സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം കൈവിട്ടപ്പോള്‍ രാജിവെച്ചു; അന്ന് രാജി തള്ളിയത് പാര്‍ട്ടി; ഇപ്പോള്‍ വാവിട്ട വാക്കില്‍ പാലോട് രവിയുടെ കസേര തെറിച്ചപ്പോള്‍ പകരക്കാരന്‍ ആരെന്ന് എത്തും പിടിയുമില്ലാതെ കോണ്‍ഗ്രസ്; ഡിസിസി അധ്യക്ഷപദവിയില്‍ താല്‍ക്കാലിക ചുമതല ആര്‍ക്കും നല്‍കിയില്ല; പുതിയ ഡിസിസി അധ്യക്ഷന്‍മാരെ ഒരുമിച്ച് പ്രഖ്യാപിക്കാനും ആലോചന
സ്വന്തം പഞ്ചായത്തില്‍ പാര്‍ട്ടി ഭരണം കൈവിട്ടപ്പോള്‍ രാജിവെച്ചു
തിരുവനന്തപുരം: പാലോട് രവിയെന്ന കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടിക്ക് അപ്രതീക്ഷിത വെല്ലുവിളി സമ്മാനിച്ചു കൊണ്ടാണ് ഇപ്പോള്‍ പടിയിറങ്ങിയിരിക്കുന്നത്. വിവാദ ഫോണ്‍ സംഭാഷണത്തില്‍ കുടുങ്ങി രവി രാജിവെക്കുമ്പോള്‍ പകരക്കാരനെ കിട്ടാനില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസ് അധ്യക്ഷന് ആര് പകരക്കാരനാകും എന്നാണ് ഉയരുന്ന ചോദ്യം. രണ്ടാഴ്ച്ചക്ക് ശേഷം ഡിസിസി അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നാണ് നേതൃത്വം പറയുന്നത്. അങ്ങനെയെങ്കില്‍ ഒരുമിച്ച് പ്രഖ്യാപനം വരുമ്പോള്‍ ആ കൂട്ടത്തിലാകും പുതിയ അധ്യക്ഷനും തിരുവനന്തപുരത്ത് വരിക.
അതേസമയം താല്‍ക്കാലിക ചുമതലക്കാരനെ ഇന്ന് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ അടക്കമുള്ളതിനാല്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ഡിസിസി അധ്യക്ഷ സ്ഥാനത്തിനുള്ള രവിയുടെ രാജി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിവരം. ഫോണ്‍ സംഭാഷണം പുറത്തുവന്നതിനെ കുറിച്ച് വിശദീകരണക്കുറിപ്പുകള്‍ പാലോട് രവി നല്‍കിയെങ്കിലും രാജിക്കത്ത് നല്‍കാന്‍ കെപിസിസി അധ്യക്ഷന്‍ ആവശ്യപ്പെടുകയായിരുന്നു. എഐസിസി നിര്‍ദേശപ്രകാരമാണ് കെപിസിസി രാജി ആവശ്യപ്പെട്ടത്. പുതിയ ഡിസിസി അധ്യക്ഷന്‍ പുനഃസംഘടനക്കൊപ്പം തീരുമാനിക്കാനാണ് നിലവിലെ ആലോചന
എല്‍ഡിഎഫ് ഭരണം തുടരുമെന്നും കോണ്‍ഗ്രസ് എടുക്കാചരക്കാകുമെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാവിനോട് പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് ഇന്നലെ പുറത്തുവന്നത്. അപ്രതീക്ഷിതമായി വന്ന വിവാദത്തിനൊടുവില്‍ അതിവേഗമായിരുന്നു രാജി. വാമനപുരം ബ്ലോക്ക് സെക്രട്ടറി എ.ജലീലുമായി പാലോട് രവി നടത്തിയ ഫോണ്‍ സംഭാഷണമാണ് കുരുക്കായത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മൂന്നാം സ്ഥാനത്താകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ തല കുത്തി വീഴുമെന്നും പാലോട് രവി പറഞ്ഞത് നേതൃത്വത്തെയും അണികളെയും അമ്പരപ്പിച്ചു. പുല്ലമ്പാറ പഞ്ചായത്തില്‍ താഴെ തട്ടിലെ ഭിന്നത തീര്‍ക്കാന്‍ കൊടുത്ത സന്ദേശമെന്നാണ് പാലോട് രവി വിശദീകരിച്ചെങ്കിലും നേതൃത്വം മുഖവിലയ്‌ക്കെടുത്തില്ല. എഐസിസിയുമായി സംസ്ഥാന നേതാക്കളുമായും സണ്ണി ജോസഫ് കൂടിയാലോചന നടത്തി. സംഭാഷണം എഐസിസിയും പരിശോധിച്ചു. ഒടുവില്‍ കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങി. രാജിയില്ലെങ്കില്‍ നടപടി എന്ന സന്ദേശം നല്‍കി.
ഗുരുതര സംഘടനാപ്രതിസന്ധിയുള്ള തലസ്ഥാനത്തെ കോണ്‍ഗ്രസില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വം തിരിച്ചുവരവിനുള്ള പദ്ധതികള്‍ നടപ്പാക്കുമ്പോഴാണ് ജില്ലാ അധ്യക്ഷന്റെ രാജി. വിഡി സതീശനുമായി അടുപ്പത്തിലുള്ള നേതാവാണ് രവി. രവിയുടെ ശൈലിക്കെതിരെ ജില്ലയിലെ പാര്‍ട്ടിയില്‍ നേരത്തെ എതിര്‍പ്പുണ്ട്. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ പ്രസിഡന്റ് അടക്കം രാജിവെച്ചതിന് പിന്നാലെ രവി രാജിക്കത്ത് നല്‍കിയെങ്കിലും നേതൃത്വം തള്ളിയിരുന്നു. രവിയുമായി സംസാരിച്ച ജലീലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
രാജിക്കത്ത് കൈമാറിയതിനു പിന്നാലെ പാലോട് രവിയും സംഭാഷണം പുറത്തുവിട്ട പ്രാദേശിക നേതാവ് ജലീലുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ മുഴുവന്‍ രൂപം തിരുവനന്തപുരം ഡിസിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തള്ളിയിരുന്നു. സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ ഭരണം പോയതിന്റെ പിന്നാലെയാണ് പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു അന്ന് രാജിവച്ചത്. ധാര്‍മിക ഉത്തരവാദിത്തം എറ്റെടുത്തായിരുന്നു രാജി. എന്നാല്‍ പാലോട് രവിയുടെ രാജി വൈകാരികമാണെന്നും അദ്ദേഹത്തിന്റെ ഇതുവരെയുള്ള സേവനം മികച്ചതാണെന്നും ആയിരുന്നു അന്ന് കെപിസിസിയുടെ അഭിപ്രായം.
പാലോട് രവിയെ ഡിസിസി പ്രസിഡന്റ് ആക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചെയര്‍മാനായ പി.എസ്. പ്രശാന്ത് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്നത്. നെടുമങ്ങാട് മണ്ഡലത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ രവി ചരടുവലിച്ചു എന്നായിരുന്നു പ്രശാന്തിന്റെ ആരോപണം. പ്രാദേശിക എതിര്‍പ്പുകള്‍ മറികടന്നാണ് 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു പിന്നാലെ ഡിസിസി പ്രസിഡന്റായി പാലോട് രവിയെ കെപിസിസി നിയമിച്ചത്.
സംസ്ഥാന നേതാക്കളുമായി വ്യക്തിബന്ധം കാത്തുസൂക്ഷിച്ചിരുന്ന രവിക്ക് പലപ്പോഴും പ്രാദേശിക നേതാക്കളെ ഒരുമിച്ചുകൊണ്ടു പോകാന്‍ സാധിച്ചിരുന്നില്ല. പകരം ഡിസിസി അധ്യക്ഷനെ നിയമിക്കാതെയാണ് രവിയുടെ രാജി കെപിസിസി സ്വീകരിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം പുനഃസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് പുതിയ ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്.
മണക്കാട് സുരേഷ്, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേരുകളാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നത്. യുവാക്കളെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നാല്‍ കെ.എസ്. ശബരീനാഥന്‍, ജെ.എസ്. അഖില്‍ എന്നിവരുടെ പേരുകളും പരിഗണിച്ചേക്കാം. വീണ്ടും ഡിസിസി അധ്യക്ഷനാകാന്‍ താല്‍പര്യമില്ലെന്ന് വി.എസ്. ശിവകുമാര്‍ നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് എന്‍. ശക്തന്‍, മുന്‍ ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും താല്‍ക്കാലിക ചുമതല നല്‍കിയേക്കും എന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നത് അടക്കമുള്ള നടപടികള്‍ തുടരുന്നതിനാല്‍ ഡിസിസി അധ്യക്ഷ കസേര ഒഴിച്ചിടരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.