24 മണിക്കൂറിനുള്ളില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു വി ഡി സതീശന്‍ വാക്കുപാലിച്ചു; നിലമ്പൂരിലെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ച എങ്ങുമെത്തിയില്ല; സിറ്റിംഗ് സീറ്റില്‍ വിജയസാധ്യത കുറഞ്ഞതോടെ സ്വതന്ത്രനെ ഇറക്കിയുള്ള പതിവു പരീക്ഷണത്തിന് പാര്‍ട്ടി; പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന് മുന്‍ഗണന; ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന് മുന്‍ഗണന

Update: 2025-05-27 01:54 GMT

മലപ്പുറം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ വ്യക്തമാക്കിയത്. തന്റെ വാക്കുപാലിച്ച് സമയപരിധിക്കുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാഥിയെ പ്രഖ്യാപിച്ചു വി ഡി സതീശന്‍ വാക്കുപാലിച്ചു. സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫിന്റെ വിജയത്തിലേക്ക് നയിച്ചത് അധികം തര്‍ക്കങ്ങള്‍ക്ക് ഇടനല്‍കാത്ത സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നു. നിലമ്പൂരിലും കോണ്‍ഗ്രസ് ആ മികവ് കാണിച്ചു. എന്നാല്‍, കോണ്‍ഗ്രസില്‍ പൊട്ടിത്തെറി പ്രതീക്ഷിച്ചിരുന്ന സിപിഎമ്മിനെ നിരാശരാക്കുന്ന തീരുമാനമാണ് ഇന്നലെ യുഡിഎഫില്‍ ഉണ്ടായത്. ഇതോടെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ ഊര്‍്ജ്ജിതമാക്കി.

ഭരണപക്ഷത്തെ സംബന്ധിച്ചടത്തോളം അവരുടെ സിറ്റിംഗ് സീറ്റാണെങ്കിലും ഇക്കുറി വിജയസാധ്യത കുറവാണ്. അന്‍വറിന്റെ പണക്കൊഴുപ്പിലായിരുന്നു സിപിഎം ഇവിടെ രണ്ടു തവണ വിജയിച്ചത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലമല്ല. ഇതോടെ പൊതുസ്വതന്ത്രരുടെ വിഴയിലാണ് സിപിഎം നീങ്ങുന്നത്. ഇന്ന് നിലമ്പൂരില്‍ ചേരുന്ന മണ്ഡലം കമ്മിറ്റി യോഗം പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കും. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെയായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. പൊതുസ്വതന്ത്രനെ പരിഗണിക്കണം എന്നാണ് ഇതുവരെയുള്ള പാര്‍ട്ടി നിലപാട്. യു.ഷറഫലി, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, എം തോമസ് മാത്യു എന്നിവര്‍ ചര്‍ച്ചയിലുണ്ട്.

പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ എം.സ്വരാജിന്റെ പേരിനാകും പ്രഥമ പരിഗണന. ഡിവൈഎഫ്‌ഐ ജില്ലാപ്രസിഡന്റ് പി. ഷബീറിന്റെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. യുഡിഎഫിന് സ്ഥാനാര്‍ഥിയായ സാഹചര്യത്തില്‍ അധികം വൈകാതെ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. വെള്ളിയാഴ്ച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

അതേസമയം സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തില്‍ മുന്നിലെത്തുകയാണ് ഇനി യുഡിഎഫ് നീക്കം. ഇന്ന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനാണ് നീക്കം. ആര്യാടന്‍ മുഹമ്മദിന്റെ കബറിടം സന്ദര്‍ശിച്ച ശേഷം ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കണ്‍വെന്‍ഷന്‍ നിലമ്പൂരില്‍ നടക്കും. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാര്‍ഥിത്വത്തോടെ യുഡിഎഫില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കൂടി മുതലെടുക്കാന്‍ തക്ക സ്ഥാനാര്‍ഥി വേണമെന്ന് അഭിപ്രായത്തിലാണ് സിപിഎം. എന്നാല്‍, പ്രതീക്ഷിച്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാത്തത് അവരെ നിരാശപ്പെടുത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പുള്ള ക്വാര്‍ട്ടര്‍ ഫൈനലായി നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ പാര്‍ട്ടികള്‍ കാണുന്നത്. സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പുള്ള മത്സരം എത്തുന്നത് മഴക്കാലത്താണെങ്കിലും രാഷ്ട്രീയച്ചൂട് ഉയര്‍ന്നു നില്‍ക്കുമെന്ന് ഉറപ്പ്.

ഇടതു സ്വതന്ത്രനായ പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ഇടതു മുന്നണി വിട്ടതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ആര്യാടന്‍ മുഹമ്മദിന്റെ കുത്തകയായിരുന്ന മണ്ഡലം അന്‍വറിലൂടെയാണ് രണ്ടു തവണ സിപിഎം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെല്ലുവിളിച്ചാണ് അന്‍വര്‍ മുന്നണി വിട്ടതെന്നതിനാല്‍ ജയം സിപിഎമ്മിന് അനിവാര്യമാണ്. പരാജയപ്പെട്ടാല്‍ അന്‍വറിന്റെ സ്വീകാര്യത മണ്ഡലത്തില്‍ കുറഞ്ഞിട്ടില്ലെന്നും, നിലപാടുകള്‍ ജനം അംഗീകരിച്ചെന്നും വ്യാഖ്യാനിക്കപ്പെടാം.

തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ, മണ്ഡലം തിരിച്ചു പിടിക്കേണ്ടത് യുഡിഎഫിന്റെ രാഷ്ട്രീയ ആവശ്യമാണ്. പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങള്‍ക്കുശേഷമെത്തുന്ന സുപ്രധാന ദൗത്യം. പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെയുള്ള ഉപതിരഞ്ഞെടുപ്പിലെ ജയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനത്തിന് ഊര്‍ജം പകരും. മറിച്ചായാല്‍, മൂന്നാം വട്ടം തുടര്‍ഭരണമെന്ന സിപിഎം അവകാശവാദത്തിന് മുന്‍തൂക്കം ലഭിക്കാം. അത്തരം സാധ്യതകളിലേക്ക് കടക്കാതെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയെ ആദ്യം പ്രഖ്യാപിച്ചത്.

തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് പല അനുകൂലഘടകങ്ങളുണ്ടായിരുന്നു. സിറ്റിങ് സീറ്റല്ലാത്ത മണ്ഡലത്തിലാണ് ഇത്തവണ പോരാട്ടം. 1982ല്‍ ടി.കെ.ഹംസ മണ്ഡലം പിടിച്ചശേഷം പിന്നീട് സിപിഎം വിജയിക്കുന്നത് 2016ലാണ്, അന്‍വറിലൂടെ. അതുവരെ എല്ലാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്യാടനാണ് വിജയിച്ചത്. വോട്ടുകള്‍ക്കൊപ്പം അന്‍വറിന്റെ ജനകീയതയും എല്‍ഡിഎഫിനെ സഹായിച്ചിരുന്നു. അന്‍വര്‍ ഇല്ലാതെ ജയിക്കാന്‍ കഴിഞ്ഞാന്‍ മുന്നണിക്ക് അത് വലിയ നേട്ടമാകും. അന്‍വറിന്റെ രാഷ്ട്രീയ ഭാവികൂടിയാണ് മാറ്റുരയ്ക്കപ്പെടുന്നത്. വിജയിച്ചാല്‍ സിപിഎമ്മിനെതിരെ തന്റെ വാദങ്ങള്‍ ശരിയായിരുന്നു എന്ന് അന്‍വറിന് വാദിക്കാം.

Tags:    

Similar News