സിപിഐയെ അവഗണിക്കില്ല; ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും; 'പിഎം ശ്രീ' പദ്ധതി എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന് എം എ ബേബി; കേന്ദ്രഫണ്ട് വാങ്ങാന്‍ ഉറപ്പിച്ച നീക്കങ്ങള്‍ക്കിടെ മുന്നണി യോഗം വിളിച്ച് അനുസരിപ്പിക്കാന്‍ ഒരുങ്ങി സിപിഎം; ബിനോയ് വിശ്വവും കൂട്ടരും വീണ്ടും യുടേണ്‍ അടിക്കേണ്ടി വന്നേക്കും

സിപിഐയെ അവഗണിക്കില്ല; ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും

Update: 2025-10-21 09:41 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ 'പിഎം ശ്രീ' കേരളത്തില്‍ നടപ്പാക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകാന്‍ സിപിഎം. എന്നാല്‍, സിപഐയുടെ എതിര്‍പ്പ് മറികടക്കാന്‍ വഴികള്‍ തേടുകയാണ് പാര്‍ട്ടി. പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനെ കുറിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി വ്യക്തമാക്കി. സംസ്ഥാന ഘടകമെടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടും. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യസനയം ഒരു കാരണവശാലും കേരളം അംഗികരിക്കില്ലെന്നും എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു

'എങ്ങനെയാണ് വളരെയധികം സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമാകുന്ന വിധത്തില്‍ കേന്ദ്രഫണ്ട് വിനിയോഗിക്കാന്‍ കഴിയുക എന്നുള്ളത് പരിശോധിക്കുകയെന്നാണ് ഇതിനെക്കുറിച്ച് വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചത്. സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യും. സിപിഐയെ അവഗണിക്കുന്ന ഒരു സമീപനം അഖിലേന്ത്യാതലത്തിലോ സംസ്ഥാനതലത്തിലോ ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ ഇടുതുമുന്നണിക്കും സര്‍ക്കാരിനും കഴിയും. അവര്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമ്പോള്‍ അതില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ, അതുതന്നെ അംഗീകരിച്ചാല്‍ മതിയോ എന്നത് ദേശീയനേതൃത്വം ചര്‍ച്ച ചെയ്യും' -എംഎ ബേബി പറഞ്ഞു.

'പിഎം ശ്രീ'യില്‍ ഒപ്പിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയം സ്വന്തംനിലയ്ക്കു നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിക്കുകയാണ് ഉണ്ടായതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്നും എതിര്‍പ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

നിലപാട് കടുപ്പിച്ച് സിപിഐ രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് സിപിഎം. സിപിഐയുടെ യുവജന വിഭാഗവും വിദ്യാര്‍ഥി സംഘടനയും ഉള്‍പ്പെടെയുള്ള പോഷക സംഘടനകളും പി.എം.ശ്രീ പദ്ധതിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എഐഎസ്എഫ്, എഐവൈഎഫ്, എകെഎസ്ടിയു തുടങ്ങിയ സംഘടനകളാണ് പരസ്യപ്രതിഷേധവുമായി രംഗത്തുവന്നത്.

സിപിഐയുടെ എതിര്‍പ്പ് അതിരുവിട്ട് കൊമ്പുകോര്‍ക്കലായതോടെ ഇടതു മുന്നണി യോഗം വിളിച്ച് പ്രശ്‌നം പരിഹാരിക്കാമെന്ന നിലപാടിലേക്ക് നീങ്ങിയിക്കുകയാണ് സിപിഎം. നിലവിലെ സാഹചര്യത്തില്‍ പരസ്യ വിമര്‍ശനത്തോട് പ്രതികരിക്കേണ്ടെന്നാണ് സിപിഎം നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി സാന്നിധ്യത്തിലാവും യോഗം നടക്കുക.

പദ്ധതി ഉപേക്ഷിക്കുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് നഷ്ടമാകുന്നത് തിരിച്ചടിയാകുമെന്ന കാര്യമാവും സിപിഎം യോഗത്തില്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക. എന്നാല്‍, മന്ത്രിസഭയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ സിപിഎമ്മും വിദ്യാഭ്യാസ വകുപ്പും എടുത്ത തീരുമാനത്തെ തുറന്ന് എതിര്‍ക്കാന്‍ തന്നെയാകും സിപിഐ തീരുമാനം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നേരത്തെ സംഭവത്തില്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാലെ മന്ത്രിസഭ ചര്‍ച്ച ചെയ്തില്ലെന്ന് കാണിച്ച് സിപിഐയുടെ മന്ത്രി കെ. രാജനും പരസ്യ പ്രസ്താവന നടത്തിയിരുന്നു. ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ഒ.കെ. ജയകൃഷ്ണന്റെ 'പി.എം ശ്രീയിലെ കാണാചരടുകള്‍' ലേഖനം പ്രസിദ്ധീകരിച്ച് പാര്‍ട്ടി മുഖപത്രം 'ജനയുഗ'വും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്ത് വന്നു.

സംഘ് പരിവാര്‍ അജണ്ടയുടെ പേരില്‍ മാറ്റിവച്ച പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കുമ്പോള്‍ മോദി വിദ്യാഭ്യാസ നയം പൂര്‍ണമായി അംഗീകരിക്കേണ്ടി വരും. സംസ്ഥാന സര്‍ക്കാരുമായുള്ള ധാരണാ പത്രത്തിലെ ആദ്യത്തെ ഇനം എന്‍.ഇ.പി 2020 പൂര്‍ണതോതില്‍ സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും എന്നാണ്. ഈ സ്‌കൂളുകളുടെ പേരില്‍ പി.എം.ശ്രീ എന്ന് ചേര്‍ക്കും എന്നാണ് രണ്ടാമത്തെ ഇനം.

ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കുന്ന 14500 മാതൃകാ സ്‌കൂളുകള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ. ഈ സ്‌കൂളുകളില്‍ മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കും. അധ്യാപകര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയും നിരന്തരമായ മേല്‍നോട്ടം ഉറപ്പുവരുത്തിയും മികവിന്റെ കേന്ദ്രങ്ങളായി പി.എം ശ്രീ സ്‌കൂളുകളെ മാറ്റും. പ്രത്യേക ഫണ്ടില്‍ 60 ശതമാനം കേന്ദ്രം നല്‍കും. കേരളം, ബംഗാള്‍, തമിഴ്നാട് ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലും പി.എം ശ്രീ സ്‌കൂളുകള്‍ നിലവില്‍വന്നു കഴിഞ്ഞു.

ദേശീയ വിദ്യാഭ്യാസ നയം പൂര്‍ണമായി നടപ്പാക്കണമെന്ന നിര്‍ബന്ധത്തോടുള്ള വിയോജിപ്പാണ് ബംഗാളും തമിഴ്നാടും പദ്ധതിയില്‍ ചേരാതിരിക്കാനുള്ള കാരണം. ഈ പദ്ധതിയില്‍ ചേരാത്തതിനാല്‍ ഈ സംസ്ഥാനങ്ങള്‍ക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. തമിഴ്നാട് ഇതിനെ ചോദ്യംചെയ്ത് സുപ്രിംകോടതിയെ സമീപിച്ചപ്പോള്‍ കേരളം വൈകിയാണെങ്കിലും കേന്ദ്രത്തിന് മുമ്പില്‍ മുട്ടുമടക്കുകയാണ്. കേരളത്തിന് 1466 കോടി രൂപ എസ്.എസ്.എ ഫണ്ടില്‍ ലഭിക്കാനുണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചത്.

രാജ്യത്തൊട്ടാകെ 13070 സ്‌കൂളുകള്‍ ഇപ്പോള്‍ പി.എം ശ്രീ പദ്ധതിയിലുണ്ട്. 1311 പ്രൈമറിയും 3152 അപ്പര്‍ പ്രൈമറിയും 3214 സെക്കന്‍ഡറിയും 3856 ഹയര്‍ സെക്കന്‍ഡറിയും സ്‌കൂളുകളാണ് പദ്ധതിയിലുള്ളത്. 913 കേന്ദ്രീയ വിദ്യാലയങ്ങളും 620 ജവഹര്‍ നവോദയ വിദ്യാലയങ്ങളും പദ്ധയില്‍ ചേര്‍ന്നുകഴിഞ്ഞു. കേരളത്തിലെ 33 കേന്ദ്രീയ വിദ്യാലയങ്ങളും 14 നവോദയയും പദ്ധതിയുടെ ഭാഗമാണ്.

Tags:    

Similar News