പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നല്‍കുന്ന നിലപാട് ഇന്ത്യ തിരുത്തണം; ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സില്‍ എം വി ഗോവിന്ദന്‍
പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നല്‍കുന്ന നിലപാട് ഇന്ത്യ തിരുത്തണം
കോഴിക്കോട്: ഫലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യക്ക് മൗനാനുവാദം നല്‍കുന്ന നിലപാടില്‍നിന്ന് ഇന്ത്യ പിന്തിരിയണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സ്ത്രീകളും കുട്ടികളുമടക്കം എഴുപതിനായിരത്തോളം ഫലസ്തീനികളെ കൊന്നൊടുക്കിയ ഇസ്രയേലിനെതിരെ ലോകജനതയാകെ പ്രതിഷേധിക്കുകയാണ്.
ഗാസയെ ഇല്ലാതാക്കി ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് അമേരിക്കയും ആ പ്രദേശം വില്‍പ്പന നടത്തുമെന്ന് ഇസ്രയേലും പറയുന്നു. ആ നിലപാടുകള്‍ക്കെതിരെ ഇന്ത്യ പ്രതികരിക്കുന്നില്ല എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി മുതലക്കുളത്ത് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്ത് എം വി ഗോവിന്ദന്‍ പറഞ്ഞു.
ഫലസ്തീന് പരമാധികാരം വേണമെന്ന് വാദിച്ചവരാണ് മഹാത്മാഗാന്ധിയടക്കമുള്ള രാഷ്ട്രനേതാക്കള്‍. യാസര്‍ അറാഫത്തിനെ രാഷ്ട്രത്തലവനായി ഇന്ത്യ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പലസ്തീന്‍ ജനതയ്ക്ക് ഒപ്പമെന്ന നിലപാടില്‍നിന്ന് ഇന്ത്യ പൂര്‍ണമായി മാറിയിരിക്കുകയാണ്. സാമ്രാജ്യത്വ ശക്തികള്‍ക്ക് കീഴടങ്ങിയ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് നമുക്ക് അപമാനമാണ്. സമാധാനത്തിനായുള്ള പോരാട്ടമാണ് ലോകമാകെ ഉയരുന്നത്.
ജനകീയ പ്രസ്ഥാനങ്ങളാകെ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ തെറ്റായ നിലപാടും ശക്തമായ പ്രതിഷേധത്തിലൂടെ തിരുത്തിക്കാനാകണം. മനുഷ്യത്വമുള്ളവര്‍ ഇന്ത്യയുടെ ഇൗ നിലപാടിനെതിരാണ്. പലസ്തീന്‍ ജനതയുടെമേല്‍ പതിക്കുന്ന ഓരോ ബോംബും ചില്ലും നമ്മുടെ ശരീരത്തിലാണ് പതിക്കുന്നതെന്ന ബോധ്യത്തോടെ അവരോട് ഐക്യപ്പെടാന്‍ നമുക്കാകണം. ആ ആത്മവികാരത്തോടെ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം പി സന്തോഷ് കുമാര്‍ എംപി, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, പി ടി എ റഹീം, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മോഹനന്‍, കെ കെ ലതിക, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സിപിഐ ജില്ലാ സെക്രട്ടറി പി ഗവാസ്, നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, സാലി കൂടത്തായി, എം അബ്ദുള്ള, ടി എം ജോസഫ് എന്നിവരും പങ്കെടുത്തു.