സിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ രാജിവച്ചു; നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലെത്തി; ശോഭ കെടുത്തുന്ന നീക്കത്തില്‍ കെ മുരളീധരന് കടുത്ത അതൃപ്തി

സിപിഎമ്മിനെയും കടത്തിവെട്ടി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഞെട്ടിച്ചപ്പോള്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

Update: 2025-11-06 11:53 GMT

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ നേരത്തെ പ്രഖ്യാപിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനുള്ള തന്ത്രങ്ങള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയെ തുടര്‍ന്ന് നേമം മണ്ഡലം കോര്‍കമ്മിറ്റി ചെയര്‍മാന്‍ മണക്കാട് സുരേഷ് രാജിവച്ചു.

നേമം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള ഭിന്നതയാണ് രാജിയിലേക്ക് നീണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേമത്ത് ഷജീറിനെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് മണക്കാട് സുരേഷ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. അതേസമയം മണക്കാട് സുരേഷിന്റെ തീരുമാനത്തില്‍ കടുത്ത തൃപ്തിയിലാണ് കെ മുരളീധരന്‍. പാര്‍ട്ടിയുടെ മുന്നൊരുക്കത്തിന്റെ ശോഭ കെടുത്തുന്നതാണ് മുതിര്‍ന്ന നേതാവിന്റെ അതൃപ്തിയെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ പട്ടിക പുറത്തിറക്കി പ്രചാരണരംഗത്ത് മുന്നേറാന്‍ കോണ്‍ഗ്രസ് കോപ്പുകൂട്ടുന്നതിനിടെയാണ് ഭിന്നത പരസ്യമാകുന്നത്. 101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ ആകെ 63 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട പട്ടികയിലാണ് നേമത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷനായ നേമം ഷജീര്‍ ഇടം പിടിച്ചത്. കോര്‍പറേഷനിലെ ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഡിവിഷനാണ് നേമം. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്ത് എത്തുന്നത് യുവ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

അതേസമയം 101 സീറ്റുകളുള്ള കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് ആകെ 63 സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നേ പട്ടിക പുറത്തിറക്കി പ്രചാരണരംഗത്ത് മുന്നേറാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ച 15 അംഗ പട്ടികയിലെ പ്രധാനി യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷനായ നേമം ഷജീര്‍ ആണ്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള നേമം വാര്‍ഡിലാണ് ഷജീര്‍ ജനവിധി തേടുന്നത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ നേരിട്ട് മത്സരരംഗത്ത് എത്തുന്നത് യുവ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

കെപിസിസി കലാ-സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മണ്ണാമ്മൂല രാജേഷ് ആണ് തുരുത്തുംമൂല വാര്‍ഡിലെ സ്ഥാനാര്‍ഥി. സാംസ്‌കാരിക രംഗത്തുള്ളവരുടെ പിന്തുണ ഉറപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും പൊതുരംഗത്ത് പരിചയസമ്പന്നരായവരെ രംഗത്തിറക്കുന്നത് മത്സരത്തിന് ചൂടുപകരുമെന്നും പാര്‍ട്ടി കരുതുന്നു.

ഈ പട്ടികയില്‍ യുവജന നേതാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. മണ്ണന്തലയിലെ സിറ്റിങ് കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബുവിനെ അവരുടെ സ്വീകാര്യത കണക്കിലെടുത്ത് വീണ്ടും പരിഗണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി കെ ശൈലജ (ചെമ്പഴന്തി), ഹേമ സിഎസ് (കരുമം), ഐ രഞ്ജിനി (വെള്ളാര്‍), രേഷ്മ യുഎസ് (കളിപ്പാന്‍കുളം), വിജി പ്രവീണ സുനില്‍ (അമ്പലത്തറ) എന്നിവരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സംവരണ വാര്‍ഡുകള്‍ക്ക് പുറമെ പൊതു വാര്‍ഡുകളിലും സ്ത്രീകള്‍ക്ക് അവസരം നല്‍കാനുള്ള കോണ്‍ഗ്രസ് നിലപാടിന്റെ തുടര്‍ച്ചയാണിത്.

ആദ്യ ഘട്ടത്തില്‍ 48 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, രണ്ടാം ഘട്ടത്തില്‍ 15 പേരെക്കൂടി പ്രഖ്യാപിച്ചതോടെ ആകെ സ്ഥാനാര്‍ഥികളുടെ എണ്ണം 63 ആയി. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 51 സീറ്റുകള്‍ ലക്ഷ്യമിട്ടുള്ള ശക്തമായ നീക്കമാണ് പാര്‍ട്ടി നടത്തുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. തലസ്ഥാന നഗരസഭയുടെ ഭരണം തിരിച്ചുപിടിക്കാനുള്ള അണിയറ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്.

പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ വളരെ നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണരംഗത്ത് കോണ്‍ഗ്രസ് വ്യക്തമായ മുന്‍തൂക്കം നേടിക്കഴിഞ്ഞു. മറ്റ് മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ തുടരുമ്പോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പല വാര്‍ഡുകളിലും വീടുകയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഈ നീക്കം പ്രതിപക്ഷത്തിന് സമ്മര്‍ദം ഉണ്ടാക്കിയിട്ടുണ്ട്.

Tags:    

Similar News