'മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരും'; പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖമാണ് പുറത്തുവന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍
കോഴിക്കോട്: കെപിസിസി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ്സിനെ രൂക്ഷമായി വിമർശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. ജനങ്ങളിൽ നിന്നും കോൺഗ്രസ് അകലുന്നുവെന്നും പുനഃസംഘടനയിലൂടെ കോണ്‍ഗ്രസിന്റെ ജീര്‍ണമുഖമാണ് പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ മാറ്റം ഏതെങ്കിലും തരത്തില്‍ കേരള രാഷ്ട്രീയത്തെ ബാധിക്കുന്ന ഘടകമല്ലെന്നും മൂന്നാംതവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ. സുധാകരന്‍ എത്ര പ്രകോപന സമീപനമെടുത്താലും പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍വരും. നിലവില്‍ ഇടതുമുന്നണിക്ക് ഒരു ആശങ്കയുമില്ല. വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് യുഡിഎഫിൻ്റ ശ്രമം. വര്‍ഗീയ ശക്തികളുടെ പിന്തുണയോടെ അധികാരത്തില്‍ വരാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ജമാഅത്തെ പോലുള്ള വർഗീയ ശക്തികളെ കൂട്ടു പിടിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കുമ്പോൾ കോൺഗ്രസ് അതിന് കുട പിടിക്കുന്നു. യുഡിഎഫ് ഇതിനെ തള്ളിപ്പറയുന്നില്ലെന്നും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി ജയിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു.
ലീഗിന്റെ രാഷ്ട്രീയനിലപാടില്‍ മാറ്റംവരുത്താന്‍ അവര്‍ തയ്യാറാണോ എന്ന് ചോദിച്ച എല്‍ഡിഎഫ് കണ്‍വീനര്‍, സിപിഎമ്മിന് ലീഗിനോട് കൃത്യമായ നിലപാടുണ്ടെന്നും അതുതുടരുമെന്നും വ്യക്തമാക്കി. സർക്കാരിൻ്റെ വാർഷിക ആഘോഷ പരിപാടി ഈ മാസം 13 പുനരാരംഭിക്കും. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നും എൽഡിഎഫ് കൺവീനർ മാധ്യമങ്ങളോട് പറഞ്ഞു.
എം സ്വരാജിനെതിരായ സൈബർ ആക്രമണത്തിലും ടി പി രാമകൃഷ്ണൻ പ്രതികരിച്ചു. സ്വരാജ് പറഞ്ഞത് യുദ്ധത്തിനെതിരായ പൊതുനിലപാടാണ്. സമൂഹമാധ്യമങ്ങൾ തെറ്റായ പ്രചരണത്തിന് ഉപയോഗിക്കുന്നു. മറ്റ് മാധ്യമങ്ങൾ സൂക്ഷ്മത പുലർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദ നിലപാടിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്നു. പാകിസ്ഥാന് എതിരായി ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. സമാധാന അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിതിനിര്‍ത്തല്‍ കരാര്‍ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.