തരൂര്‍ എഴുതുന്നതും പറയുന്നതും ഗ്രൗണ്ട് റിയാലിറ്റി അറിയാതെ; സ്വന്തം അഭിപ്രായം പറയേണ്ടത് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞിട്ട്; ലേഖനത്തിലെ ഉള്ളടക്കം തെറ്റെന്ന് എം എം ഹസന്‍
തരൂര്‍ എഴുതുന്നതും പറയുന്നതും ഗ്രൗണ്ട് റിയാലിറ്റി അറിയാതെ
തിരുവനന്തപുരം: വിവാദ ലേഖനത്തിന്റെ പശ്ചാത്തലത്തില്‍ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലപാടിന് വിരുദ്ധമായി സ്വന്തം അഭിപ്രായം പറയണമെങ്കില്‍, തരൂര്‍ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിയണമെന്ന് എം.എം. ഹസന്‍ വ്യക്തമാക്കി. ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ് തരൂര്‍ ഓരോന്നും എഴുതുന്നതും പറയുന്നതും. മണ്ഡലത്തില്‍ അന്വേഷിച്ചാല്‍ തന്നെ തരൂരിന് സ്വന്തം വാദം ശരിയാണോ തെറ്റാണോ എന്ന് അറിയാന്‍ പറ്റുമെന്നും എം.എം. ഹസന്‍ ചൂണ്ടിക്കാട്ടി.
ലേഖനത്തിലെ ഉള്ളടക്കം തെറ്റ് ആണ്. സ്വന്തം മണ്ഡലത്തില്‍ പുതിയ സംരംഭങ്ങള്‍ക്കായി അപേക്ഷ കൊടുത്ത ആളുകള്‍ എത്ര കാലം കാത്തിരിക്കുന്നുവെന്ന് അന്വേഷിച്ചിട്ട് ലേഖനം എഴുതിയിരുന്നെങ്കില്‍ തരൂരിന്റെ അഭിപ്രായത്തോട് യോജിക്കുമായിരുന്നുവെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ, ആന്റണി സര്‍ക്കാറിന്റെ വ്യവസായ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് യു.ഡി.എഫ് നേതാവും മുന്‍ വ്യവസായ മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി ശശി തരൂരിന് മറുപടി നല്‍കിയത്. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ നയമല്ല ഒരു കാലത്തും ഇടത് സര്‍ക്കാറുകളുടെതെന്നും അവരുടേത് പൊളിച്ചടുക്കല്‍ നയമാണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ വ്യവസായഭൂപടം മാറ്റിവരച്ചത് ആന്റണി സര്‍ക്കാറാണ്. പല ലോകോത്തര ആശയങ്ങളും കേരളത്തിലെത്തിച്ചത് ആന്റണി സര്‍ക്കാറാണ്. കിന്‍ഫ്ര കൊണ്ടുവന്നത് യു.ഡി.എഫ് സര്‍ക്കാറാണ്. പില്‍ക്കാലത്ത് കേരളത്തില്‍ വന്ന വ്യവസായങ്ങളില്‍ 90 ശതമാനവും കിന്‍ഫ്ര പാര്‍ക്കിനകത്താണെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.
വിമാനത്താവളങ്ങള്‍ക്കുള്ള ഭൂമി പോലും നേടിയെടുത്തത് ഈ കിന്‍?ഫ്രയാണ്. അക്ഷയ കേന്ദ്രങ്ങളും ഇന്‍ഫോപാര്‍ക്കും തുടങ്ങിയതും യു.ഡി.എഫ് സര്‍ക്കാറുകളാണ്. താന്‍ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് വലിയ മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായത്തിന് അനുകൂലമായ പദ്ധതികളെ കുറിച്ച് ഗൗരവമായി ആലോചിച്ചു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇപ്പോള്‍ കൊട്ടിഘോഷിച്ചു കൊണ്ടു നടക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാന്‍ യോഗ്യരായ എന്‍ജിനീയര്‍മാര്‍ വേണം. അതിനുള്ള ശ്രമവും നടത്തിയത് യു.ഡി.എഫ് ആണ്. സ്വകാര്യ എന്‍ജിനീയറിങ് കോളജുകള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ രക്തരൂക്ഷിത സമരങ്ങള്‍ ജനങ്ങള്‍ക്ക് ഇന്നും ഓര്‍മയുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
ശശി തരൂരിന്റെ ലേഖനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ളവര്‍ നടത്തിയത്. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശന്‍ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.