സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് തള്ളി; എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം; കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും ടി പി രാമകൃഷ്ണന്‍
എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫ് തീരുമാനം
തിരുവനന്തപുരം: സിപിഐയുടെയും ആര്‍ജെഡിയുടെയും എതിര്‍പ്പ് മറികടന്ന് പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനം. ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം എടുത്തത്. ആക്ഷേപങ്ങളൊഴിവാക്കി മുന്നോട്ടുപോകണമെന്നും യോഗത്തില്‍ തീരുമാനിച്ചു.
സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ആര്‍.ജെ.ഡി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് എന്നിവര്‍ ബ്രൂവറി വിഷയത്തില്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്‌നം ഉണ്ടാകില്ലെന്നും സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണിതെന്നുമാണ് സിപിഎം സ്വീകരിച്ച നിലപാട്. കിഫ്ബി ടോളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും യോഗത്തില്‍ തീരുമാനിച്ചു. ഇടതുമുന്നണി യോഗം ഇന്ന് മൂന്ന് മണിക്കൂര്‍ നീണ്ടു. സ്വകാര്യ സര്‍വകലാശാല ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്തു.
കുടിവെള്ളത്തേയും കൃഷിയേയും ബാധിക്കില്ലെന്നും ബ്രൂവറി സര്‍ക്കാരിന്റെ ഭരണപരമായ നടപടിയെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 2023-2024-ല്‍ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്രൂവറി സ്ഥാപിക്കുകയെന്നത് സര്‍ക്കാരിന്റെ ഭരണപരമായ നടപടിയുടെ ഭാഗമാണെന്ന് ടി.പി.രാമകൃഷ്ണന്‍ വ്യക്തമാക്കി. അത് ആ നിലയില്‍ മുന്നോട്ടുപോവുകയാണ്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കുമോ എന്നെല്ലാമാണ് ആ ആശങ്കകള്‍. ഒരുതരത്തിലും ഇവ രണ്ടിനേയും ബാധിക്കാത്ത നിലയിലായിരിക്കണം ഇത്തരം പദ്ധതികള്‍ മുന്നോട്ടുപോകേണ്ടതെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാട് എന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകുന്ന നിലപാട് തന്നെയാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ വ്യത്യസ്തങ്ങളായ പാര്‍ട്ടികളുണ്ട്. അവര്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പറഞ്ഞെന്നിരിക്കും. അതെല്ലാം മുന്നണിയ്ക്കകത്ത് ചര്‍ച്ച നടത്തി ഏകീകരിച്ച് ധാരണയിലെത്തി നടപ്പിലാക്കുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന നിലപാട്. ജനങ്ങളോടാണ് എപ്പോഴും കൂട്ടുത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റി പ്രവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്.
കിഫ്ബി വന്‍കിട പദ്ധതികള്‍ക്കും ചെറുകിട പദ്ധതികള്‍ക്കും ഒരുപോലെ പണം ചെലവഴിക്കുന്നുണ്ട്. വന്‍കിട പദ്ധതികള്‍ക്കുവേണ്ടി ചെലവഴിക്കുമ്പോള്‍ അതുവഴി ധനം സമാഹരിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കാറുള്ളത്. കിഫ്ബിയുടെ സംരക്ഷണത്തിന് അതാവശ്യമാണ്. ടോളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. പരിഗണനയിലുള്ള വിഷയമാണെങ്കിലും സര്‍ക്കാരും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. സര്‍ക്കാര്‍ എല്ലാ വശവും പരിഗണിച്ച് തീരുമാനമെടുത്ത ശേഷമേ ആ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂ.
വരുമാനം ആര്‍ജിക്കുന്നതിനുള്ള സോഴ്‌സ് കണ്ടുപിടിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണമെന്ന് എല്‍.ഡി.എഫിന് അഭിപ്രായമുണ്ട്. കിഫ്ബി സംരക്ഷിക്കണം. അത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണ്. ഈ നിലപാടുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.