വഖഫ് നിയമം ഭേദഗതി ചെയ്തത് ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി; മുനമ്പത്തെ കേസില്‍ പുതിയ നിയമം ബാധകം; രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം; നിയമവഴിലൂടെ പരിഹാരം കാണണമെന്നും കിരണ്‍ റിജിജു; സമരസമിതിയെ അടക്കം ബിജെപി വഞ്ചിച്ചുവെന്ന് കുഞ്ഞാലിക്കുട്ടി
മുനമ്പം ഇനി എവിടെയും ആവര്‍ത്തിക്കില്ലെന്ന് കിരണ്‍ റിജിജു
കൊച്ചി: വഖഫ് ഭേദഗതി നിയമം മുസ്ലിംകള്‍ക്കെതിരല്ലെന്നും മുനമ്പത്തുകാര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പു മന്ത്രി കിരണ്‍ റിജിജു. ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടിയാണ് നിയമം ഭേദഗതി ചെയ്തത്. മുനമ്പത്തെ കേസില്‍ പുതിയ നിയമം ബാധകമാണ്. എല്‍ഡിഎഫും യുഡിഎഫും അവിടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുതെന്നും കിരണ്‍ റിജിജു കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വഖഫ് ഭേദഗതി ബില്‍ മുസ്ലീം സമുദായത്തിനെതിരെ ലക്ഷ്യം വച്ചുള്ളതല്ല. വഖഫ് ഭേദഗതിയിലൂടെ ചരിത്രപരമായ ഒരു തെറ്റാണ് സര്‍ക്കാര്‍ തിരുത്തിയത്. ഈ ഭേദഗതി പാസാക്കിയില്ലെങ്കില്‍, ഭാവിയില്‍ ഏതൊരു ഭൂമിയും വഖഫായി പ്രഖ്യാപിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇത് നീതി ഉറപ്പാക്കുന്നതിനെക്കുറിച്ചാണ്, ഏതെങ്കിലും സമൂഹത്തെ ലക്ഷ്യം വച്ചല്ല. നിര്‍ഭാഗ്യവശാല്‍, ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭേദഗതിയെ തെറ്റായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മുനമ്പത്ത് എന്‍ ഡി എ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭ എന്ന പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു കിരണ്‍ റിജിജു. സാധാരണ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ദയവായി കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റുകള്‍ക്കും വേണ്ടിയുള്ള വെറും വോട്ട് ബാങ്കുകളായി നിങ്ങളെ ചുരുക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈക്കോടതി ഉത്തരവിനെതിരെ പുതിയ നിയമ പ്രകാരം സുപ്രീംകോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കണം. എറണാകുളം കലക്ടര്‍ മുനമ്പം രേഖകള്‍ പുന:പരിശോധിക്കണം. സര്‍ക്കാര്‍ ഇതിന് നിര്‍ദേശിക്കണം. ബിജെപിയുടെ പേരു പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കേരള ജനതയെ എത്രകാലം തെറ്റിദ്ധരിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമഭേദഗതിയിലൂടെ 40 ആം വകുപ്പ് ഇല്ലാതാക്കി. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചത്. മുനമ്പത്തേതുപോലെ പ്രശ്നം ഇനി ആവര്‍ത്തിക്കില്ല. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണം അദ്ദേഹം പറഞ്ഞു. നിഷ്പക്ഷതയ്ക്കും, നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം.ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്ലിംങ്ങളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
മുനമ്പത്തെ സംഭവം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ല. അവിടെ നടന്ന ഭൂമികൈമാറ്റം വഖഫിനെതിരാണ്. എറണാകുളം കളക്ടറോട് മുനമ്പം രേഖകള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റിന്റെയും വോട്ടുബാങ്കായി മുസ്ലിംവിഭാഗം മാറരുതെന്നും അദ്ദേഹം പറഞ്ഞു. ചര്‍ച്ച് ബില്‍ നടപ്പിലാക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന് മുന്നിലില്ലെന്നും അദ്ദേഹം അറിയിച്ചു.
വഖഫ് ഭേദഗതി നിയമം മുസ്ലിംകള്‍ക്കെതിരായ നീക്കമാണെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതിയല്ല ഇത്. ഭേദഗതി ചെയ്തിരുന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖഫായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാവുമായിരുന്നു. ഇനി വാക്കാല്‍ പ്രഖ്യാപിച്ചാല്‍ വഖഫ് ഭൂമിയാകില്ല. പകരം രേഖ വേണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമവഴിലൂടെ തന്നെ പരിഹാരം കാണണമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. വഖഫ് ബോര്‍ഡിന്റെ അധികാരത്തിലും ഘടനയിലും നിയമഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാമെന്നും കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. മുസ്‌ലിംകള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത്.
ബിജെപിയെ വിമര്‍ശിച്ച് കുഞ്ഞാലിക്കുട്ടി
വഖഫ് നിയമവും മുനമ്പവും തമ്മില്‍ ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു സമ്മതിച്ചതോടെ മുനമ്പം ഭൂമി വിഷയത്തില്‍ കേന്ദ്രത്തിന്റെ കള്ളി വെളിച്ചത്തായെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. മുനമ്പം സമരസമിതിയെ അടക്കം ബി.ജെ.പി വഞ്ചിച്ചെന്നും, പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍ കൈ എടുക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.