ഇടുക്കിയില്‍ കത്തോലിക്ക സഭ നേതൃത്വം ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് വീതം വച്ചു; കെപിസിസി വാഗ്ദാനം ചെയ്ത സീറ്റുകള്‍ വീതം വച്ചെടുത്തത് സംസ്ഥാന നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം

ഇടുക്കിയില്‍ കത്തോലിക്ക സഭ നേതൃത്വം ആവശ്യപ്പെട്ട സീറ്റുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് വീതം വച്ചു

Update: 2025-11-25 12:03 GMT

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് കോണ്‍ഗ്രസ് നേതൃത്വം നീക്കി വച്ച സീറ്റുകള്‍ നേതാക്കള്‍ ഇടപെട്ട് തട്ടിയെടുത്തതായി അതീവ ഗുരുതരമായ ആരോപണം. സീറോ മലബാര്‍, സീറോ മലങ്കര സഭകളുടെ രൂപത അധ്യക്ഷന്മാര്‍ നേരിട്ട് ആവശ്യപ്പെട്ട സീറ്റുകള്‍ പോലും അവസാന നിമിഷം പിന്‍വലിച്ച് മറ്റ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന് പിന്നില്‍ നേതാവിന്റെ വ്യക്തമായ പങ്കുണ്ടെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കരുണാപുരം, ചക്കുപ്പള്ളം, വണ്ടന്മേട് പഞ്ചായത്തുകളിലെ ചില സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത് അവസാന നിമിഷം തട്ടിക്കളയുകയായിരുന്നു. ജില്ലയിലെ പ്രബല ക്രൈസ്തവ സമൂഹത്തെ അവഗണിച്ച് നടത്തിയ ഈ നീക്കം കോണ്‍ഗ്രസ് നേതൃത്വത്തെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സഭാ

സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ യു.ഡി.എഫ്. നേതൃത്വം തീരുമാനിച്ചെങ്കിലും, അവസാനഘട്ടത്തില്‍ ചില നേതാക്കള്‍ ഏകപക്ഷീയമായി പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തി തങ്ങളുടെ സ്വന്തം നോമിനികളെ തിരുകിക്കയറ്റിയതായാണ് സഭയുടെ പരാതി.

ഇടുക്കിയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ നിര്‍ണായക സ്വാധീനമുള്ള കത്തോലിക്കാ സഭയുമായുള്ള ബന്ധം വഷളാക്കിയ കോണ്‍ഗ്രസ് നടപടിയെ അതീവ ഗൗരവത്തോടെയാണ് സഭാ നേതൃത്വം കാണുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പീരുമേട് അസംബ്ലി മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയാകാന്‍ തീവ്രശ്രമം നടക്കുന്നതിനിടെയാണ് ഈ വിവാദം.

സഭാ നേതൃത്വത്തിന്റെ ആവശ്യങ്ങള്‍ തള്ളി നീങ്ങിയ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കടുത്ത നടപടി സ്വീകരിക്കാന്‍ സഭാനേതൃത്വം തീരുമാനിച്ചതായാണ് ലഭിക്കുന്ന സൂചന. മണ്ഡലത്തില്‍ സഭയുടെ നിലപാട് നിര്‍ണ്ണായകമാണ്.

Tags:    

Similar News