'ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു'; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍

ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു

Update: 2025-07-11 12:31 GMT

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയതിന് പിന്നാലെ സിപിഎം അവര്‍ക്കെതിരെ ശക്തമായി പ്രചരണവുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ജമാഅത്തെ ഇസ്ലാമിക്കെതിരെ വീണ്ടും രംഗത്തുവന്നിരിക്കയാണ് സിപിഎം. സിപിഎമ്മിനെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മീഡിയ വണ്‍ ചാനലിനെതിരെ നിയമ നടപടിക്കാണ് സിപിഎം ഒരുങ്ങുന്നത്.

ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. എന്‍ഡിഎഫിന് എതിരായ മുന്‍ എംഎല്‍എ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു. ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ഇല്ലാക്കഥ പ്രചരിപ്പിക്കുന്നു എന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു.

കണ്ണന്റേത് മതവിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്നതിന് എതിരെയുള്ള സബ്മിഷന്‍ ആയിരുന്നു. എന്‍ഡിഎഫിന് എതിരായിരുന്നു ആ സബ്മിഷന്‍. മത സ്പര്‍ധ ഉണ്ടാക്കാനുള്ള പരിശ്രമങ്ങളാണ് ഇതിന്റെ പേരില്‍ മീഡിയാ വണ്‍ നടത്തുന്നത്. ഇതൊക്കെ കൊണ്ടാണ് മീഡിയാ വണ്ണിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പറയുന്നത് എന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്നതിന് ഇടയാക്കുന്ന രീതിക്കാണ് നിയമസഭയില്‍ എംഎല്‍ എ ആയിരുന്ന കണ്ണന്‍ പരിശ്രമിച്ചത് എന്ന പ്രചരണമാണ് നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കുന്നതിന് എതിരെ ഉള്ള സബപ്മിഷനാണ് എന്‍ഡിഎഫ് എന്ന പേരു പറഞ്ഞുകൊണ്ടുതന്നെ നടത്തിയത്. ആ എന്‍ഡിഎഫ് എന്ന പേര് മാറ്റി മലപ്പുറത്തേയും അതുപോലെ മുസ്ലിം ജനവിഭാഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് ഇതിലൂടെ മീഡിയ വണ്‍ നടത്തുന്നത്. മതപരമായ വിഭജനം മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത്.

മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോകുന്നതിനുള്ള അതിന്റെ ഉള്ളടക്കം തെറ്റായി വ്യഖ്യാനിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്ന നിലപാട് അപലപിക്കപ്പെടേണ്ടതാണ് എന്നും ഗോവിന്ദന് മാഷ് വ്യക്തമാക്കി. മതരാഷ്ട്രമുണ്ടാക്കാനും മറ്റു മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ജമാഅത്തെ ഇസ്ലാമിയുടെത്. അവരുടെ പ്രത്യയശാസ്ത്രത്തില്‍ അന്യ മതവിഭാഗങ്ങളോട് ശത്രുതാപരമായ നിലപാടാണ് കൈക്കൊള്ളുന്നത്. ജമാഅത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനമാണെന്നും ഗോവിന്ദന്‍ പറഞ്ഞു.

സര്‍ക്കാര്‍ വികസനക്കുതിപ്പിലാണ്. വൈജ്ഞാനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ളത്. കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ മികവിന് നീതി ആയോഗിന്റെ പ്രത്യേക പരാമര്‍ശം ഉണ്ടെന്നും ഗോവിന്ദന്‍ ഓര്‍മപ്പെടുത്തി. വിദ്യാര്‍ഥി സമരം കേരളത്തിന്റെ നേട്ടങ്ങളെ സംരക്ഷിക്കാനും മതനിരപേക്ഷത നിലനിര്‍ത്താനും വേണ്ടിയുള്ള പോരാട്ടമാണ്.

ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ 3 എണ്ണം കേരളത്തിലാണ്. ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി കാവിവല്‍ക്കരണം നടത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. വൈസ് ചാന്‍സലര്‍മാര്‍ സംഘപരിവാര്‍ വേദികളില്‍ മുഖ്യ അതിഥികളായി മാറുന്നു, ഇത് കേരളത്തിന് അപരിചിത സാഹചര്യമെന്നും എം.വി. ഗോവിന്ദന്‍ വിമര്‍ശിച്ചു.

കീം ഫലം പ്രഖ്യാപനത്തില്‍ കേരളത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള തീരുമാനത്തിന് കോടതിയുടെ പിന്തുണ ലഭിക്കില്ലെന്നാണ് മനസിലാകുന്നത്. കേരള സിലബസ് പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ നഷ്ടമാണ് ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Tags:    

Similar News