കരുവന്നൂരിലെ പ്രതിസന്ധി ഘട്ടത്തില്‍ ജില്ലാ കമ്മറ്റിയുടെ താക്കോല്‍ സ്ഥാനം പിണറായി ഏല്‍പ്പിക്കുന്നത് വിഎസിന്റെ പഴയ വിശ്വസ്തനെ; തൃശൂരിലും ജില്ലാ സെക്രട്ടറിയെ നിശ്ചയിച്ചത് സഖാക്കളുടെ മനസ്സ്; അബ്ദുള്‍ ഖാദറിന് തുണയായത് ജനകീയ പരിവേഷം മാത്രം; ജില്ലാ കമ്മറ്റിയിലും പുതുതായി എത്തിയത് ക്ലീന്‍ ഇമേജുകാര്‍; തൃശൂരില്‍ സിപിഎം മുഖം മാറുമ്പോള്‍
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായി കെ.വി അബ്ദുള്‍ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ ചേലക്കര എംഎല്‍എ യു.ആര്‍ പ്രദീപ് അടക്കം 10 പേര്‍ പുതുമുഖങ്ങളാണ്. പി.എം അഹമ്മദ് , സി. കെ വിജയന്‍ , എം.എം വര്‍ഗീസ് , ബി.ഡി ദേവസി , മുരളി പെരുനെല്ലി , പി.ആര്‍ വര്‍ഗീസ് എന്നിവരുള്‍പ്പെടെ ആറ് പേരെ ഒഴിവാക്കി. പാര്‍ട്ടി ഫണ്ട് മരവിപ്പിച്ചതുള്‍പ്പെടെയുള്ള വേട്ടയാടലുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് അബ്ദുള്‍ഖാദര്‍പറഞ്ഞു. യുവജന രംഗത്ത്കൂടി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കെ വി അബ്ദുള്‍ ഖാദര്‍ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവും എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമാണ്. പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാനുമാണ്.
2006 മുതല്‍ 2021 ഗുരുവായൂര്‍ എംഎല്‍എയായിരുന്നു അബ്ദുള്‍ഖാദര്‍. 1991 മുതല്‍ സിപിഐ എം ചാവക്കാട് ഏരിയ കമ്മറ്റിയംഗമാണ്. 1997 മുതല്‍ പാര്‍ട്ടി ഏരിയ സെക്രട്ടറിയായി. തുടര്‍ന്ന് സിപിഎം ജില്ലാ കമ്മറ്റിയംഗമായും സെക്രട്ടറിയേറ്റ് അംഗമായും മാറി. മത്സ്യതൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ പ്രസിഡന്റ്, ബീഡി വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1979ല്‍ കെഎസ്വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്. ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് വിഎസ് അച്യുതാനന്ദനോട് കൂടുതല്‍ അടുപ്പം കാട്ടിയ നേതാവ് കൂടിയാണ് അബ്ദുള്‍ ഖാദര്‍. കരുവന്നൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി തൃശൂരില്‍ പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തിലാണ് ക്ലീന്‍ ഇമേയുള്ള വിഎസിന്റെ പഴയ ശിഷ്യനെ തൃശൂരിന്റെ പാര്‍ട്ടി താക്കോല്‍ പിണറായി വിജയന്‍ ഏല്‍പ്പിക്കുന്നത്.
സിപിഎം ജില്ലാ സമ്മേളനത്തില്‍ സ്വാഭാവികമായി സഖാക്കളുടെ മനസ്സ് അംഗീകരിക്കപ്പെട്ട ജില്ലയായി തൃശൂര്‍ മാറുകയാണ്. വയനാടും കോഴിക്കോടും ആലപ്പുഴയിലും എല്ലാം സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമാണ് സമ്മേളനം അംഗീകരിച്ചത്. എന്നാല്‍ തൃശൂരിലെ സമ്മേളനത്തില്‍ അത്തരമൊരു കുടുംപിടിത്തം സംസ്ഥാന നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അതുകൊണ്ടാണ് ജനകീയ പരിവേഷമുള്ള അബ്ദുള്‍ ഖാദറിന് സിപിഎമ്മിന്റെ തൃശൂര്‍ ജില്ലയെ നയിക്കാനുള്ള നിയോഗമെത്തുന്നത്. എല്ലാ വിഭാഗങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുന്ന സൗമ്യനായ നേതാവാണ് അബ്ദുള്‍ ഖാദര്‍. തൃശൂരില്‍ ലോക് സഭയില്‍ ബിജെപി ജയിച്ചത് അടക്കമുള്ള വെല്ലുവിളികള്‍ സിപിഎമ്മിനുണ്ട്. ഇതെല്ലാം ജനകീയ ഇടപെടലുകളിലൂടെ അബ്ദുള്‍ ഖാദര്‍ മറികടക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രതീക്ഷ.
15 വര്‍ഷം കൊണ്ട് ഗുരുവായൂര്‍ മണ്ഡലത്തിന്റെ ചരിത്ര വികസനക്കുതിപ്പിന് മികവുറ്റ നേതൃത്വം നല്‍കിയ നേതാവാണ് അബ്ദുള്‍ ഖാദര്‍. 1979ല്‍ കെഎസ്വൈഎഫ് ബ്ലാങ്ങാട് യുണിറ്റ് സെക്രട്ടറിയായാണ് രംഗത്തെത്തിയത്. ദേശാഭിമാനിയുടെ ഗുരുവായൂര്‍ ലേഖകനായി 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1997 ജൂൂലൈയില്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന 14-ാം ലോക യുവജന സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐ പ്രതിനിധി സംഘാംഗമായി പങ്കെടുത്തു. റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഷെറീനയാണ് ഭാര്യ. മക്കള്‍: അഖില്‍ (സിനിമാ സഹ സംവിധായകന്‍), അജിഷ
പ്രവാസമേഖലകളില്‍ ദുരിതമനുഭവിക്കുന്ന നിരവധിപേരെ രക്ഷിക്കുന്നതിനും സഹായിക്കുന്നതിനും മുന്നില്‍ നിന്നു. നിരവധി ബഹുജനപ്രക്ഷോഭങ്ങള്‍ ഉയര്‍ത്തികൊണ്ടുവരികയും സംഘടിപ്പിക്കുകയും ചെയ്തു. കടപ്പുറം പഞ്ചായത്തിലെ ബ്ലാങ്ങാട് പരേതനായ കറുപ്പം വീട്ടില്‍ അബുവിന്റെയും പാത്തുവിന്റെയും മുത്തമകനാണ്. തൃശൂരില്‍ 46 അംഗ കമ്മിറ്റിയില്‍ 10 പേര്‍ പുതുമുഖങ്ങളാണ്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, ഡോ. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണന്‍, പുത്തലത്ത് ദിനേശന്‍, എം സ്വരാജ്, ഡോ. പി കെ ബിജു എന്നിവര്‍ പങ്കെടുക്കും.
കമ്മിറ്റി അംഗങ്ങള്‍:
കെ വി അബ്ദുള്‍ഖാദര്‍, യു പി ജോസഫ്, കെ കെ രാമചന്ദ്രന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, പി കെ ഡേവീസ്, പി കെ ഷാജന്‍, എ എസ് കുട്ടി, കെ എഫ് ഡേവീസ്, കെ വി നഫീസ, ടി കെ വാസു, ടി എ രാമകൃഷ്ണന്‍, ടി വി ഹരിദാസ്, ഡോ. ആര്‍ ബിന്ദു, പി എ ബാബു, പി കെ ചന്ദ്രശേഖരന്‍, സി സുമേഷ്, മേരി തോമസ്, എം കൃഷ്ണദാസ്, എം രാജേഷ്, പി കെ ശിവരാമന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, പി എന്‍ സുരേന്ദ്രന്‍, കെ വി രാജേഷ്, കെ കെ മുരളീധരന്‍, എം എന്‍ സത്യന്‍, കെ രവീന്ദ്രന്‍, കെ എസ് അശോകന്‍, എം എ ഹാരിസ് ബാബു, എ എസ് ദിനകരന്‍, ടി ശശീധരന്‍, എം ബാലാജി, എം കെ പ്രഭാകരന്‍, ഉഷ പ്രഭുകുമാര്‍, വി പി ശരത്ത് പ്രസാദ്, ഉല്ലാസ് കളക്കാട്ട്, കെ ആര്‍ വിജയ
പുതുമുഖങ്ങള്‍: കെ ഡി ബാഹുലേയന്‍, ടി ടി ശിവദാസന്‍, ടി കെ സന്തോഷ്, വി എ മനോജ്കുമാര്‍, എം എസ് പ്രദീപ്കുമാര്‍, എന്‍ എന്‍ ദിവാകരന്‍, കെ എസ് സുഭാഷ്, ഗ്രീഷ്മ അജയഘോഷ്, ആര്‍ എല്‍ ശ്രീലാല്‍, യു ആര്‍ പ്രദീപ്.