രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി; ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എ വലിയ കുരുക്കില്‍; രാഹുലിനെ പൂര്‍ണ്ണമായും കൈവിടാന്‍ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്കും മുന്നണിക്കും വിവാദം ഉണ്ടാക്കിയ ഡാമേജ് തീര്‍ക്കാന്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ വീണ്ടും ബലാത്സംഗ പരാതി ഉയര്‍ന്നതോടെ രാഹുലിനെ പൂര്‍ണമായും കൈവിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ലഭിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കെപിസിസി നേതൃത്വ പരാതി ഡിജിപിക്ക് കൈമാറി. കെപിസിസിക്ക് പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെയാണ്. ഇതോടെ രാഹുലിനെതിരെ കൂടുതല്‍ നട പടികളിലേക്ക് കടക്കാനാണ് കെപിസിസി ആലോചന.
കെപിസിസി അധ്യക്ഷനാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരിക്കുന്നത്. നേരത്തെ പരാതി വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും പരാതി വന്നതോടെ പുറത്താക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. പരാതിയില്‍ കോണ്‍ഗ്രസിന് നടപടിയെടുക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിലാണ് പാര്‍ട്ടി പരാതി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. നിലവില്‍ ഒരു ബലാത്സംഗ പരാതിയില്‍ അന്വേഷണം നടക്കുന്നിതിനിടെയാണ് അടുത്ത പരാതി കെപിസിസിയ്ക്ക് ലഭിച്ചത്. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
കെപിസിസിക്ക് പരാതി അയച്ചതിന് പിന്നാലെ പെണ്‍കുട്ടി മാധ്യമ സ്ഥാപനങ്ങള്‍ക്കും പരാതി കൈമാറിയിരുന്നു. ക്രൈം ബ്രാഞ്ചിനോട് രാഹുലില്‍ നിന്ന് നേരിട്ട പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നുണ്ട്. രാഹുലിന്റെ കൂട്ടാളിയായ ഫെനി നൈനാന്‍ ബലാത്സംഗത്തിന് കൂട്ടു നിന്നതായും കത്തില്‍ പരാമര്‍ശമുണ്ട്.
ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എയ്ക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി സമാന ആരോപണവുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചതായും ജീവഭയം കാരണമാണ് ഇക്കാര്യം പൊലീസില്‍ പറയാതിരുന്നതെന്നും 23കാരിയുടെ പരാതിയില്‍ പറയുന്നു.
സാമൂഹിക മാധ്യമത്തിലൂടെയാണ് രാഹുലിനെ പരിചയപ്പെട്ടത്. കുടുംബത്തിന്റെ അനുമതിയോടെ വിവാഹത്തിന് തയ്യാറാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തുടര്‍ന്ന് സംസ്ഥാനത്തിന് വെളിയിലുള്ള തന്നെ കേരളത്തിലേക്ക് വിളിച്ചുവരുത്തി. നേരിട്ട് പരിചയപ്പെടാന്‍ എന്ന് പറഞ്ഞ് ഹോം സ്റ്റേയില്‍ എത്തിച്ചു. തുടര്‍ന്ന് ഹോം സ്റ്റേയില്‍ വച്ചായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഉറ്റ സുഹൃത്തായ ഫെനി നൈനാന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്നാണ് തന്നെ ഹോം സ്റ്റേയിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. മരുന്ന് നല്‍കിയ ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ വീണ്ടും പീഡിപ്പിച്ചു എന്നും പരാതിയില്‍ പറയുന്നു.
ഇതിന് ശേഷം താന്‍ ആരെയും വിവാഹം കഴിക്കില്ലെന്നും സൗഹൃദം നിലനിര്‍ത്തി പോകാനാണ് ആഗ്രഹിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാനസികമായി തകര്‍ന്ന തന്നോട് ഗര്‍ഭം ധരിക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു. പീഡനത്തെ തുടര്‍ന്ന് തനിക്ക് നിരവധി മുറിവുകള്‍ ഉണ്ടായി. സ്ത്രീവിരുദ്ധന്‍ ആയ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇനി ജനങ്ങളുമായി ഇടപെടാന്‍ അനുവദിക്കരുതെന്ന് അഭ്യര്‍ഥിച്ച് കൊണ്ടാണ് പരാതി അവസാനിക്കുന്നത്. തന്റെ ദുരനുഭവം സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. തന്റെ പരാതിയില്‍ സംശയം ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ചുമായി ബന്ധപ്പെടാവുന്നതാണെന്നും യുവതി പറയുന്നു.
