത്തില്‍ ഒരിക്കലും ഒരു തിരഞ്ഞെടുപ്പിന്റെയും ആവര്‍ത്തനമല്ല അടുത്ത തിരഞ്ഞെടുപ്പെന്നതാണു ചരിത്രം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ക്കാണു കൂടുതല്‍ സാധ്യതയെന്നും പ്രതികരിച്ചിരുന്നു.

സിപിഎം, കോണ്‍ഗ്രസ്, സിപിഐ പാര്‍ട്ടികളെക്കാള്‍ കൂടുതല്‍ കുടുംബബന്ധം കേരള കോണ്‍ഗ്രസിനുണ്ട്. അത് ഉപയോഗപ്പെടുത്തണം. കേരള കോണ്‍ഗ്രസിന് (എം) സ്വാധീനം ഉണ്ടെന്ന് ബോധ്യമുള്ളതുകൊണ്ടാണ് രാജ്യസഭാ സീറ്റ് ലഭിച്ചത്. അതു തെളിയിക്കാനും വിലയിരുത്താനുമുള്ള അവസരമാണു തദ്ദേശ തിരഞ്ഞെടുപ്പെന്നും പറഞ്ഞിട്ടുണ്ട്. കേരള കോണ്‍ഗ്രസ് (എം) മുന്നണി മാറുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിക്കുകയും ചെയ്തു ജോസ് കെ മാണി. വാര്‍ത്ത തെറ്റാണെന്നും എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകമാണ് കേരള കോണ്‍ഗ്രസ് (എം) എന്നും ജോസ് കെ മാണി ഒരു മാസം മുമ്പ് വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫില്‍ താന്‍ പൂര്‍ണ്ണ തൃപ്തനെന്നും പറഞ്ഞു.

കേരള കോണ്‍?ഗ്രസ്(എം) പാര്‍ട്ടി മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍.ഡി.എഫിനെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷവും മുന്നണി മാറ്റ ചര്‍ച്ചകള്‍ വാര്‍ത്തകളായി എത്തുന്നുവെന്നതാണ് മറ്റൊരു വസ്തുത.

Tags:    

Similar News